- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തശേഷം കുമ്പസാരിച്ചാൽ ഇനി അച്ചന്മാർ പാപം പൊറുക്കില്ല; പാപം ഇല്ലാതാക്കണമെങ്കിൽ പൊലീസിന് കീഴടങ്ങണമെന്ന പ്രായശ്ചിത്തം കൽപിക്കാൻ ഇംഗ്ലണ്ടിലെ വൈദികർക്ക് നിർദ്ദേശം
എത്ര ഗുരുതരമായ കുറ്റം ചെയ്താലും കുമ്പസാരിച്ചാൽ പാപം ഇല്ലാതാകുമെന്ന് കരുതുന്ന ചിലരുണ്ട്. എന്നാൽ, അങ്ങനെ കരുതേണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ. ക്രിമനൽ സ്വഭാവമുള്ള കുറ്റം ചെയ്തവർക്ക് പ്രായശ്ചിത്തം ചെയ്യണമെന്നുണ്ടെങ്കിൽ പൊലീസിന് മുന്നിൽ കീഴടങ്ങുകയാണ് വേണ്ടെതെന്ന് സഭ വ്യക്തമാക്കുന്നു. വികാരിമാർക്കുള്ള മാർഗനിർദ്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. കുറ്റം ചെയ്തതിലൂടെ പതിഞ്ഞ പാപം ഇല്ലാതാകണമെങ്കിൽ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് കുമ്പസാരിക്കാനെത്തുന്നവരോട് നിഷ്‌കർഷിക്കണമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
കുമ്പസാരരഹസ്യം പരസ്യമാക്കരുതെന്നുള്ളതിനാൽ, വികാരിമാർക്ക് ഇക്കാര്യം പുറത്തുപറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കുറ്റം ചെയ്തവരോട് പാപബോധം ഇല്ലാതാക്കണമെങ്കിൽ നിയമത്തിന് മുന്നിൽ കീഴടങ്ങാനുള്ള നിർദ്ദേശം നൽകാൻ സഭ ആവശ്യപ്പെട്ടത്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കുമ്പസാര രഹസ്യം പൊലീസിനോട് വെളിപ്പെടുത്താൻ വികാരിമാരെ അനുവദിക്കാമോ എന്ന ചർച്ച ഇംഗ്ലീഷ് സഭയിൽ കുറച്ചുകാലമായി നിലനിന്നിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാർഗനിർദ്ദേശങ്ങൾ.
കുറ്റകൃത്യം എത്ര വലുതായാലും കുമ്പസാര രഹസ്യം വെളിപ്പെടുത്താമോ എന്ന കാര്യത്തിൽ വികാരിമാർക്കിടയിൽതന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. രഹസ്യം വെളിപ്പെടുത്താതിരിക്കുന്നത് കുറ്റവാളിയെ രക്ഷപ്പെടുത്താൻ അനുവദിക്കുന്നതിന് തുല്യമാണെന്നും വികാരിമാർ സാമൂഹികമായ ഉത്തരവാദിത്വങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെന്നും വാദിക്കുന്നവരുണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തിൽ സഭ വ്യക്തമായ മാനദണ്ഡങ്ങളിറക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് കുറ്റകൃത്യം ക്ഷമിക്കണെങ്കിൽ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് നിഷ്‌കർഷിക്കാനാണ് നിർദ്ദേശം.
വികാരിമാർക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ നേരിടുന്ന കാര്യത്തിലും സഭ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബാലപീഡനമുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണാനാണ് തീരുമാനം. മൂന്ന് ദശാബ്ദങ്ങൾക്കിടെ 18-ഓളം കൗമാരക്കാരെ ലൈംഗികമമായി പീഡിപ്പിച്ചതിന് ഗ്ലൂസ്റ്ററിലെ മുൻബിഷപ്പ് പീറ്റർ ബോളിനെ 35 വർഷത്തെ തടവുശിക്ഷയ്ക്ക് 2015-ൽ വിധിച്ചിരുന്നു. മാഞ്ചസ്റ്ററിലെ മുൻ ഡീൻ റോബർട്ട് വാഡിങ്ടൺ നടത്തിയ ബാലപീഡനങ്ങൾ മറച്ചുവെച്ചതിന് യോർക്കിലെ മുൻ ആർച്ച്ബിഷപപ്പ് ഹോപ്പിനെതിരേയും പൊലീസ് അ്‌ന്വേഷണം നടത്തിയിരുന്നു.
ബാലപീഡനം നടത്തിയെന്ന് ഉറപ്പുള്ള ഒരാളെ ശുശ്രൂഷകളിൽനിന്ന് അകറ്റിനിർത്താൻ വികാരിമാർക്ക് അധികാരമില്ലെന്നും സഭ വ്യക്തമാക്കുന്നു. എന്നാൽ, ഇത്തരക്കാരെ നിയോഗിക്കുമ്പോൾ കരുതൽ വേണം. പള്ളിയിലെ ഉത്തരവാദപ്പെട്ട ഒരാൾ ഇയാൾക്കൊപ്പം സദാ ഉണ്ടായിരിക്കണം. കുട്ടികളോട് ഇടപെടുമ്പോൾ പാലിക്കേണ്ട അതിരുകളെക്കുറിച്ച് ബോധവത്കരിക്കുന്ന ലഘുലേഘകൾ ഇടവകാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.