ദോഹ. ജീവജലമായ ശുദ്ധ ജലം എല്ലാവർക്കും ലഭ്യമാവുകയും ജലജന്യമായ എല്ലാതരം രോഗങ്ങളിൽ നിന്നും സമൂഹത്തിന് മോചനം ലഭിക്കുകയും ചെയ്യണമെന്ന പുരോഗതിയുടെ രസതന്ത്രമാണ് ലോകജലദിനം നല്ല ജലം, നല്ല ജോലി എന്ന പ്രമേയത്തിലൂടെ ചർച്ചക്ക് വയ്ക്കുന്നതെന്ന് ഫ്രന്റ്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കീഴിശ്ശേരി അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്യര്യപൂർണമായ നിലനിൽപിനായി പ്രയോജനപ്പെടുന്നത്. ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാൻ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
വായു, ജീവൻ, പോലെ പ്രധാനപ്പെട്ടതാണ് വെള്ളം എന്ന ബോധ്യമുണ്ടാകുമ്പോൾ സമൂഹത്തിന്റെ സമീപനത്തിലും നിലപാടുകളിലും ആശാവഹമായ മാറ്റങ്ങളുണ്ടാകും. പിഴ വരുമ്പോൾ മാത്രമല്ല വെള്ളത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ദൈവത്തിന്റെ അനുഗ്രഹീത വരദാനമായ ജലത്തെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയും എന്ന ആലോചന വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇ. എം. സുധീർ, കോയ കൊണ്ടോട്ടി, സിദ്ധീക് മുഹമ്മദ്, നിയാസ്, വി.വി. ഹംസ, നിസാർ തൗഫീഖ്, മശ്ഹൂദ് തിരുത്തിയാട് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മീഡിയ പ്ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അൽ സുവൈദ് ഗ്രൂപ്പിനുള്ള മെമന്റോ അബ്രിം ഇന്റർനാഷണൽ കൺസൽട്ടന്റ്സ് മാനേജിങ് ഡയറക്ടർ സിദ്ധീക് അഹ്മദ് അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.വി. ഹംസക്ക് സമ്മാനിച്ചു. അബ്ദുൽ ഫത്താഹ് നിലമ്പൂർ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.

ജല സംരക്ഷണ പ്രമേയമാക്കി ഉസ്മാൻ മാരാത്ത് അണിയിച്ചൊരുക്കിയ അസ്വാ (ബാറ്റൺ ഓഫ് ദ ഷപ്പേർഡ് ), പ്രശസ്ത ഫോട്ടോ ജർണലിസ്റ്റ് നജീബ് ഷാ സംവിധാനം ചെയ്ത ദ തേർസ്റ്റ്, എം. മനോഹർ കുമാർ സംവിധാനം ചെയ്ത ഡ്രോപ്പ് എന്നീ ഹൃസ്വ ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തിൽപ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനിൽപ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയുള്ള ദിനമാണ് മാർച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടനയുടെ എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് കോൺഫറൻസിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്ന നിർദ്ദേശം ഉയർന്നു വന്നത്. ഈ നിർദ്ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതൽ മാർച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാൻ തുടങ്ങിയത്.