സതാംപ്ടൺ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ സ്‌കോർ 62 റൺസിൽ നിൽക്കേ രോഹിത് ശർമയാണ് ആദ്യം മടങ്ങിയത്. പിന്നാലെ ശുഭ്മാൻ ഗില്ലും പുറത്തായി.

കെയ്ൽ ജാമിസണിന്റെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച് നൽകിയാണ് ഹിറ്റ്മാൻ മടങ്ങിയത്. വാഗ്‌നറുടെ പന്തിൽ വിക്കറ്റ് കീപ്പർ വാട്‌ലിങിന് പിടി നൽകിയാണ് ശുഭ്മാൻ ഗില്ലിന്റെ മടക്കം.

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പൂജാരയും അഞ്ച് റണ്ണുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ക്രീസിൽ. 

ടോസ് നേടി ന്യൂസിലൻഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ 62 റൺസിൽ നിൽക്കേയാണ് രോഹിത് വീണത്. സ്‌കോർ ബോർഡിൽ ഒരു റൺ കൂടി ചേർത്ത് ഗില്ലും മടങ്ങി.

രോഹിത് 68 പന്തുകൾ നേരിട്ട് ആറ് ഫോറുകൾ സഹിതം 34 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ജമൈസണിന്റ ഔട്ട് സ്വിംഗർ കുടുക്കി. ഓഫ് സ്റ്റംപിന് പുത്തുപോയ പന്തിൽ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പിൽ ടിം സൗത്തി പറന്നു പിടിച്ചു. ഗിൽ 64 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകൾ സഹിതം 28 റൺസ് കണ്ടെത്തി.

ടോസിൽ ഒരിക്കൽ കൂടി കോലിയെ ഭാഗ്യം കൈവിട്ടപ്പോൾ ഇന്ത്യ ആശങ്കയുടെ പിച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളർമാർക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തിൽ. ടെസ്റ്റിന് ഒരു ദിവസം മുമ്പെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ രണ്ട് സ്പിന്നർമാരെ ടീമിലുൾപ്പെടുത്തിയപ്പോൾ കിവീസാകട്ടെ നാലു പേസർമാരും ഒരു പേസ് ഓൾ റൗണ്ടറുമായാണ് ഗ്രൗണ്ടിലിറങ്ങിയത്.

രണ്ട് ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളർമാരെ അകമഴിഞ്ഞ് പിന്തുണക്കുമെന്നും പേസർമാർക്ക് മികച്ച സ്വിങ് ലഭിക്കുമെന്നും കരുതിയെങ്കിലും പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ചേർന്ന് തുടക്കമിട്ട കീവി ബൗളിംഗിനെ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്.

സൗത്തി എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ രോഹിത് മൂന്ന് റൺസെടുത്തു. ആറാം ഓവറിൽ ബോൾട്ടിനെതിരെ ആയിരുന്നു ഇന്ത്യുടെ ആദ്യ ബൗണ്ടറി. ബോൾട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യൻ ഓപ്പണിങ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാനാവാഞ്ഞതോടെ കീവി ക്യാപ്റ്റൻ വില്യംസൺ ആദ്യം ബൗളിങ് മാറ്റമായി കെയ്ൽ ജമൈസണെയും കോളിൻ ഡി ഗ്രാൻഡ്‌ഹോമെയും കൊണ്ടുവന്നു.

ബൗളിങ് മാറ്റത്തിനും രോഹിത്തിനും ഗില്ലിനും ഭീഷണി ഉയർത്താനായില്ല. കോളിൻ ഡി ഗ്രാൻഡ്‌ഹോമെയുടെ പന്തിൽ രോഹിത്തിനെ കിവീസ് എൽബിഡബ്ല്യുവിനായി റിവ്യു ചെയ്‌തെങ്കിലും ഇൻസൈഡ് എഡ്ജ് ചെയ്തിരുന്നതിനാൽ ന്യൂസിലൻഡിന് റിവ്യു നഷ്ടമായി. 18-ാം ഓവറിൽ ഗ്രാൻഡ്‌ഹോമെയെ ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയെ 50 കടത്തി.