മുക്കം: ഖത്തർ ലോകകപ്പ് ജനറേഷൻ അമേസിംഗിന്റെ ഭാഗമായി കേരളത്തിലെത്തിയ ഖത്തർകാരനായ മാസ്റ്റർ കോച്ച് ഹമദ് അബ്ദുൽ അസീസിന് പന്നിക്കോട് ലൗഷോർ സ്‌കൂളിൽ ഊഷ്മള സ്വീകരണം നൽകി. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഹമദിനെ ജി.എ വർകേഴ്സ് അംബാസിഡർ സി.പി സാദിഖ്റഹ്മാൻ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെരട്ടമ്മൽ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിശീലന ക്യാമ്പിൽ വെച്ച് ലൗഷോറിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഹമദിനെ സ്‌കൂളിലേക്ക് ക്ഷണിക്കുകയിരുന്നു.

ബാന്റ് വാദ്യങ്ങളോടെയാണ് കുട്ടികൾ ഹമദിനെ സ്വീകരിച്ചാനയിച്ചത്. വിദ്യാർത്ഥികളോടൊപ്പം സന്തോഷത്തിൽ പങ്കുചേർന്ന ഹമദ് അവരെ ഫുട്ബോൾ പരിശീലിപ്പിച്ചിരുന്നു. മാസ്റ്റർ കോച്ചിനെ കാണാൻ സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവായ ആസിം വെളിമണ്ണയും എത്തിയിരുന്നു. ലോകകപ്പ് കാണണമെന്ന തന്റെ സ്വപ്നം പൂവണിയാൻപോവുന്നുവെന്ന സന്തോഷം ആസിം അദേഹവുമായി പങ്കു വെച്ചു. സ്വീകരണപരിപാടിയിൽ ലൗഷോർ സ്‌കൂൾ ജനറൽ സെക്രട്ടറി യു.എ മുനീർ അധ്യക്ഷത വഹിച്ചു.

എം.എ.എം.ഒ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ മുജീബ്, മജീദ് അൽഹിന്ദി, ബംഗളത്ത് അബ്ദുറഹിമാൻ, ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, യു.ആമിന, ഷമീന, അബ്ദുമാസ്റ്റർ ചാലിൽ, ജി.എ കോച്ച് ഷബീർ വിളക്കോട്ടിൽ, ഷർജാസ് എന്നിവർ സംസാരിച്ചു.