ഡബ്ലിൻ: ഇരുപത് വർഷമായി അന്തർദേശീയ തലത്തിൽ പ്രശസ്തിയും അംഗീകാരവും നേടി മലയാളി സമൂഹത്തിന്റെ അഭിമാനമുയർത്തിയ  വേൾഡ് മലയാളി കൗൺസിലിന്റെ വാർഷികാഘോഷങ്ങൾക്കായ് ചെന്നൈ ഒരുങ്ങി. ജൂലൈ 25, 26 തീയതികളിൽ ഗ്രീൻ പാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ്  വാർഷികാഘോഷം നടക്കുന്നത്.

1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ജന്മം കൊണ്ട സംഘടന ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലായി 40ൽ പരം രാജ്യങ്ങളിൽ 53 പ്രോവിൻസുകാളായി പ്രവർത്തിന നിരതമാണ്. ചില പ്രോവിൻസുകളിൽ രണ്ട് ഗ്രൂപ്പുകളായി പ്രവർത്തിച്ച കൗൺസിൽ ആഗോളതലത്തിൽ ഒരൊറ്റ സംഘടനയായി മാറുന്നു എന്ന സവിശേഷതയും ചെന്നൈ സമ്മേളനത്തിലുണ്ട്. അമേരിക്കയിലും ജർമ്മനിയിലും കൗൺസിൽ ഐക്യഗാഥ രചിച്ചുകഴിഞ്ഞു. വിഘടിച്ചു നിൽക്കുന്ന പ്രോവിൻസുകളും ചെന്നൈ സമ്മേളനത്തോടെ ഒന്നായിത്തീരും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽചെയർമാൻ വി സി പ്രവീൺ, പ്രസിഡന്റ് എ എസ് ജോസ് സെക്രട്ടറി സിറിയക് തോമസ്, അഡൈ്വസറി ബോർഡ് ചെയർമാൻ ജോളി തടത്തിൽ, മുൻ ചെയർമാൻ സോമൻ ബേബി, സ്ഥാപകനേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ, ഗോപാലപിള്ള, മുൻ സെക്രട്ടറി ജോർജ് കാക്കനാട്ട്, ഗ്ലോബൽ ഭാരവാഹികളായ ജോബിൻസൺ കൊറ്റത്തിൽ, മൂസ കോയ, സിസിലി ജേക്കബ്, ജോർജ്ജ് കുളങ്ങര, പോളിമാത്യു സോമതീരം, ഡോ. കെ നന്ദകുമാർ, ഡോ. സൂസൻ ജോസഫ്, ലിജു മാത്യു, ഡോ. വിജയലക്ഷ്മി, പ്രിയദാസ് മംഗലത്ത്, തങ്കമണി ദിവാകരൻ, രാജേശ്വരി ത്യാഗരാജൻ, അജയകുമാർ, ടി പി വിജയൻ, രാമൻപിള്ള ജോസഫ് സ്‌കറിയാ തുടങ്ങിയവർ നേതൃത്വം നൽകും.

ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. എവി അനൂപ്, കൺവീനർ പി എൻ രവി, ജോയിന്റ് കൺവീനർ എം പി അൻവർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

സമ്മേളനത്തിലേയ്ക്കുള്ള പ്രത്യേക ക്ഷണിതാക്കളായി ഐസക് ജോൺ പട്ടാണിപറമ്പിൽ (ചെയർമാൻ), ജോണി കുരുവിള (പ്രസിഡന്റ്), ജോസഫ് കില്ലിയാൻ (സെക്രട്ടറി), അലക്‌സ് കോശി വിളനിലം തുടങ്ങിയവരും പങ്കെടുക്കും.

യൂറോപ്പ് റീജിയനെ പ്രതിനിധീകരിച്ച് ജോസ് കുമ്പിളുവേലിൽ, അയർലണ്ട് പ്രോവിൻസ് ചെയർമാൻ ബിജു ഇടക്കുന്നത്ത്, വൈസ് ചെയർമാൻ സണ്ണി ഇളംകുളത്ത്, മാത്യൂസ് ചേലക്കർ എന്നവർ പങ്കെടുക്കുമെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ട് അറിയിച്ചു.

പ്രവാസികളുടെ നോവും നൊമ്പരവും ഹൃദയത്തിൽ ഒപ്പിയെടുക്കുവാനും അവരുടെ ഇച്ഛാശക്തിക്കും കർമ്മധീരതയ്ക്കും കരുത്ത് പകരുവാനുമുള്ള നേർക്കാഴ്ചയോടുള്ള സമീപനമാണ് സംഘടനയുടെ ശക്തി. ഗ്ലോബൽ നെറ്റ് വർക്കിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രായഭേദമന്യേ മലയാളികളെ കോർത്തിണക്കുന്ന സമന്വയ വേദികൂടിയാണ് കൗൺസിൽ.

ആഗോള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ 20-ാം വാർഷികം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ആഹ്ലാദത്തിലാണ്.