ബ്രെമർവോഡെ: വർധിച്ച ഇന്ധനവില കാരണം കൈപൊള്ളിയിരിക്കുന്ന അവസ്ഥയാണ് മിക്ക രാജ്യങ്ങളിലെയും സാധാരണക്കാരായ ആളുകൾക്ക്. പ്രത്യേകിച്ചും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ. ഇത്തരം രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന ചുവട് വയ്‌പ്പാണ് ഇപ്പോൾ ജർമ്മനി നടത്തിയിരിക്കുന്നത്. ഹൈഡ്രജനിൽ ഓടുന്ന ലോകത്തിലെ ആദ്യത്തെ ട്രെയിൻ ജർമ്മനി പുറത്തിറക്കിയിരിക്കുകയാണ്. ഇവിടത്തെ മിക്ക ട്രെയിനുകളും ഡീസൽ എൻജിനിലൂടെയാണ് പ്രവർത്തിക്കുന്നത്.

എന്നാൽ ഇവ മൂലമുണ്ടാകുന്ന മലിനീകരണവും അധികമാണ്. ഇത് ഒഴിവാക്കിയാണ് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലൂടെ പുത്തൻ ഹൈഡ്രജൻ ട്രെയിൻ ജർമ്മനി അവതരിപ്പിച്ചിരിക്കുന്നത്.ഫ്രാൻസിലെ അതിവേഗ ഇന്റർസിറ്റി റെയിൽവേ സർവീസായ- ടി ജി വിയുടെ നിർമ്മാതാക്കളായ ആൾസ്റ്റം നിർമ്മിച്ച രണ്ട് ട്രെയിനുകളാണ് പുറത്തിറക്കിയത്. വടക്കൻ ജർമ്മനിയിലെ രണ്ട് നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ രണ്ട് ട്രെയിനുകൾ ഓടുക. 2021 ഓടെ ഇത്തരത്തിൽ 14 ട്രെയിനുകൾ കൂടി ആൾസ്റ്റം പുറത്തിറക്കും.

ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യുവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാണ് പുറന്തള്ളപ്പെടുക. ഉത്പാദിപ്പിക്കപ്പെടുന്ന ഊർജം ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള ലിഥിയം ബാറ്ററിയിൽ ശേഖരിക്കും. ഒറ്റ ടാങ്ക് ഹൈഡ്രജൻ ഉപയോഗിച്ച് 1000 കിലോമീറ്റർ ട്രെയിന് സഞ്ചരിക്കാനാകും.

ഡീസൽ എൻജിൻ ട്രെയിനുകളുടെ അതേ ശേഷിയാണ് ഹൈഡ്രജൻ ട്രെയിനുകൾക്കുമുള്ളത്. ഡീസൽ എൻജിൻ ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനിൽ ഓടുന്ന ട്രെയിന് നിർമ്മാണ ചെലവ് കൂടുതലാണ്. എന്നാൽ ട്രെയിൻ സർവീസിന് ചെലവ് കുറവായിരിക്കുമെന്ന് ആൾസ്റ്റം വിശദീകരിക്കുന്നു. ബ്രിട്ടൻ, നെതർലെൻഡ്സ്, ഡെന്മാർക്ക്, നോർവെ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളും ഹൈഡ്രജൻ ട്രെയിനിലേക്ക് മാറാനുള്ള ആലോചനയിലാണ്.