ദോഹ. ഏഴ് ബില്ല്യൻ ജനങ്ങൾ, ഏഴ് ബില്യൻ സ്വപ്‌നങ്ങൾ, ഒരൊറ്റ ഭൂമി, ശ്രദ്ധയോടെ ഉപഭോഗം ചെയ്യുക എന്ന സുപ്രധാനമായ പ്രമേയം ഉയർത്തിപ്പിടിച്ച് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ ഉജ്ജ്വല തുടക്കം.

വാരാന്ത്യ അവധിയുടെ ആലസ്യങ്ങളില്ലാതെ നൂറ് കണക്കിന് രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥി പ്രവർത്തകരും നിറഞ്ഞ സദസ്സിൽ ഖത്തറിലെ പതിനഞ്ചോളം ഇന്ത്യൻ സ്‌ക്കൂൾ വിദ്യാർത്ഥി പ്രതിനിധികൾ

ചേർന്നാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത്. ഗവൺമെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവർത്തനങ്ങൾക്കുമപ്പുറം ഓരോരുത്തരും പരിസ്ഥി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ഉദ്‌ബോധിപ്പിച്ച കുരുന്നു പ്രതിഭകൾ പരിസ്ഥിതി ദിന സന്ദേശങ്ങളുൾക്കൊള്ളുന്ന പ്‌ളേക്കാർഡുകളും പെയിന്റിംഗുകളും പ്രസംഗവും കൊണ്ട് ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കി.

നിയമ വ്യവസ്ഥകൾ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാൻ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാൽ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകൾ ഓർമപ്പെടുത്തിയപ്പോൾ സംഘാടകരും പ്രായോജകരും സായൂജ്യരായി. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

ആന്റി സ്‌മോക്കിങ് സൊസൈറ്റി കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഷബീറലി കൂട്ടിൽ , സിയാഹു റഹ്മാൻ, സൈദലവി അണ്ടേക്കാട്, ഖാജാ ഹുസൈൻ, ഹംസ നെടുംകണ്ടത്തിൽ, അബൂബക്കർ മാടമ്പത്ത്, അഫ്‌സൽ കിളയിൽ, ഷറഫുദ്ധീൻ തങ്കയത്തിൽ, ഫായിസ് കിളയിൽ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഇഖ്ബാൽ, സഅദ് അമാനുല്ല, റഷാദ് മുബാറക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.