സൂറിച്ച്: യുക്രൈനിലെ സൈനിക നടപടിയിൽ റഷ്യക്കെതിരെ കടുത്ത ഉപരോധ നടപടികൾക്കിടെ കായികലോകത്തും കനത്ത തിരിച്ചടി. മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകളെ വിലക്കാൻ വേൾഡ് അത്ലറ്റിക്‌സ് തീരുമാനിച്ചു. വേൾഡ് അത്ലറ്റിക്‌സ് ഭരണസമിതി യോഗം ചേർന്നാണ് അത്ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്.

റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള എല്ലാ അത്ലറ്റുകൾക്കും സപ്പോർട്ട് സ്റ്റാഫിനും ഒഫീഷ്യലുകൾക്കും ലോക അത്ലറ്റിക്‌സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും. വിലക്ക് പ്രാബല്യത്തിൽ വന്നതായി വേൾഡ് അത്ലറ്റിക്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോകത്തെ മുഴുവൻ റഷ്യയും സഖ്യ രാജ്യമായ ബെലാറസും ഭീതിയിലാഴ്‌ത്തിയെന്ന് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വേൾഡ് അത്ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം ഒഴിവാക്കാൻ ലോക നേതാക്കൾ ശ്രമിച്ചെങ്കിലും റഷ്യയുടെ കടുംപിടുത്തമാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും കോ കുറ്റപ്പെടുത്തി.

വിവിധ രാജ്യങ്ങളും കമ്പനികളും സ്ഥാപനങ്ങലുമെല്ലാം ഏർപ്പെടുത്തിയിട്ടുള്ള മുമ്പെങ്ങുമില്ലാത്ത ഉപരോധങ്ങൾ മാത്രമാണ് റഷ്യയെ സമാധാനത്തിന്റഎ പാതയിൽ തിരിച്ചെത്തിക്കാനുള്ള മാർഗമെന്നും കോ പറഞ്ഞു. ഒരു രാജ്യത്തിന്റെ നടപടിയുടെ പേരിൽ കായികതാരത്തിന് വിലക്കേർപ്പെടുത്തുന്നത് എത്രമാത്രം ദുഃഖകരമാണെന്ന് തനിക്ക് അറിയാമെങഅകിലും ഇവിടെ വേറെ മാർഗമില്ലായിരുന്നുവെന്നും കോ പറഞ്ഞു.

ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യൻ ഫെഡറേഷനെ 2015 മുതൽ വേൾഡ് അത്ലറ്റിക്‌സ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ റഷ്യക്ക് നിലവിൽ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനോ റഷ്യൻ പതാകക്ക് കീഴിൽ കായികതാരങ്ങൾക്ക് മത്സരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. അംഗീകൃത നിഷ്പക്ഷ കായികതാരം എന്ന ലേബലിലാണ് നിലവിൽ റഷ്യൻ താരങ്ങൾ മത്സരിച്ചിരുന്നത്. എന്നാൽ ഈ വർഷം ഈ പദവി ലഭിച്ചവർക്കും വേൾഡ് അത്ലറ്റിക്‌സിന്റെ മത്സരങ്ങളിൽ പങ്കെകെടുക്കാനാവില്ല.

വേൾഡ് അത്ലറ്റിക്‌സ് വിലക്ക് പ്രാബല്യത്തിലായതോടെ ഈ വർഷം ഒറീഗോണിൽ നടക്കുന്ന വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ബെൽഗ്രേഡിൽ നടക്കുന്ന വേൾഡ് അത്‌ലറ്റിക്‌സ് ഇൻഡോർ ചാമ്പ്യൻഷിപ്പിലും മസ്‌കറ്റിൽ ഈ മാസം നാലിന് ആരംഭിക്കുന്ന വേൾഡ് അത്ലറ്റിക്‌സ റേസ് വാക്കിങ് ടീം ചാമ്പ്യൻഷിപ്പിലും റഷ്യയുടെയും ബെലാറസിന്റെയും താരങ്ങൾക്ക് പങ്കെടുക്കാനാവില്ല. ബെലാറസ് ഫെഡറേഷനെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദ്ദേശം അടുത്ത ആഴ്ച ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നും വേൾഡ് അത്ലറ്റിക്‌സ് വ്യക്തമാക്കി.

നേരത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കാൻ ഫിഫയും യുവേഫയും ലോക ബാഡ്മിന്റൺ ഫെഡറേഷനും സ്‌കീയിങ് ഫെഡറേഷനും തീരുമാനിച്ചിരുന്നു. റഷ്യയെ എല്ലാതരം കായിക മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും നിർദേശിച്ചിരുന്നു.