ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ജി.സി.സിയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഇടംപിടിച്ചു. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, യു.എ.ഇയിലെ ദുബൈ അബൂദബി വിമാനത്താവളങ്ങൾ എന്നിവയാണ് ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യ 40 സ്ഥാനങ്ങളിൽ ഇടം നേടിയത്.ദോഹയിലെ ഹമദ് വിമാനത്താവളം പത്താം സ്ഥാനം നേടിയപ്പോൾ ദുബൈക്ക് 26ഉം അബൂദബിക്ക് 38ഉം സ്ഥാനമാണുള്ളത്.

സ്‌കൈട്രാക്‌സ് കൺസൾട്ടൻസിയാണ് എയർപോർട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്‌കൈട്രാക്‌സ് റാങ്കിംഗിൽ ഇതാദ്യമായാണ് ഒരു മിഡിൽ ഈസ്റ്റ് എയർപോർട്ട് ഇടം പിടിക്കുന്നത്. യാത്രക്കാരുടെ സംതൃപ്തിയാണ് ഹമദിനെ മുൻനിരയിലെത്തിച്ചത്. 17 ബില്യൻ ഡോളർ ചെലവിൽ
നിർമ്മിച്ച എയർപോർട്ട് 2014ലാണ് യാത്രക്കാർക്കായി തുറന്നത്. കഴിഞ്ഞ വർഷം 30 ദശലക്ഷം യാത്രക്കാരാണ് എയർപോർട്ട് ഉപയോഗിച്ചത്. ദേശീയ വിമാന കമ്പനിയായ ഖത്വർ എയർവേയ്‌സിന്റെ വളർച്ചയെക്കൂടി സ്വാധീനിക്കുന്ന വിധമാണ് ഹമദ് എയർപോർട്ട് വികസിക്കുന്നത്. 76 ദശലക്ഷം ഡോളർ ചെലവിലുള്ള വികസന പ്രവർത്തനങ്ങൾ ഇനിയും ഹമദിൽ ആസൂത്രണത്തിലുമുണ്ട്.

സിംഗപ്പൂരിലെ ചാംഗി എയർപോർട്ടാണ് സ്‌കൈട്രാക്‌സ് റാങ്കിംഗിൽ മുന്നിൽ. നാലാം തവണയാണ് സിംഗപ്പൂർ എയർപോർട്ട് ലിസ്റ്റിൽ ഒന്നാമതാകുന്നത്. സിയോളിലെ ഇൻചിയോൻ എയർപോർട്ടാണ് രണ്ടാം സ്ഥാനത്ത്. മുനിഷ് എയർപോർട്ടാണ് മൂന്നാം സ്ഥാനത്ത്. മേഖലയിലെ ഏഴ് എയർപോർട്ടുകൾ ആദ്യ പത്തിലുണ്ട്. സ്‌കൈട്രാക്‌സ് പട്ടികയിൽ ഖത്വർ എയർവേയ്‌സിനെ ബെസ്റ്റ് എയർവേയ്‌സ് ആയി തിരഞ്ഞെടുത്തിട്ടുണ്ട്.