- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാമിന്നിങ്‌സിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി; അഞ്ചാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 64 റൺസ്; കിവീസിന് 32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; റിസർവ് ദിനത്തിലെ പോരാട്ടം നിർണായകം
സതാംപ്റ്റൺ: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാമിന്നിങ്‌സിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. അമ്പത് റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണർമാർ രണ്ടുപേരെയും നഷ്ടമായി. അഞ്ചാം ദിനം കളി നിർത്തുമ്പോൾ 30 ഓവറിൽ രണ്ട് വിക്കറ്റിന് 64 റൺ്‌സ് എന്ന നിലയിലണ് ഇന്ത്യ. എട്ട് റൺസ് എടുത്ത വിരാട് കോലിയും 12 റൺ്‌സ് എടുത്ത ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. നഷ്ടപ്പെട്ട ദിവസത്തെ കളി റിസർവ് ഡേ ആയ ബുധനാഴ്‌ച്ച നടക്കും.
33 പന്തിൽ നിന്ന് എട്ട് റൺസെടുത്ത ഗുഭ്മാൻ ഗില്ലും 81 പന്തിൽ നിന്ന് 30 റൺസെടുത്ത രോഹിത് ശർമയും മടങ്ങി. രണ്ടുപേരെയും സൗത്തി വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് തിരിച്ചയച്ചത്. സ്‌കോർ 24ൽ എത്തിനിൽക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 217 റൺസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 32 റൺസ് ലീഡ് നേടി 249 റൺസിനാണ് പുറത്തായത്..
മഴ മൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ അഞ്ചാം ദിവസത്തെ കളിയിൽ മുഹമ്മദ് ഷമിയുടെ ബൗളിങ്ങിൽ ന്യൂസീലന്റിന് പിടിച്ചുനിൽക്കാനായില്ല. രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിൽ അഞ്ചാം ദിവസം തുടങ്ങിയ ന്യൂസീലൻഡിന് 16 റൺസ് ചേർക്കുന്നതിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 11 റൺസെടുത്ത റോസ് ടെയ്‌ലറെ മുഹമ്മദ് ഷമി ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ഹെൻ?റി നിക്കോൾസിനെ (7) ഇഷാന്ത് ശർമ പുറത്താക്കി. രോഹിത് ശർമ ക്യാച്ച് ചെയ്തു. അടുത്തത് ബിജെ വാട്ട്‌ലിങ്ങിന്റെ ഊഴമായിരുന്നു. നേരിട്ട മൂന്നാം പന്തിൽ വാട്ട്‌ലിങ്ങിനെ ഷമി ബൗൾഡാക്കി. ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം.ഇതോടെ ലഞ്ചിന് പിരിയുമ്പോൾ കിവികൾക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി.
ഉച്ചഭക്ഷണത്തിന് ശേഷവും ഷമി ആധിപത്യം തുടർന്നു. 30 പന്തിൽ 13 റൺസെടുത്ത ഗ്രാന്റ്‌ഹോമിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഷമി വീണ്ടും കത്തിക്കയറി. ഷമിയുടെ അടുത്ത ഇര കെയ്ൽ ജമെയ്‌സണായിരുന്നു. ജമെയ്‌സൺ ബുംറയുടെ കൈയിലെത്തുമ്പോഴേക്കും 16 പന്തിൽ 21 റൺസ് അടിച്ചിരുന്നു. ഒരു സിക്‌സും ജമെയ്‌സൺന്റെ ബാറ്റിൽ നിന്ന് പിറന്നു.
ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണായിരുന്നു എട്ടാമതായി പുറത്തായത്. 177 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ വില്ല്യംസൺ 49 റൺസടിച്ചു. അർധ സെഞ്ചുറിയിലെത്തും മുമ്പ് ഇഷാന്ത് ശർമയാണ് വില്ല്യംസൺന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തിയത്. അപ്പോഴേക്കും ന്യൂസീലന്റ് സ്‌കോർ 200 കടന്നിരുന്നു. അഞ്ചു പന്ത് നേരിട്ട നീൽ വാഗ്‌നറെ അക്കൗണ്ട് തുറക്കുംമുമ്പ് അശ്വിൻ തിരിച്ചയച്ചു. രവീന്ദ്ര ജഡേജയ്ക്കു മുമ്പിൽ ടിം സൗത്തിയുടെ ചെറുത്തുനിൽപ്പും അവസാനിച്ചു. 46 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം സൗത്തി 30 റൺസ് അടിച്ചു.
30 റൺസെടുത്ത ടോം ലാഥത്തിന്റേയും 54 റൺസെടുത്ത ഡെവോൺ കോൺവേയുടേയും വിക്കറ്റുകൾ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യക്കായി മുഹമ്മദ് ഷമി 26 ഓവറിവൽ 76 റൺസ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശർമ 25 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റും നേടി. ആർ അശ്വിൻ രണ്ടു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.
മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്.
സ്പോർട്സ് ഡെസ്ക്