ശാസ്ത്രീയമായ ഭക്ഷണ രീതികളും ആരോഗ്യകരമായ ജീവിത ശൈലികളും പിന്തുടർന്നാൽ ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ഇത് സംബന്ധിച്ച വ്യക്തമായ ബോധവൽക്കരണ പരിപാടികൾ നടക്കേണ്ടതുണ്ടെന്നും ഡോ. അബ്ദുൽ സമദ് അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്‌നമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂ. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കർമോൽസകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിർത്തുക, മാനസിക സമ്മർദ്ദം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവ വർജ്ജിക്കുക എന്നിവവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തിൽ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണക്രമങ്ങളും ശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയാരോഗ്യ സന്ദേശവുമായി നടന്ന മാരത്തോൺ, വിദ്യാർത്ഥികൾ ഹൃദയത്തിന്റെ രൂപത്തിൽ ചുമന്ന ടീ ഷർട്ടുകളുമായി ചെയ്ത പ്രതിജ്ഞ, അക്കാദമിക് കോർഡിനേറ്റർ ഫർസാന ടീച്ചറുടെ പ്രഭാഷണം എന്നിവയായിരുന്നു ദിനാചരണത്തിലെ പ്രധാന പരിപാടികൾ. ഹൃദയസമാനമായ ബലൂണുകൾ പറത്തിയും ആരോഗ്യകരമായ ഹൃദയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടികളിൽ സജീവമായും സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഹൃദയദിനം സജീവമാക്കി.

മുഹമ്മദ് സനൂബ്, ഹിഷ്മ ഹംസ, യാസീൻ അഹ്മദ്, റസീൻ, രിദ ഹനാൻ, ഹുദ ജാബിർ, റിഹാസ് പി.കെ, ഹവ്വ യാസർ എന്നീ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമുൾകൊള്ളുന്ന സമൂഹതത്തിന് ഈ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്.

വ്യായാമ രഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നൽകുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികൾ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങൾ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ് ചെയ്യുക തുടങ്ങിയവയിൽ ഓരോരുത്തർക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്നാണ് ലോകഹൃദയം നമ്മെ ഓർമപ്പെടുത്തുന്നത്.

എന്റെ ഹൃദയം, നിന്റെ ഹൃദയം എന്ന ഈ വർഷത്തെ പ്രമേയം ഹൃദയ സംരക്ഷണത്തിൽ പരസ്പരം സൂക്ഷിക്കേണ്ട ഗുണകാംക്ഷയാണ് അടയാളപ്പെടുത്തുന്നത്. സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യാ ഐസക് സ്വാഗതവും എഡ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് അബ്ദുല്ല നന്ദിയും പറഞ്ഞു.