ലണ്ടൻ: ലോകചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ, ഉസൈൻ ബോൾട്ടിന്റെ മങ്ങിയ പ്രകടനത്തിന് പിന്നാലെ വേഗമേറിയ വനിതാതാരത്തെ കണ്ടെത്താനുള്ള മത്സരത്തിലും, ജമൈക്കയ്ക്ക് നിരാശ. വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ ഒളിമ്പിക് ചാമ്പ്യൻ എലെയ്ൻ തോംസണെ പിന്നിലാക്കി അമേരിക്കയുടെ ടോറി ബൗവി സ്വർണം നേടി. ലോകറെക്കോഡുകാരിയായ ജമൈക്കൻ താരം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് കണ്ട മത്സരത്തിൽ സീസണിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ബൗവി ഒന്നാമതെത്തിയത്.

ബൗവിയും ഐവറി കോസ്റ്റിന്റെ മാരി ജോസി ടാ ലൗവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തുടക്കം മുതൽ ഒന്നാമതായിരുന്ന ജോസി ടാ ലൗവിനെ ഫിനിഷിങ്ങിൽ ബൗവി മറികടക്കുകയായിരുന്നു. ഫിനിഷിങ് ലൈനിലേക്ക് ഡൈവ് ചെയ്ത് ട്രാക്കിൽ വീണ ബൗവിയുടെ ശ്രമം പാഴായില്ല.  10.85 സെക്കന്റിലാണ് അമേരിക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടത്. തന്റെ ഏറ്റവും മികച്ച സമയമായ 10.86 സെക്കന്റിൽ ഓടിയെത്തിയ ജോവി ടാ ലൗവ് വെള്ളി നേടി.

നെതർലൻന്റിന്റെ ഡഫിൻ സ്‌കിപ്പേഴ്സ് 10.96 സെക്കന്റിൽ മൂന്നാമതെത്തി. അഞ്ചാമത് ഫിനിഷ് ചെയ്ത തോംസണെടുത്ത സമയം 10.98 സെക്കന്റ് ആണ്.