ദോഹ. പ്രമേഹം നിയന്ത്രിക്കുന്നതിൽ ശാരീരിക വ്യായാമങ്ങളെ പോലെ തന്നെ ഭക്ഷണ ശീലങ്ങളും പ്രധാനമാണെന്ന് സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്ലസ്‌ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹത്തെക്കുറിച്ച് എല്ലാവർക്കും അറിവ് കൂടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് പ്രായോഗിക നടപടികളില്ലാത്തതുകൊണ്ടാണ്. കാർബോ ഹൈഡ്രേറ്റുകൾ കുറഞ്ഞ ആഹാരങ്ങൾ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ശീലിക്കുകയും ചെയ്താൽ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമങ്ങളും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. അവഗണിച്ചാൽ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രമേഹം മനസ്സുവച്ചാൽ നിയന്ത്രിക്കുവാനാകുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥയാണ് പ്രമേഹം നിയന്ത്രിക്കുന്നതിൽ മുഖ്യമെന്ന് ചടങ്ങിൽ സംസാരിച്ച കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായ ഡോ. യാസർ പറഞ്ഞു. മാനസിക സംഘർഷങ്ങളുടെ ആധിക്യം പ്രമേഹം വർദ്ധിക്കുവാനുള്ള മുഖ്യ കാരണങ്ങളിലൊന്നാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കായികാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികളിൽ പ്രമേഹം കൂടുന്നതിനുള്ള മുഖ്യ കാരണം മാനസിക സംഘർഷങ്ങളാണ്. സമൂഹത്തിലെ മേലേക്കിടയിലുള്ള പ്രായം ചെന്നവരിൽ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജനങ്ങളിലും ഏത് പ്രായക്കാരിലും കണ്ടുവരുന്നുവെന്നത് അപകടകരമായ സൂചനയാണെന്ന് പരിപാടിയിൽ സംസാരിച്ച നസീം അൽ റബീഹ് മെഡിക്കൽ സോഷ്യൽ വർക്കർ സന്ദീപ് ജി. നായർ പറഞ്ഞു. സമൂഹത്തിന്റെ സമഗ്രമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്‌ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫ, അബ്ദുൽ ഫത്താഹ് നിലമ്പൂർ സംസാരിച്ചു. നസീം അൽ റബീഹ് മെഡിക്കൽ സെന്റർ പരിപാടിക്കെത്തിയ മുഴുവനാളുകളുടേയും ഷുഗറും പ്രഷറും പരിശോധിക്കുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.