- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയിൽ; കിഴക്കൻ ലഡാക്കിൽ നിർമ്മിച്ച റോഡ് സ്ഥിതി ചെയ്യുന്നത് 19,300 അടി ഉയരത്തിൽ; പിന്നിലാക്കിയത്, ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോർഡ്
ന്യൂഡൽഹി: ലോകത്തിന്റെ നെറുകയിൽ വാഹനമോടിക്കാൻ ഇനി ലഡാക്കിലേക്ക് പോയാൽ മതി. ലോകത്തിൽ ഏറ്റവും ഉയരത്തിൽ വാഹനമോടിക്കാൻ സാധിക്കുന്ന റോഡ് ലഡാക്കിൽ ഒരുങ്ങിക്കഴിഞ്ഞു. സമുദ്ര നിരപ്പിൽ നിന്ന് 19,300 അടി ഉയരത്തിലാണ് ഇന്ത്യ ചൈന അതിർത്തിയിലുള്ള ഗ്രാമങ്ങളായ ചിസ്മൂളിൽ നിന്ന് ദേം ചോക്കിലേക്കുള്ള ഈ പാത നിർമ്മിച്ചിരിക്കുന്നത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) റോഡ് നിർമ്മിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലേയിൽ നിന്ന് 230 കിലോമീറ്റർ ദൂരമുണ്ട് ഈ അതിർത്തി ഗ്രാമങ്ങളിലേയ്ക്ക്. ഹിമാങ്ക് പദ്ധതിയുടെ ഭാഗമായാണ് ജമ്മു കശ്മീരിന്റെ ഭാഗമായ ഉംലിങ്ക്‌ലാ മേഖലയിൽ ഈ പാത നിർമ്മിച്ചത്.
കിഴക്കൻ ലഡാക്കിലെ ചുമാർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ഉംലിങ്ല ചുരം വഴി ബന്ധിപ്പിക്കുന്നതാണ് 52 കിലോമീറ്റർ നീളമുള്ള ഈ റോഡ് റോഡ്. ബൊളീവിയയിൽ ഉതുറുങ്കു അഗ്‌നിപർവ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോർഡ് പിന്നിട്ടാണ് ലഡാക്കിൽ പുതിയ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ലേയിൽ നിന്ന് ഡെംചോക്കിനേയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ പാത പ്രാദേശിക ജനങ്ങൾക്ക് ഒരു അനുഗ്രഹമാണെന്നും ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.
കഠിനമായ വെല്ലുവിളികൾ നേരിട്ടാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ശൈത്യകാലത്ത്, താപനില -40 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്ന മേഖലയിൽ ഓക്സിജന്റെ അളവ് സാധാരണ പ്രദേശത്തിനേക്കാൾ 50 ശതമാനം കുറവാണ്. അപകടകരമായ ഭൂപ്രകൃതിയിലും അതിതീവ്ര കാലാവസ്ഥയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനക്കരുത്തുകൊണ്ടാണ് ബി.ആർ.ഒ ഈ നേട്ടം കൈവരിച്ചതെന്നും സർക്കാർ പറഞ്ഞു.
എവറസ്റ്റിന്റെ ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പ് ആകട്ടെ 16,900 അടിയിലും 17,700 അടി ഉയരത്തിലുള്ള സിയാച്ചിൻ ഹിമാനിയേക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
അപകടകരമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ പ്രതിനിധികൾ പറഞ്ഞു. പാതയുടെ നിർമ്മാണത്തിനിടയിൽ ഓക്‌സിജൻ ലഭ്യതക്കുറവ് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കാര്യക്ഷമത അൻപത് ശതമാനത്തിലേറെ കുറവ് വരുത്തിയിരുന്നെന്ന് ബി. ആർ. ഒ . പ്രതിനിധി പുർവ്വിമാത് പറഞ്ഞു.
പർവ്വത മേഖലയിലെ റോഡ് നിർമ്മാണത്തിന് തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നെന്നും. ജീവൻ പോലും പണയം വച്ചാണ് പലപ്പോഴും തൊഴിലാളികൾ ജോലി പൂർത്തിയാക്കിയതെന്നും ബി. ആർ.ഒ. പ്രതിനിധികൾ പറഞ്ഞു.നേരത്തെയും സമുദ്ര നിരപ്പിൽ നിന്ന് പതിനേഴായിരം അടി മുകളിൽ രണ്ട് പാതകൾ നിർമ്മിച്ചിട്ടുണ്ട് ബോർഡർ റോഡ് ഓർഗനൈസേഷൻ.