ദോഹ. ഖത്തറിലെ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആന്റി സ്‌മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകവലി വിരുദ്ധ ദിനാചരണ പരിപാടികൾ സംഘാടക മികവിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഖത്തർ പൊതുജനാരോഗ്യ വിഭാഗം ഡയരക്ടർ ഡോ. ശൈഖ് മുഹമ്മദ് അൽ ഥാനി ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവൽക്കരണ രംഗത്ത് ആന്റി സ്‌മോക്കിങ് സൊസൈറ്റി ചെയ്യുന്ന സേവനങ്ങൾ ശൽഘനീയമാണെന്നും ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് തലത്തിലുള്ള പുകവലി വിരുദ്ധ പ്രവർത്തനങ്ങൾ സന്നദ്ധ സംഘങ്ങളും സ്വകാര്യ സംരംഭകരും ഏറ്റെടുക്കുന്നത് സന്ദേശം ജനകീയമാക്കാനും ലക്ഷ്യം നേടാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജെറ്റ് എയർവേയ്‌സ് ഖത്തർ ജനറൽ മാനേജർ അനിൽ ശ്രീനിവാസൻ ചടങ്ങിൽ ഗസ്റ്റ് ഓഫ് ഹോണറായിരുന്നു. ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സ്‌ക്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അണി നിരന്നപ്പോൾ ഇന്റർ സ്‌ക്കൂൾ മൽസരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായി. വിവിധ സ്‌കകൂൾ അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും കൈകോർത്തപ്പോൾ പുകവലി വിരുദ്ധ പ്രവർത്തനം സാമൂഹ്യ ബാധ്യതയാണെന്നും ഓരോരുത്തരും മനസു വച്ചാൽ വിപൽവകരമായ മാറ്റം സാധ്യമാണെന്നും സദസ്സ് തിരിച്ചറിഞ്ഞു. പുകവലിക്കാരായിരുന്ന പല രക്ഷിതാക്കളും പുകവലി വിരുദ്ധ പ്രതിജ്ഞയെടുത്താണ് വേദി വിട്ടത്.



ആന്റി സ്‌മോക്കിങ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് , ചെയർമാൻ ഡോ. എം. പി. ഹസൻ കുഞ്ഞി, നിർവാഹക സമിതി അംഗം സയ്യിദ് ഷൗക്കത്തലി, കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഷബീറലി കൂട്ടിൽ , സിയാഹു റഹ് മാൻ, സൈദലവി അണ്ടേക്കാട്, ഖാജാ ഹുസൈൻ, അശ്കറലി, ഹംസ നെടുംകണ്ടത്തിൽ, അബൂബക്കർ മാടമ്പത്ത്, അഫ്‌സൽ കിളയിൽ, ഷറഫുദ്ധീൻ തങ്കയത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിഥികളും സംഘാടകരും വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സൊസൈറ്റി ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
ദോഹാ ബാങ്കും ജെറ്റ് എയർവേയ്‌സുമാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത്.