പുതുവർഷത്തലേന്ന് സെക്‌സ് പാർട്ടി നടന്ന ഹാളിന് കാവൽനിൽക്കെ കുത്തേറ്റ റുമാനിയക്കാരനായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മേഫെയറിലെ ഹാളിലാണ് അറബ് മുതലാളിമാരുടെ മക്കളടക്കമുള്ളവർക്കായി ഫാസ്റ്റ് എഡ്ഡി ഡാവൻപോർട്ട് സെക്‌സ് പാർട്ടി സജ്ജമാക്കിയത്. ഇവിടെ ഹാളിന് മുന്നിൽ കാവൽനിന്നിരുന്ന ടുഡോർ സിമിയോനോവിനാണ് അതിക്രമിച്ച് കയറാനെത്തിയവരെ തടയുന്നതിനിടെ കുത്തേറ്റത്. അക്രമമുണ്ടായി ഞൊടിയിടയിൽ, പാർട്ടിയിൽ പങ്കെടുത്തിരുന്നവരെ ഡാവൻപോർട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പുതുവർഷത്തലേന്ന് ആരംഭിച്ച പാർട്ടി പിറ്റേന്ന് പുലർച്ചെയോളം നീണ്ടുനിന്നു. രാവിലെ അഞ്ചരയോടെയാണ് ഇവിടേക്ക് അക്രമിസംഘമെത്തിയത്. അവരെ തടയുന്നതിനിടെയാണ് ടുഡോറിന് കുത്തേറ്റത്. നെഞ്ചിൽ മാരകമായി കുത്തേറ്റ ടുഡോർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാർട്ടി നടത്തിയിരുന്നത് എഡ്ഡിയും രണ്ട് സുഹൃത്തുക്കളും ഒരു ചൈനക്കാരിയും ചേർന്നാണെന്ന് ഹാളിലെ ജീവനക്കാരിലൊരാൾ പറഞ്ഞു. പണമിടപാടുകൾ പൂർണമായും കൈകാര്യം ചെയ്തിരുന്നത് ഡാവൻ പോർട്ടാണ്.

എന്നാൽ, കാവൽക്കാരൻ കൊല്ലപ്പെട്ടതോടെ, ഇങ്ങനെയൊരു പാർട്ടി നടന്നിട്ടേയില്ലെന്ന അവകാശവാദവുമായി ഡാവൻപോർട്ട് രംഗത്തെത്തി. പാർട്ടി സംഘടിപ്പിക്കുകയോ അതിൽ പങ്കെടുക്കാനെത്തിയവരിൽനിന്ന് പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഡാവൻപോർട്ടിന്റെ അഭിഭാഷകൻ സഞ്ജയ് പനേസർ പറഞ്ഞു. എന്നാൽ, സംഭവസമയത്ത് അവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

അറബ് ധനാഢ്യരുടെ മക്കളും നിശാപാർട്ടികളിൽ സ്ഥിരം പങ്കെടുക്കാറുള്ള മറ്റ് സമ്പന്നരുമൊക്കെയാണ് വിരുന്നിലുണ്ടായിരുന്നത്. പങ്കെടുക്കുന്നതിനും മറ്റ് സൗകര്യങ്ങൾക്കുമായി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിയിരുന്നതെന്ന് ജീവനക്കാർ പറയുന്നു. പാർട്ടി ഹാളിൽ കടക്കുന്നതിന് ഒരാളിൽനിന്ന് 100 പൗണ്ട് ഈടാക്കിയിരുന്നു. ആസ്വാദനം കൂടുന്നതനുസരിച്ച് നിരക്കുകളിലും വ്യത്യാസമുണ്ടാകും. 2000 പൗണ്ടുവരെ ഇത്തരത്തിൽ ഈടാക്കിയിരുന്നു. മുമ്പും സെക്‌സ് പാർട്ടികൾ നടത്തിയിട്ടുള്ളയാളാണ് ഡാവൻപോർട്ട്. ഇത്തരം പാർട്ടികൾ സ്ഥിരമായി നടക്കാറുള്ള അപ്പാർട്ട്‌മെന്റാണിത്. ആഴ്ചയ്ക്ക് 5000 പൗണ്ടുവരെ വാടകയ്ക്കാണ് ഇത് ഉടമകൾ വിട്ടുകൊടുക്കാറ്.

ഒമ്പതുപേരടങ്ങിയ സംഘമാണ് പാർട്ടി ഹാളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. ഇവരെ തടയവെയാണ് ടുഡോറിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 26-കാരനായ യുവാവിനെ സ്‌കോട്ട്‌ലൻഡ് യാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റ ടുഡോർ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. രണ്ടുമാസംമുമ്പാണ് ടുഡോറും കാമുകി മദലിന ഏങ്‌ഘെലും ഇംഗ്ലണ്ടിലേക്ക് വന്നത്. പുതുവർഷത്തിൽ വിവാഹിതരാകാൻ തീരുമാനിച്ചിരിക്കെയാണ് ദുരന്തമുണ്ടായതെന്ന് മദലിന പറഞ്ഞു.