സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ ആദ്യ സെഷൻ മഴമൂലം ഉപേക്ഷിച്ചു. ടോസിടാൻ പോലും കഴിയാത്ത പ്രതികൂലമായ കാലാവസ്ഥയാണ് സതാംപ്ടണിൽ എന്നാണ് റിപ്പോർട്ടുകൾ. ഉച്ച തിരിഞ്ഞ് 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്.

ആദ്യ ദിവസം മഴയിൽ നഷ്ടപ്പെട്ടേക്കുമെന്ന സൂചന നൽകുന്നതാണ് കാലാവസ്ഥാ പ്രവചനങ്ങൾ. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചു ഇന്നു സതാംപ്റ്റണിൽ ഇന്നു കനത്ത മഴ പെയ്തേക്കും. ഇത് ഏറെ നേരം നീണ്ടു നിന്നേക്കും.

എപ്പോൾ കളി ആരംഭിക്കാനാകും എന്ന് ഇപ്പോൾ വ്യക്തമല്ല. മുൻ നിശ്ചയിച്ച സമയക്രമം പ്രകാരം ഇന്ത്യൻസമയം വൈകിട്ട് അഞ്ച് മണിക്കാണ് ആദ്യ സെഷൻ അവസാനിക്കേണ്ടത്.

ഫൈനൽ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. റിസർവ് ദിവസം ഉണ്ടെങ്കിലും അഞ്ചു ദിവസവും ഏറെ നേരം മഴയെ തുടർന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. സമനിലയിൽ പിരിഞ്ഞാൽ ഇരു ടീമുകളെയും വിജയിയായി പ്രഖ്യാപിക്കും.

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയിരുന്നു. അതേസമയം മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരും ഉൾപ്പെടെ അഞ്ചു ബൗളർമാരുമായാണ് ഇന്ത്യ കളിക്കുന്നത്.

അശ്വിനൊപ്പം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ എത്തിയത് ഇന്ത്യയുടെ ബാറ്റിങ് ആഴം വർധിപ്പിക്കുന്നു. ഇൻട്രാസ്‌ക്വാഡ് മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് മുതൽക്കൂട്ടായുണ്ട്. എന്നാൽ അന്തിമ ഇലവൻ എങ്ങനെയായിരിക്കും എന്ന കാര്യം സർപ്രൈസാക്കി വച്ചിരിക്കുകയാണ് കിവികൾ.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ

വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റൻ), റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി.