സതാംപ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ നാലാം ദിനവും മഴ കളി മുടക്കി. ഒരു പന്ത് പോലും എറിയാതെയാണ് നാലാം ദിനത്തിലെ കളി ഉപേക്ഷിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമായ നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് പുനരാരംഭിക്കാനിരിക്കെയാണ് മത്സരം മഴയെ തുടർന്ന് തടസ്സപ്പെട്ടത്. കാലാവസ്ഥയിൽ മാറ്റമില്ലാതിരുന്നതോടെ തിങ്കളാഴ്ച കളിയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ മുതൽ തുടർന്ന ചാറ്റൽ മഴ മൂലം ആദ്യ രണ്ട് സെഷനുകളും നേരത്തെ ഉപേക്ഷിച്ചിരുന്നു. അവസാന സെഷനിൽ മഴ കനത്തിനാൽ നാലാം ദിവസത്തെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ ആദ്യ ദിവസത്തെ കളിയും ടോസ് പോലും സാധ്യമല്ലാത്ത സാഹചര്യത്തിൽ പൂർണമായും ഉപേക്ഷിച്ചിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.

54 റൺസെടുത്ത ഓപ്പണർ ഡെവോൺ കോൺവെയുടെയും 30 റൺസെടുത്ത ടോം ലാഥമിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. അശ്വിനും ഇഷാന്തുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്‌ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ കിവീസിന് 116 റൺസ് കൂടി മതി.

രണ്ടാം ദിനത്തിലെ ചെറുത്തുനിൽപിനുശേഷം ഞായറാഴ്ച കൂട്ടത്തകർച്ച നേരിട്ടാണ് ഇന്ത്യ 217നു പുറത്തായത്. 5 വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചതു ജയ്മിസനാണ്. ട്രെന്റ് ബോൾട്ട്, നീൽ വാഗ്‌നർ എന്നിവർ 2 വിക്കറ്റ് വീതം നേടി. മഴമൂലം അര മണിക്കൂർ വൈകിത്തുടങ്ങിയ 3ാം ദിനത്തിൽ 3ന് 146ൽ ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 71 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓൾഔട്ടായി. അവസാന 3 വിക്കറ്റുകൾ വീണത് 4 പന്തുകൾക്കിടയിൽ. തലേന്നു ക്രീസിൽ കരുതലോടെ നിലയുറപ്പിച്ച കോലിക്ക് (44) ഇന്നലെ ഒരു റൺ പോലും നേടാനായില്ല. പുറത്തായപ്പോൾ റിവ്യൂ കൊടുത്തെങ്കിലും രക്ഷപ്പെട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് 576ാം ദിവസം പിന്നിട്ടു.

ഇതുവരെ 142 ഓവറുകൾ മാത്രമാണ് മത്സരത്തിൽ ബൗൾ ചെയ്യാനായത്. അതിനിടെ മത്സരത്തിന്റെ റിസർവ് ദിനത്തിലെ ടിക്കറ്റുകൾ ഐസിസി സൗജന്യനിരക്കിൽ വിതരണം ആരംഭിച്ചിട്ടുണ്ട്.

നാലാം ദിനവും പൂർണമായും നഷ്ടമായതോടെ ആവേശത്തോടെ കാത്തിരുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫലമുണ്ടാകാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു. മത്സരത്തിന് ഒരു റിസർവ് ദിനം മാത്രമാണുള്ളത്. 146-3 എന്ന സ്‌കോറിൽ മൂന്നാം ദിനം ബാറ്റിം?ഗ് പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 217 റൺസിന് ഓൾ ഔട്ടായിരുന്നു. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കിവീസിനായി കെയ്ൽ ജമൈസൺ അഞ്ച് വിക്കറ്റെടുത്തു.