സതാംപ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ഇന്നിങ്‌സിൽ ന്യൂസീലൻഡ് 249 റൺസിന് പുറത്തായി. അഞ്ചാം ദിവസം രണ്ടിന് 101 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന് 148 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളും നഷ്ടമായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു.

76 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ ഇഷാന്ത് ശർമയും ബോളിങ്ങിൽ ഇന്ത്യയ്ക്കായി തിളങ്ങി. അശ്വിൻ രണ്ടു വിക്കറ്റും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. നായകൻ കെയ്ൻ വില്യംസണിന്റെ പ്രതിരോധവും വാലറ്റത്തിന്റെ പോരാട്ടങ്ങളുമാണ് അഞ്ചാം ദിനം കിവികളെ തുണച്ചത്.

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 177 പന്തുകൾ നേരിട്ട് 49 റൺസെടുത്താണു പുറത്തായത്. ആവേശത്തിനു വിലങ്ങിട്ടു അഞ്ചാം ദിനത്തിലും മഴ പെയ്‌തെങ്കിലും, പതിവിലും വൈകി കളി തുടങ്ങി. മഴ സമ്പൂർണമായി തടസ്സപ്പെടുത്തിയ നാലാം ദിനത്തിനു പിന്നാലെയാണ് അഞ്ചാം ദിനം രാവിലെ മഴയെത്തിയത്. പതിവിലും വൈകിയെങ്കിലും മത്സരം പുനരാരംഭിച്ചു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് അഞ്ചാം ദിനം ന്യൂസീലൻഡ് ബാറ്റിങ് ആരംഭിച്ചത്.

അഞ്ചാം ദിനമായ ഇന്ന് കളിയാരംഭിക്കുമ്പോൾ നായകൻ കെയ്ൻ വില്യംസണും(12*), റോസ് ടെയ്‌ലറുമായിരുന്നു(0*) ക്രീസിൽ. ന്യൂസിലൻഡ് സ്‌കോർ 101/2. എന്നാൽ 37 ബോളുകൾ നേരിട്ട് 11 റൺസ് മാത്രം കുറിച്ച ടെയ്ലറെ ഷമി, ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തിരിച്ചുവരവിന്റെ സൂചന കാട്ടി. ഹെന്റി നിക്കോൾസ് 23 പന്ത് നേരിട്ട് 7 റൺസുമായി രണ്ടാം സ്ലിപ്പിൽ രോഹിത്തിന്റെ കൈകളിലെത്തി. ഇഷാന്ത് ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ബി ജെ വാട്ലിംഗിനെയും കാലുറപ്പിക്കാൻ ഷമി സമ്മതിച്ചില്ല. ഒന്നാന്തരമൊരു ഗുഡ് ലെങ്ത് പന്ത് മിഡിൽ സ്റ്റംപ് പിഴുതു. മൂന്ന് പന്തിൽ ഒരു റൺസ് മാത്രമാണ് സമ്പാദ്യം.

പൊരുതിക്കളിച്ച നായകൻ കെയ്ൻ വില്യംസണിനൊപ്പം കോളിൻ ഡി ഗ്രാൻഡ്ഹോം കിവികളെ അഞ്ചാം ദിനം രണ്ടാം സെഷൻ കടത്തി. എന്നാൽ എൽബിയുമായി ഷമി എത്തിയതോടെ 30 പന്തിൽ 13 റൺസുമായി ഗ്രാൻഡ്ഹോം മടങ്ങി. ഇതോടെ ഇന്ത്യ പിടിമുറുക്കി. എട്ടാമനായെത്തിയ കെയ്ൽ ജാമീസൺ എത്രയും വേഗം ന്യൂസിലൻഡിന് ലീഡ് സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു. തനിക്കെതിരെ തുടർച്ചയായ രണ്ടാം സിക്സറിന് ശ്രമിച്ച ജാമീസണെ ബുമ്രയുടെ കൈകളിലെത്തിച്ച് വീണ്ടും ഷമി ആഞ്ഞടിച്ചു. സ്‌കോർ-192-7. ജാമീസൺ 16 പന്തിൽ 21 റൺസ് നേടി. പിന്നാലെ വില്യംസൺ-സൗത്തി സഖ്യം കിവീസിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

എന്നാൽ അർധ സെഞ്ചുറിക്ക് തൊട്ടരികെ വില്യംസണെ ഇഷാന്ത് സ്ലിപ്പിൽ കോലിയുടെ കൈകളിൽ ഭദ്രമാക്കി. 177 പന്തുകൾ നീണ്ടുനിന്ന വില്യംസണിന്റെ പ്രതിരോധത്തിൽ ആറ് ബൗണ്ടറികൾ സഹിതം 49 റൺസാണുണ്ടായിരുന്നത്. സൗത്തി കിവികളുടെ ലീഡുയർത്താൻ ശ്രമിച്ചെങ്കിലും മറുവശത്ത് നിൽ വാഗ്‌നറെ(5 പന്തിൽ 0) അശ്വിൻ രഹാനെയുടെ കൈകളിലാക്കി. അവസാനക്കാരനായി ക്രീസിലെത്തിയ ട്രെൻഡ് ബോൾട്ട്(8 പന്തിൽ 7*) പുറത്താകാതെ നിന്നപ്പോൾ 46 പന്തിൽ 30 റൺസെടുത്ത സൗത്തിയെ ബൗൾഡാക്കി ജഡേജ കിവീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.

മികച്ച തുടക്കത്തിന് ശേഷം ടോം ലാഥം(30), ദേവോൺ കോൺവേ(54) എന്നിവരെ കിവികൾക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. മത്സരത്തിന്റെ നാലാം ദിനമായിരുന്ന ഇന്നലെ രാവിലെ മുതൽ നാലര മണിക്കൂറോളം കാത്തിരുന്നിട്ടും മഴ മാറിയില്ല. 2 ദിവസം പൂർണമായും മഴയിൽ മുങ്ങിയതോടെ പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സമനിലയിൽ അവസാനിക്കാനുള്ള സാധ്യതയേറി. ടെസ്റ്റിന്റെ ആദ്യദിനവും മഴമൂലം ഉപക്ഷിച്ചിരുന്നു. മഴ മാറിനിന്ന 2 ദിവസങ്ങളിൽ വെളിച്ചക്കുറവുമൂലം മത്സരം നേരത്തേ അവസാനിപ്പിക്കേണ്ടിയും വന്നു. ഒരു റിസർവ് ദിനം കൂടി ബാക്കിയുണ്ടെങ്കിലും മത്സരത്തിൽ ജേതാക്കളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണു വിലയിരുത്തൽ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 217 റൺസിൽ പുറത്തായിരുന്നു. 22 ഓവറിൽ 31 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസർ കെയ്ൽ ജാമീസണാണ് ഇന്ത്യയെ തകർത്തത്. രോഹിത് ശർമ്മ(34), ശുഭ്മാൻ ഗിൽ(28), ചേതേശ്വർ പൂജാര(8), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിൻ(22), ഇഷാന്ത് ശർമ്മ(4), ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്‌കോർ. ജാമീസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ ട്രെൻഡ് ബോൾട്ടും നീൽ വാഗ്നറും രണ്ട് പേരെ വീതവും ടിം സൗത്തി ഒരാളെയും പുറത്താക്കി.