വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമൊക്കെ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ നിലനിൽക്കുകയെന്നത് സംസ്‌കാരത്തിന്റെ അടയാളമാണെന്നും സാംസ്‌കാരികമായി ഉയരും തോറും സംവാദങ്ങളുടെ വ്യാപ്തി വർദ്ധിക്കുമെന്നും മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ലോക ഹലോ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘർഷങ്ങളും സംഘട്ടനങ്ങളുമൊന്നും സാംസ്‌കാരിക ലോകത്ത് പ്രസക്തമല്ല. പരസ്പരം തിരിച്ചറിയുവാനും ഊഷ്മളമായ സംവാദങ്ങളിലൂടെ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനുമുള്ള പ്രബുദ്ധതയാണ് നമുക്കാവശ്യം. വിദ്യാഭ്യാസവും സംസ്‌കാരവും ആധുനിക മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുരോഗതിയിലും ജീവിത വ്യാപാരങ്ങളിലും സൗകര്യങ്ങളിലും വിപ്ളവകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്. സംസ്‌കാരവും പുരോഗതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാവണമെങ്കിൽ ആരോഗ്യകരമായ സംവാദങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തുറന്ന മനസോടെ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കുവാനും എല്ലാവരോടും ഹലോ പറയുവാനും ആഹ്വാനം ചെയ്യുന്ന ലോക ഹലോ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ സാമൂഹികതയും പാരസ്പര്യവും ഊട്ടിയുറപ്പിക്കുവാനും സൗഹാർദ്ധത്തിന്റെ പരിമളം പരത്തുവാനുമാണ് ഇത്തരം സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തേണ്ടത്.

സാമ്പത്തിക സുസ്ഥിതിയും സൗകര്യങ്ങളും മനുഷ്യനെ സ്വർഥതയുടെ തുരുത്തുകളിലേക്ക് നയിക്കുമ്പോൾ സാമൂഹിക ബോധവും സ്നേഹവും പ്രകടിപ്പിക്കാനുള്ള ആഹ്വാനമാണ് ഹലോ ദിനം നൽകുന്നത്. സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേ വ്യക്തികളും സമൂഹങ്ങളുമൊക്കെ തമ്മിൽ ഉണ്ടാവുകയുള്ളൂ. അവയൊക്കെ സമാധാനാന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ഈ ദിനം ഓർമപ്പെടുത്തുന്നത്.

മനുഷ്യ ഹൃദയത്തിൽ സമാധാനം ഉണ്ടാവുന്നത് സ്വാർത്ഥതയ്ക്കും ഭയത്തിനും പകരം പ്രതീക്ഷയും കാരുണ്യവും നിറയുമ്പോഴാണ്. നമ്മൾ സൗഹൃദം ഉണ്ടാക്കുമ്പോൾ അത് വീട്ടിലും സമൂഹത്തിലും രാജ്യത്തിലും ലോകത്തിന് ആകമാനവും ഒരു സന്ദേശമായി മാറുന്നു. അതുകൊണ്ട് ഈ നവംബർ 21 ന് എല്ലാവരോടും ഹലോ പറയാൻ എനിക്ക് അതിയായ താത്പര്യമുണ്ട് എന്നാണ് 1988 ലെ ഹലോ ദിനത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ നൽകിയ സന്ദേശം. ലോക ഹലോ ദിനത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഈ വാക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. സന്ദേശ പ്രധാനമായ പ്ളക്കാർഡുകളുമായി മീഡിയ പ്ളസ് ടീം പുറത്തിറങ്ങിയപ്പോൾ ദിനാചരണം വേറിട്ട അനുഭവമായി മാറുകയായിരുന്നു. സമൂഹത്തിൽ അറിയാനും അറിയിക്കാനും സന്ദേശങ്ങൾ കൈമാറാനുമൊക്കെ ഇത്തരം സന്ദർഭങ്ങൾ ഫലപ്രദമാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.

1973 ലാണ് ലോക ഹലോ ദിനം ആചരിച്ച് തുടങ്ങിയത്. നോബൽ സമ്മാന ജേതാക്കളായ ബ്രയാൻ മൈക്കെൽ, മക് കോർ മാക് എന്നിവരായിരുന്നു ഈ ദിനാചരണത്തിന്റെ തുടക്കക്കാർ.

ഇന്ന് ഇത് 180 രാജ്യങ്ങളിലെ ആളുകൾ ആചരിക്കുന്നു. പരസ്പരമുള്ള അഭിവാദ്യത്തിനു പുറമേ പരസ്പര കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കാനുള്ള ശ്രമങ്ങളും ലോകസമാധാനത്തിനുള്ള നിർദ്ദേശങ്ങൾ നേതാക്കൾക്ക് അയയ്ക്കലും എല്ലാം ഈ ദിനാചരണത്തിന്റെ ഭാഗമാണ്.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല ആശയ വിനിമയമാണ് വേണ്ടത് എന്ന സന്ദേശം ലോകനേതാക്കൾക്ക് നൽകുക എന്നതാണ് ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

ഷറഫുദ്ധീൻ വടക്കാങ്ങര, ഫൗസിയ അക്‌ബർ, മുഹമ്മദ് റഫീഖ് തങ്കയത്തിൽ, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, ശരൺ സുകു,ആകാശ് ബെന്നി, സെയ്തലവി അണ്ടേക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി