വിയന്ന: വിദേശികൾക്ക് ജീവിക്കാൻ ഏറ്റവും യോഗ്യമായ നഗരം വിയന്നയാണെന്ന് അന്താരാഷ്ട്ര പഠനം. ജീവിത നിലവാര റാങ്കിംഗിൽ വിയന്ന ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് വിദേശികൾക്ക് ജീവിക്കാൻ യോഗ്യമായ നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത്. മെർസേഴ്‌സ് 2016 ക്വാളിറ്റി ഓഫ് ലൈഫ് സർവേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ഒരു നഗരത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതി, ആരോഗ്യം, എഡ്യൂക്കേഷൻ, ഹൗസിങ്, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ജീവിക്കാൻ ഏറ്റവും യോഗ്യമായ സിറ്റിയെ തെരഞ്ഞെടുക്കുന്നത്. അതേസമയം വിദേശികൾക്ക് ഇവിടെ ലഭിക്കുന്ന സ്വീകാര്യതയും വൻകിട കമ്പനികൾ വിദേശ ജോലിക്കാർക്ക് എത്രത്തോളം ശമ്പളം നൽകുന്നു, അവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതിൽ പ്രധാന ഘടകമാണ്. വിദേശികൾക്ക് രാജ്യത്ത് സുരക്ഷിതത്വത്തോടെ കഴിയാൻ സാധിക്കുമോടെന്ന കാര്യവും ഇക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്.

രണ്ടാം സ്ഥാനത്തെത്തിയ സൂറിച്ച് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പ്രശസ്തമണെന്നും മെർസർ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വെബ്‌സൈറ്റ് സ്വിറ്റ്‌സർലണ്ടിന്റെ ഏറ്റവും സുരക്ഷിതത്വമുള്ള സിറ്റിയായി തെരഞ്ഞെടുത്തിരുന്നു. ഇതുപ്രകാരം ഇവിടുത്തെ വയലൻസ് റേറ്റ് 100,000 ആൾക്കാരിൽ വെറും ഏഴു മാത്രമാണ്. കൂടാതെ നിർബന്ധിത ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

വിയന്നയ്ക്കും സൂറിച്ചിനും പിന്നാലെ ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡും മ്യൂണിക്ക്, വാൻകൂർ എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നഗരങ്ങളിൽ ഒന്നു പോലും ആദ്യ മുപ്പത്തഞ്ചിൽ ഇല്ല. മുപ്പത്തൊമ്പതാം സ്ഥാനത്തുള്ള ലണ്ടനാണ് ഏറ്റവും മുന്നിലുള്ള ബ്രിട്ടീഷ് നഗരം. ബർമിങ്ങാം, അബർഡീൻ, എഡിൻബറോ, ഗ്‌ളാസ്‌ഗോ എന്നിവയും പിന്നിൽ. ടൊറണ്ടോ, മെൽബൺ, പെർത്ത് യഥാക്രമം 15, 16, 21 സ്ഥാനങ്ങൾ നേടി. പഠനമനുസരിച്ച് ഏറ്റവും നീചമായ നഗരം ഇറാഖിലെ ബാഗ്ദാദാണ്.