സിഡ്‌നി: ഓസ്‌ട്രേലിയൻ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാർട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് താരം ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് കായിക ലോകം ഇവരുടെ വിരമിക്കൽ പ്രഖ്യാപനം കേട്ടത്. മറ്റ് സ്വപ്നങ്ങളെ പിന്തുടരാനാണ് ടെന്നിസിൽ നിന്ന് വിരമിക്കുന്നതെന്ന് ആഷ്‌ലി ബാർട്ടി പറഞ്ഞു. ഏത് മേഖലയിലേക്കാണ് അവർ തിരിയുക എന്ന കാര്യം വ്യക്തമല്ല.

ഞാൻ വളരെ സന്തോഷവതിയാണ്, ഞാൻ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഇത് ശരിയാണെന്ന് എന്റെ ഹൃദയത്തിൽ ഇപ്പോൾ എനിക്കറിയാം. ടെന്നിസ് എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. വഴിയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ബാർട്ടി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ വിജയിച്ച ബാർതി, 114 ആഴ്ചയായി ലോക ഒന്നാം നമ്പർ താരമാണ്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബ്ൾഡണും താരം നേടിയിരുന്നു. 44 വർഷത്തിന് ശേഷം ആസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടിയ ഒരു ഓസ്‌ട്രേലിയൻ താരമെന്ന റെക്കോഡ് ബാർതിക്കാണ്. 1978ൽ ആസ്‌ട്രേലിയക്കാരി ക്രിസ് ഒനീൽ ആണ് ആസ്‌ട്രേലിയൻ ഓപ്പണിൽ അവസാനമായി കിരീടം ചൂടിയത്. 1980ൽ ഇവോൺ ഗൂലാഗോങ്ങിന് ശേഷം വിംബ്ൾഡൺ ജയിക്കുന്ന ആദ്യ ആസ്‌ട്രേലിയക്കാരിയുമാണ് ബാർട്ടിി

ജീവിതത്തിലെ ഓൾറൗണ്ടർ

ജീവിതത്തിൽ എല്ലാ അർഥത്തിലും ഓൾറൗണ്ടറാണ് ബാർട്ടി. നെറ്റ്ബാളിൽ നിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ചു അവൾ. ക്വീൻസ്‌ലാൻഡിലെ ഗോത്രവർഗ കുടുംബത്തിൽ ജനിച്ച ബാർട്ടി നാലു വയസ്സുമുതൽ റാക്കറ്റേന്താൻ തുടങ്ങിയതാണ്. ടെന്നിസിനപ്പുറം തന്റെ മൂത്ത രണ്ട് സഹോദരിമാർക്കൊപ്പം നെറ്റ്ബാളും കളിക്കുമായിരുന്നു.

നെറ്റ്ബാൾ വനിതകളുടെ മാത്രം കളിയായതുകൊണ്ട് പുരുഷന്മാരോടും ഏറ്റുമുട്ടാം എന്ന ആഗ്രഹത്തിലാണ് ടെന്നിസിൽ ഉറച്ചുനിൽക്കുന്നത്. ഐ.ടി.എഫ് ജൂനിയർ സർക്യൂട്ടിൽ കളിച്ചുതുടങ്ങിയ ബാർതി 2011ലാണ് ആസ്‌ട്രേലിയൻ ഓപ്പണിന്റെ ജൂനിയർ ഗ്രാൻഡ്സ്ലാമിൽ കളിക്കുന്നത്. ആദ്യ റൗണ്ടിൽതന്നെ പുറത്തായെങ്കിലും അതേവർഷം വിംബ്ൾഡൺ ജൂനിയർ കിരീടം ചൂടി ബാർതി വരവറിയിച്ചു.

2013ൽ ആസ്‌ട്രേലിയ ഓപ്പണിലും വിംബിൾഡണിലും ഡബിൾസ് റണ്ണറപ്പായിരുന്നു. അടുത്തവർഷം എല്ലാവരെയും ഞെട്ടിച്ച് ടെന്നിസിന് വിശ്രമം നൽകി ക്രിക്കറ്റിന്റെ പിറകെ പോയി. തന്റെ ബാക്ക്ഹാൻഡ് ഷോട്ട് ക്രിക്കറ്റിലേക്ക് പരിവർത്തനം ചെയ്ത് ബിഗ്‌ബാഷ് വിമൻസ് ലീഗിൽ തിളങ്ങി. 2016ൽ വീണ്ടും തീരുമാനം മാറ്റി ടെന്നിസ് റാക്കേറ്റേന്തി. ആ തിരിച്ചുവരവ് വെറുതെയായില്ല.

ഡബിൾസിൽ 2017ൽ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പും 2018ൽ യു.എസ് ഓപ്പൺ കിരീടവും ചൂടി. 2019ൽ ഓസ്‌ട്രേലിയൻ ഓപൺ സിങ്ൾസിൽ ക്വാർട്ടറിൽ വീണ ബാർതി, ഫ്രഞ്ച് ഓപ്പണിലൂടെ ആദ്യ സിങ്ൾസ് ഗ്രാൻഡ്സ്ലാം കീരിടം ചൂടുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ കിരിടം നേടുന്ന രണ്ടാമത്തെ ആസ്‌ട്രേലിയൻ ഗോത്രവർഗക്കാരിയാണ് ബാർട്ടി. 1971ൽ കപ്പടിച്ച ഇനോണി ഗുലാഗോങ് കൗളിയാണ് ആദ്യ താരം.