കേപ്ടൗൺ: മലയാളത്തിൽ ഹിറ്റായ ചിത്രം 22 ഫീമെയ്ൽ കോട്ടയത്തിന്റെ ക്ലൈമാക്‌സ് അധികമാരും മറന്നിട്ടുണ്ടാവില്ല. നായകനായ സിറിലിന്റെ ലിംഗം ഛേദിച്ച് പ്രതികാരം ചെയ്ത് ടെസ കെ എബ്രഹാം കാനഡയിലേക്ക് പോകുകയാണ്. എന്നാൽ, ശാസ്ത്രം വളർന്നപ്പോൾ ടെസയ്ക്ക് പിന്നാലെ വീണ്ടും സിറിൽ വന്നേക്കാം. അതിനുള്ള സാധ്യത വർദ്ധിക്കുകയാണ്. ലോകത്തിൽ ആദ്യമായി ലിംഗം പൂർണ്ണമായും മാറ്റിവച്ച യുവാവിൽ നിന്നം കാമുകി ഗർഭിണിയായെന്ന വാർത്ത വൈദ്യശാസ്ത്രരംഗത്തിന് ഏറെ സന്തോഷം നൽകുന്നതാണ്.

ദക്ഷിണാഫ്രിക്കക്കാരനായ 22 കാരനാണ് ശസ്ത്രക്രിയയിലൂടെ ലിംഗം വച്ചുപിടിപ്പിച്ച് മാസങ്ങൾക്കുള്ളിൽ പിതാവാകുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു 10 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ട്രാൻസ്പ്ലാന്റേഷൻ നടന്നത്. ലിംഗം പൂർണമായും പ്രവർത്തനക്ഷമമാകാൻ രണ്ടുവർഷമാണ് ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതിലും നേരത്തെ യുവാവിന്റെ നില മെച്ചപ്പെട്ട. ഒടുവിൽ ഡോക്ടർമാർക്കും അത്ഭുതമായി യുവാവിന്റെ കാമുകി ഗർഭിണിയായതായി സ്ഥിരീകരിച്ചു.

ഓപ്പറേഷന് അഞ്ചാഴ്ചകൾക്കുശേഷംതന്നെ യുവാവ് സാധാരണ ലൈംഗികക്രിയകളിൽ ഏർപ്പെടാൻ സജ്ജനായിരുന്നു. കാമുകിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ശസ്ത്രക്രിയ വിജയകരമാണെന്ന് അന്ന് യുവാവ് തെളിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടൈഗർബർഗ് ഹോസ്പിറ്റലും, സ്‌റ്റെല്ലൻബോഷ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായാണ് യുവാവിന് ലിംഗം വച്ചുപിടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ഷോസ ഗോത്രവർഗക്കാർ ചെറുപ്പക്കാർ പ്രായപൂർത്തിയാകുമ്പോഴാണ് അഗ്രചർമം ഛേദിക്കുന്ന ചടങ്ങ് നടത്തുന്നത്. ഇത് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും വർഷത്തിൽ 250 പേരുടെയെങ്കിലും ലിംഗം മുറിച്ചുമാറ്റേണ്ടതായും വരുന്നുണ്ട്. ഇങ്ങനെ ലിംഗം നഷ്ടപ്പെട്ടയുവാവിലാണ് ഡോക്ടർ ആൻഡ്രേ വാൻഡർ മെർവിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ മറ്റൊരു ലിംഗം വച്ചുപിടിപ്പിച്ചത്. അപകടത്തെ തുടർന്ന് ലിംഗം നഷ്ടപ്പെട്ട പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവിന് മസ്തിഷകമരണം ബാധിച്ച ദാതാവിന്റെ ലിംഗമാണ് മാറ്റിവച്ചത്.