ന്യൂഡൽഹി: നാലു ദിവസം നീണ്ടു നിൽക്കുന്ന ആറാം ലോക ആയുർവേദ കോൺഗ്രസ്സിന്  ഡൽഹി പ്രഗതി മൈതാനിയിൽ  ഇന്ന്  തുടക്കം. ആയുഷിന്റെ മേൽനോട്ടത്തിൽ നടത്തപെടുന്ന പരിപാടി ലോക സഭാ സ്പീക്കർ സുമിത്രാ മഹാജാൻ ഔപചാരിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സമാപന ചടങ്ങിൽ പ്രധാന മന്ത്രി  നരേന്ദ്ര മോദി പങ്കെടുക്കുകയും ചെയ്യുന്നതായിരിക്കും. ഡൽഹി സർക്കാർ, ലോക ആയുർവേദ ഫൗണ്ടേഷൻ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങിയവയുടെ സംയുക്ത സംരംഭമായാണ് നാലു ദിവസത്തെ ലോക ആയുർവേദ കോൺഗ്രസ്സ് സംഘടിപ്പിക്കുന്നത്.

ആദ്യദിവസമായ ഇന്ന് ആരോഗ്യപ്രശ്‌നങ്ങളും അവയ്ക്കുള്ള വിവിധതരം ചികിത്സകളും എന്ന പൊതു പരിപാടി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡി.പി.ആർ. കൃഷ്ണ കുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംസാരിക്കുന്നതായിരിക്കും.  പരിപാടിയിൽ ആയുർവ്വേദ , യോഗ, പ്രഗൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയ ചികിത്സകളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ അതാതു രംഗത്തെ പ്രമുഖർ പൊതു ജനങ്ങൾക്ക് വിവരണം നൽകുന്നതായിരിക്കും. ആയുർവേദ രംഗത്തെ ചെലവ് കുറഞ്ഞ ചികിത്സാ സംരംഭത്തെ മുഖ്യധാരാ പൊതുജനാരോഗ്യ സംവിധാനവുമായി  ബന്ധപെടുത്തി സമ്പൂർണ്ണ ആരോഗ്യ പരിരക്ഷയായി എല്ലാവർക്കും ആരോഗ്യം എന്ന ആഗോള പ്രചാരണത്തെ ശക്തിപെടുത്തുക എന്നതാണ് പരമ പ്രമപ്രദാനമായ  ലക്ഷ്യം. ആയുഷ് വിഭാഗത്തിലെ സ്റ്റാളുകളിൽ ഡോക്ടർമാർ രോഗികൾക്കായി സൗജന്യ ചികിത്സയും സൗജന്യ ഔഷധ വിതരണവും നടത്തുന്നതായിക്കും. അതു  പോലെ തന്നെ തത്സമയ സൗജന്യ യോഗ സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.

സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി  ഏകദേശം നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന  പരിപാടിയിൽ അമേരിക്ക, ഇറ്റലി, റഷ്യ, ശ്രീലങ്ക, ജർമനി, അർജന്റീന, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ  തുടങ്ങി ഇരുപത്തി നാലോളം രാജ്യങ്ങളിൽ നിന്നുമായി ഇരുനൂറിൽ പരം രാജ്യാന്തര പ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയിലെ പാരമ്പര്യ വൈദ്യന്മാരുടെ മഹാ സംഗമം  ഒൻപതിന്  കേന്ദ്ര പട്ടികക്ഷേമ വകുപ്പ് മന്ത്രി  ജുവൽ ഓറം ഉദ്ഘാടനാം ചെയ്യുകയും തുടർന്നു നടക്കുന്ന ആയുർവേദത്തിലെ ആഗോള മുന്നേറ്റങ്ങളും സാധ്യതകളും എന്ന വിഷയത്തിലുള്ള  പ്രഥമ സെഷനിൽ  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കുകയും ചെയ്യുന്നതായിരിക്കും.

ഇന്ത്യയിലെ ഏഴു ആയുർവേദ സർവകലാശാലകളും, 270 ആയുർവേദ കോളേജുകളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ ഇവിടുത്തെ ആയുർവേദ രംഗത്തു പ്രവർത്തിക്കുന്ന  പ്രമുഖ വൈദ്യന്മാർ, പാരമ്പര്യ വൈദ്യന്മാർ, ഔഷധ  നിർമ്മാതാക്കൾ, ഔഷധ സസ്യ കർഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. അത് പോലെ തന്നെ സർക്കാർ തലത്തിലുള്ള ആയുഷിനു പുറമേ  കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി, കോട്ടക്കൽ ആര്യ വൈദ്യശാല, വൈദ്യ രത്‌നം ഔഷധശാല, ശങ്കർ ഫാർമസി, ഡാബർ, ഇമാമി, ഹിമാലയ,  ധാത്രി തുടങ്ങിയ ഈ  മേഖലയിലെ പ്രമുഖരായ വ്യവസായ സംരംഭകരും സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.