കോഴിക്കോട് : ഫുട്ബോളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന് ജന്മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. എന്നാലും തന്റെ വലിയ സ്വപ്നം തുറന്നു പറഞ്ഞ ആസിം എന്ന പന്ത്രണ്ടു വയസ്സുകാരന്റെ മോഹം സുമനസ്സിന്റെ പിന്തുണയിൽ യാഥാർഥ്യമാവുന്നു.

''ഖത്തറിൽ പോണം; ലോകകപ്പ് ഫുട്ബാൾ നേരിൽ കാണണം...'' 2022 ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിങ് കോച്ചിംഗിന്റെ ഭാഗമായി ഗോതമ്പറോഡ് തണൽ ജി.എ. ക്ലബ്ബും, പന്നിക്കോട് ലൗഷോർ സ്പെഷ്യൽ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് ആസിം തന്റെ സ്വപ്നം പങ്കുവെച്ചത്.

ഈ വാർത്ത ശ്രദ്ധയിൽ പെട്ട അൽബാദി ട്രേഡിങ് & കോൺട്രാക്റ്റിങ് കമ്പനിയുടെ മാനേജറായ കണ്ണൂർ സ്വദേശി വി.മുഹമ്മദ് മുഖ്താർ എന്ന വ്യവസായിയാണ് ആസിമിനും കുടുംബത്തിനും ഖത്തറിൽ പോവാനുള്ള സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്. ചേന്ദമംഗല്ലൂരിൽ നടന്ന വിഭിന്ന ശേഷിക്കാരുടെ സംഗമത്തിൽ ഇഹ്സാൻ ചെയർമാൻ പി.കെ അബ്ദുർറസാഖ് സഹായ വാഗ്ദാനം പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. ലോകകപ്പ് നേരിൽ കാണാനുള്ള സൗഭാഗ്യം കൈവന്നതിലുള്ള സന്തോഷത്തിലാണ് ആസിമും പിതാവ് സഈദ് യമാനിയും.