മോസ്‌കോ: ലോകം അടുത്തൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ? ബ്രിട്ടനിൽ റഷ്യൻ ചാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷം മുറുകുകയും അമേരിക്കയും ബ്രിട്ടനും ഒരു ചേരിയിലും റ്ഷ്യയും ചൈനയും മറുചേരിയിലും നിലകൊള്ളുന്നതോടെ ലോകം അടുത്ത ലോക യുദ്ധത്തിലേക്ക് നീങ്ങുന്നോ എന്ന ആശങ്ക ലോകമാകെ പ്രചരിക്കുന്നു. ഇതിന് ആക്കംകൂട്ടി റഷ്യയിലെ മുൻ സേനാ മേധാവിയും രംഗത്തെത്തി.

ബ്രിട്ടന്റെ ഡബിൾ ഏജന്റിനു നേരെ വിഷപ്രയോഗം നടത്തി കൊല്ലപ്പെടുത്താൻ റഷ്യ ശ്രമിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭവമാണ് പുതിയ തലത്തിൽ എത്തുന്നതും ചർച്ചയാകുന്നതും. ഇതിന് പിന്നാലെയാണ് ലോകമഹായുദ്ധത്തിന്റെ മുന്നറിയിപ്പുമായി മുൻ ലഫ്.ജനറൽ രംഗത്ത് എത്തുന്നത്. സംഭവിച്ചേക്കാവുന്ന 'അവസാനത്തെ' മഹായുദ്ധത്തിന്റെ പടിവാതിൽക്കലാണു ലോകമെന്ന് റഷ്യയുടെ മുൻ ലഫ്. ജനറൽ എവ്‌ഗെനി ബുഷിൻസ്‌കിയാണു ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി അഭിപ്രായപ്പെട്ടത്. ശീതയുദ്ധകാലത്തേക്കാൾ ഗുരുതരമാണു ഇപ്പോഴത്തെ സ്ഥിതിവിശേഷം. 41 വർഷം റഷ്യൻ സേനയിൽ സേവനമനുഷ്ഠിച്ച എവ്‌ഗെനി ബിബിസി റേഡിയോക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞതോടെ വിഷയം ലോകത്തെമ്പായും വലിയ ചർച്ചയാവുന്നു.

മാർച്ച് ആദ്യമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിലെ 'ദ് മാൾട്ടിങ്‌സ്' എന്ന ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രീപലിനെയും മകൾ യുലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. എന്നാൽ തങ്ങളുടെ മുൻ ചാരനു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യ വ്യക്തമാക്കി. എന്നാൽ റഷ്യൻ വാക്കുകൾ തള്ളി യുകെ റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ നിർദേശിച്ചാണ് ബ്രിട്ടൻ എതിർപ്പു വ്യക്തമാക്കിയത്. ഇതിനു മറുപടിയായി യുകെയുടെ നയതന്ത്രപ്രതിധിനികളെ റഷ്യയും പുറത്താക്കി. ഇതിനു പിന്നാലെയാണു റഷ്യയ്ക്കു നേരെ രാജ്യാന്തര തലത്തിൽ സംഘടിത നീക്കമുണ്ടായത്.

സംഭവത്തിനു പിന്നിൽ റഷ്യയാകാമെന്ന് 14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗവും അഭിപ്രായപ്പെട്ടതോടെയാണ് വിഷയം ലോകരാഷ്ട്രങ്ങൾക്കിടെ ചേരിതിരിവിന് കാരണമായ്ത. ഇതിന് പിന്നാലെ ബ്രിട്ടനുള്ള പിന്തുണയായി റഷ്യയുടെ നയതന്ത്രപ്രതിനിധികളെ യുഎസ് പുറത്താക്കി. 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സിയാറ്റിലിലെ കോൺസുലേറ്റ് അടച്ചുപൂട്ടാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. വാഷിങ്ടനിലെ യുഎസ് എംബസിയിലെ 48 നയതന്ത്രജ്ഞരെയും ന്യൂയോർക്കിൽ യുഎന്നിലെ 12 പേരെയുമാണു യുഎസ് പുറത്താക്കിയത്. ശീതയുദ്ധകാലത്തിനുശേഷം റഷ്യയ്‌ക്കെതിരെ യുഎസ് നടത്തിയ ഏറ്റവും വലിയ നീക്കവുമായിരുന്നു അത്. സമാന നീക്കം നടത്തി റഷ്യയും യുഎസ് പ്രതിനിധികളെ പുറത്താക്കിയതോടെ ശീതയുദ്ധകാലത്തിന് സമാനമായ സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ലോകത്തെ പ്രമുഖ ആണവശക്തികൾതന്നെ ഇത്തരത്തിൽ കൊമ്പുകോർക്കുന്നതോടെ ലോകനാശകാരിയായ മഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് വിലയിരുത്തലുകൾ.