ഫ്ളോറിഡ: വേൾഡ് മലയാളി കൗൺസിൽ ഫ്ളോറിഡ പ്രൊവിൻസ് വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വാലെന്റൈൻസ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു ഹാർട്ട് ഡേ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ അമേരിക്കൻ സമയം പത്തു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ ഫേസ്‌ബുക്/യൂട്യൂബ് ലൈവ് ആയി ആഘോഷിച്ചു. യോഗയും വ്യത്യസ്തമായ ചർച്ചയും കലാപരിപാടികളും കളികളും കോർത്തിണക്കിയ പ്രോഗ്രാം ജനശ്രദ്ധ പിടിച്ചുപറ്റി.

അമേരിക്കയിലെ പ്രശസ്ത യോഗ ഇൻസ്ട്രക്ടറായ ജെസ്സി പീറ്ററിന്റെ ഒരു മണിക്കൂർ നീണ്ട യോഗ സെഷനിൽ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനു സഹായകമായ വിവിധ യോഗമുറകൾ പരിചയപ്പെടുത്തി. പ്രശസ്ത വാഗ്മിയും സൈക്കിയാട്രിക് മെന്റൽ ഹെൽത്ത് നഴ്സിങ് പ്രൊഫസറുമായ ഡോ. ബോബി വര്ഗീസ് സ്നേഹബന്ധങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ചും ആരോഗ്യപരമായ വ്യക്തിബന്ധങ്ങളെക്കുറിച്ചും നഷ്ടപെട്ടുപോയ സ്നേഹബന്ധങ്ങൾ കൂട്ടിച്ചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സരസമായ ഭാഷയിലൂടെ അവതരിപ്പിച്ചത് ശ്രോതാക്കളെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു.

അനുഗ്രഹീത ഗായിക സ്മിത ദീപകിന്റെ പാർത്ഥനാ ഗാനാലാപനത്തിനു ശേഷം വിമെൻസ് ഫോറം പ്രസിഡന്റ് ശ്രീമതി സുനിത ഫ്ലവർഹില്ലിന്റെ സ്വാഗതത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് ആശംസയർപ്പിച്ചു. തുടർന്ന് വാലന്റൈന്സ് സ്പെഷ്യലായി പ്രണയഗാനങ്ങൾ ചേർത്ത് ഫ്ളോറിഡ വിമെൻസ് ഫോറം അണിയിച്ചൊരുക്കിയ ഗാനമാലിക എന്ന നയനമനോഹരമായ പ്രോഗ്രാം അവതരിപ്പിച്ചു. വാൻകൂവറിൽ നിന്നുള്ള അനുഗ്രഹീത ഗായകരായ ജോർജ്-ലിറ്റി ദമ്പതികളുടെ അതിമനോഹരമായ യുഗ്മ ഗാനാലാപനം പരിപാടിക്ക് മാറ്റു കൂട്ടി. തുടർന്ന് സജ്ന നിഷാദ് അവതരിപ്പിച്ച വാലെന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട വേർഡ് സ്‌ക്രാബ്ലിങ്ങിനു ശേഷം സെക്രട്ടറി സ്മിത സോണിയുടെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി, വിമെൻസ് ഫോറം പ്രസിഡന്റ് സൂസമ്മ ആൻഡ്രൂസ്, സെക്രട്ടറി ആലീസ് മഞ്ചേരി, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി മാത്യു, ഫ്ളോറിഡ പ്രോവിൻസ് ചെയർ മാത്യു തോമസ്, പ്രസിഡന്റ് സോണി കണ്ണോട്ടുതറ എന്നിവരെക്കൂടാതെ മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കന്മാരും പങ്കെടുത്തു. ടെലികാസ്റ് ചെയ്തത് എ-വൺ മീഡിയയുടെ സാരഥിയായ ഫിലിപ്പ് മാരേട്ടാണ്.