ന്യൂഡൽഹി: അമേരിക്കയിലെ സിലിക്കൺ വാലിയാണ് വിവര സാങ്കേതികവിദ്യയുടെ ആസ്ഥാനം. ആ പദവി തട്ടിപ്പറിച്ചെടുക്കുന്ന രീതിയിൽ പുരോഗമിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് വ്യക്തമാക്കി ലോകബാങ്ക്. എന്നാൽ ഇതിനായി ഇന്ത്യ കുറച്ചുകൂടി വളരേണ്ടതുണ്ടെന്നും ഇക്കോ സിസ്റ്റത്തിൽ ഉൾപ്പെടെ ക്രിയാത്മകവും ശക്തവുമായ പൊളിച്ചുപണി ഉണ്ടാവണമെന്നും വ്യക്തമാക്കിയാണ് ലോകബാങ്ക് ഇത്തരമൊരു വിലയിരുത്തൽ നടത്തുന്നത്.

ആഗോള ടെക് ഭീമന്മാരുടെ ആസ്ഥാനമാണ് യുഎസിലെ സിലിക്കൺ വാലി. ആ നിലവാരത്തിലേക്ക ഉയരാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അഞ്ചു വർഷത്തിനകം ആ നേട്ടം കൈവരിക്കുമെന്നും ആണ് ലോക ബാങ്ക് വിലയിരുത്തൽ. ഇന്ത്യ വികസന പാതയിലാണെന്ന സൂചനകൂടി നൽകുന്ന റിപ്പോർ്ട്ട് നരേന്ദ്ര മോദി സർക്കാരിന് വലിയ മേൽക്കൈയാണ് നൽകുന്നത്. വികസ്വര രാജ്യങ്ങളിലെ വളർച്ച വിലയിരുത്തുന്ന പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന വിവരം ലോകബാങ്ക് പങ്കുവയ്ക്കുന്നത്. യുവാക്കളാണ് കരുത്തെന്ന് ഊന്നിപ്പറയുന്ന റിപ്പോർട്ട് യുവത്വത്തിനു വലിയ പ്രതീക്ഷ നൽകുന്നതുമാണ്.

എന്നാൽ അത്തരമൊരു സ്ഥിതിയിൽ എത്തുന്നതിന് താഴ്ന്ന വരുമാനമുള്ള രാജ്യത്തിൽനിന്ന് ഉയർന്ന വരുമാനമുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ ഇന്ത്യ അതിവേഗം വളർച്ചയിലേക്ക് കുതിക്കും.

ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാൽ രാജ്യം എല്ലാ മേഖലയിലും, പ്രത്യേകിച്ച് വിവര സാങ്കേതിക മേഖലയിൽ ഉൾപ്പെടെ മുന്നേറുമെന്നും ലോക ബാങ്ക് ഇന്ത്യ തലവൻ ജുനൈദ് കമാൽ അഹമ്മദ് പറയുന്നു.'വികസ്വര രാജ്യങ്ങളിലെ പുതുമകൾ' എന്ന വിഷയത്തിലെ റിപ്പോർട്ടിനെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കമ്പനിയുടെ വലുപ്പം, ശേഷി, കണ്ടുപിടുത്തം തുടങ്ങിയവ തമ്മിൽ ശക്തമായ ബന്ധമുണ്ട്. പുതുവഴികൾ കണ്ടുപിടിക്കണം. ഇല്ലെങ്കിൽ ഇന്ത്യയിലെ കമ്പനികൾക്ക് വളർച്ച ഉണ്ടാവില്ല. വികസ്വര രാജ്യങ്ങളിൽ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും വലിയ നിക്ഷേപ സാധ്യതയുണ്ട്. നയരൂപീകരണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അഞ്ചു വർഷം കൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു സിലിക്കൺ വാലിയാകാൻ കഴിയും. ഒരുപക്ഷേ, അതിനെ മറികടക്കാനും. ഈ മേഖലയിൽ നിക്ഷേപം വർധിപ്പിക്കണമെന്നും അതിന് വേണ്ട മാറ്റങ്ങൾ ഇന്ത്യ കൈക്കൊള്ളണമെന്നുമാണ് ജുനൈദ് കമാലിന്റെ ഉപദേശം.

ഏതായാലും ലോകബാങ്കിന്റെ പക്ഷത്തുനിന്ന് ഇന്ത്യയുടെ വികസന ശേഷിയുടെ കാര്യത്തിൽ പുരോഗമന പരമായ പുതിയൊരു റിപ്പോർട്ട് വന്നത് കേന്ദ്രസർക്കാരിന് ഗുണകരമാകുകയാണെന്നാണ് വിലയിരുത്തൽ.