ബർലിൻ: വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിനും കേരളപ്പിറവി ആഘോഷത്തിനും ഒക്‌ടോബർ 31 ന് (വെള്ളി) സ്റ്റുട്ട്ഗാർട്ട് നഗരത്തിനടുത്തുള്ള പ്‌ഫോർസ്‌ഹൈമിൽ തുടക്കമായി. വൈകിട്ട് ഏഴരയ്ക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ജോളി തടത്തിൽ, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ പ്രസിഡന്റ് തോമസ് അറമ്പൻകുടി, ഡബ്ല്യുഎംസി ജർമൻ പ്രോവിൻസ് ചെയർമാൻ ജോർജ് ചൂരപ്പൊയ്കയിൽ, പ്രോവിൻസ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ, പ്രോവിൻസ് സെക്രട്ടറി ജോസ് കുമ്പിളുവേലിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ചെയർമാൻ ജോർജ് ചൂരപ്പൊയ്കയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോളി തടത്തിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ സ്വാഗതം ആശംസിച്ചു. സ്മിതാ നായർ പ്രാർത്ഥനാ ഗാനം ആലപിച്ചു. സെക്രട്ടറി ജോസ് കുമ്പിളുവേലിൽ നന്ദി പറഞ്ഞു.

വിവിധ കലാപരിപാടികൾക്കു പുറമെ ഓൾഡീസ് നൈറ്റ് ഗാനമേളയും ഉ ആഘോഷത്തിന് കൊഴുപ്പേകി. എബ്രഹാം നടുവിലേഴത്ത്, തോമസ് അറമ്പൻകുടി, ജോസഫ് മാത്യു, വിനോദ് ബാലകൃഷ്ണ, തോമസ് മാത്യു, സാബു ജേക്കബ് തുടങ്ങിയവർ ആശംസകൾ നേർന്നു. രണ്ടാം ദിവസമായ നവംബർ ഒന്നിന് പ്രവാസി സംബന്ധമായ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകൾ, കൾച്ചറൽ ഈവനിങ്, യോഗ, മെഡിറ്റേഷൻ, ഫൺ ഗെയിംസ്, സ്പോർട്സ്, ചീട്ടുകളി മൽസരങ്ങൾ തുടങ്ങിയവയ്ക്കു പുറമെ കേരളത്തിന്റെ ജന്മദിനാഘോഷവും സംഗമത്തിന്റെ വേദിയിൽ അരങ്ങേറും. പ്‌ഫോർസ്‌ഹൈം ഡിൽ വൈസൻസ്‌റ്റൈനിലെ യൂത്ത് അക്കാഡമിയിലാണ് പരിപാടികൾ നടക്കുന്നത്.

ഇതാദ്യമായാണ് ജർമനിയിൽ കേരളപ്പിറവിയാഘോഷം സംഘടിപ്പിക്കുന്നത്. ജോർജ് ചൂരപ്പൊയ്കയിൽ, ജോസഫ് വെള്ളാപ്പള്ളിൽ, ജോസ് കുമ്പിളുവേലിൽ, സാറാമ്മ ജോസഫ് സുധാ വെള്ളാപ്പള്ളിൽ തുടങ്ങിയവരാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്. സംഗമം ഞായറാഴ്ച സമാപിച്ചു.