മുംബൈ: ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇതിൽ ആദ്യത്തേത്.

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഐപിഎല്ലും ടി20 ലോകകപ്പും കഴിഞ്ഞ് നവംബറിൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡുമായി ഇന്ത്യ രണ്ട് ടെസ്റ്റുകളിൽ കളിക്കും. ഇന്ത്യയിലാകും ഈ പരമ്പര. ഇതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയാണ് അടുത്തത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുണ്ടാകുക.

ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹോം സീരീസാകും ഇത്.

ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം നാട്ടിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. 2022 പകുതിക്കുശേഷം നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയിൽ കളിക്കുക. ഇതിനുശേഷം ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കും.