തിരുവനന്തപുരം: എല്ലാം കൈവിട്ടു മരണത്തിലേക്ക് പോകുമെന്ന ഘട്ടത്തിൽ കൈപിടിച്ചുയർത്തൻ ആരെങ്കിലും ഉണ്ടെങ്കിൽ ആ വ്യക്തിക്ക് മുന്നിൽ അവനായിരിക്കം ദൈവത്തിന്റെ പ്രതിപുരുഷൻ. മലപ്പുഴയിൽ മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ ബാബുവെന്ന യുവാവിന് ബാലയെന്ന ഇന്ത്യൻ സൈനികനെ ജീവിതത്തിൽ മറക്കാൻ കഴിയില്ല. മലയിലെ ഇടുക്കിൽ കുടുങ്ങിയ ബാബുവിനെ സ്വന്തം ശരീരത്തിൽ താങ്ങി ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത് ഇന്ത്യൻ ആർമ്മിയുടെ മദ്രാസ് റെജിമെന്റിലെ ഈ സൈനികനാണ്. ചെങ്കുത്തായ പ്രദശങ്ങളിൽ തൂങ്ങിക്കയറി രക്ഷാ പ്രവർത്തന ദൗത്യത്തിൽ ഏർപ്പെട്ട് പരിശീലനമുണ്ട് ബാലുവിന്. പർവതാരോഹണത്തിൽ മിടുക്കരായ ഇന്ത്യൻ ആർമ്മി കൈകോർത്തു നടത്തിയ കേരളത്തിലെ വലിയൊരു ദൗത്യമാണ് വിജയം കണ്ടത്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ രക്ഷകർ ഇന്ത്യൻ സൈന്യം ആണെന്നാണ് ചരിത്രം. ജീവൻ പണയം വെച്ച് അതിർത്തി കാക്കുന്ന സൈനികർ രാജ്യം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ രക്ഷകരായി അവതരിക്കാറുണ്ട്. ഉത്തരാഖണ്ഡലും കാശ്മീരിലും ഇങ്ങ് കേരളത്തിലും വരെ സൈനികർ രക്ഷാദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഈ ദൗത്യങ്ങളിൽ തങ്കലിപികളിൽ കുറിച്ചിടാൻ കഴിയുന്നതാകും മലമ്പുഴയിൽ യുവാവിനെ രക്ഷപെടുത്തിയത്. കര, നാവിക, വ്യോമ സേനകളുടെ ഏകോപനമാണ് ഇത്തരം രക്ഷാദൗത്യങ്ങളിൽ നിരണായകമാകുന്നത്.

ബാബുവിനായി നടത്തിയത് കേരളത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം

സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽ തന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു എന്നിടത്താണ് ഒരു സല്യൂട്ട് തന്നെ കൊടുക്കേണ്ടത്.

സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റിൽ നിന്നുള്ള ആർമി സംഘവും രക്ഷാപ്രവർത്തനത്തിനായെത്തിയപ്പോൾ എൻഡിആർഎഫിന്റെ ഒരു ബാച്ച് മുഴുവനായി, 21 പേരടങ്ങുന്ന സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്റി ടെററിസ്റ്റ് ടീമും പൊലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങൾക്ക് വേണ്ടി സർവെയുടെ ഡ്രോൺ സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു.

അതുകൊണ്ട് തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽ നിന്നുള്ള സംഘത്തിൽ നിന്നുള്ള രണ്ട് പേരായിരുന്നു ഇത്. ഇവരെകൂടാതെ പർവതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ അടക്കമായിരുന്നു സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയത്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘവും സജ്ജമായിരുന്നു. മുകളിലെത്തിയാലുടൻ ചേതക് ഹെലികോപ്റ്റർ വഴി താഴെയെത്തിക്കാൻ വേണ്ടിയുള്ള സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു.

സർവീസ് ബിഫോർ സെൽഫ് - ആപ്തവാക്യം അണുവിട തെറ്റിക്കാതെ കരസേന

'സർവീസ് ബിഫോർ സെൽഫ് ' എന്നതാണ് കരസേനയുടെ ആപ്തവാക്യം. സ്വന്തം കാര്യങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന സേവന സന്നദ്ധത..... എന്നത് ഓരോ ചുവടിലും ശരിവെക്കുകയാണ് ഈ സേനാ വിഭാഗം ചെയ്യുന്നത്. പതിറ്റാണ്ടുകളായുള്ള ത്യാഗസമ്പന്നവും സാഹസികവുമായ സേവനങ്ങളിലൂടെ സൈന്യം ഇത് വാക്യം അണുവിട തെറ്റിക്കാതെ ശരിവെക്കുകയും ചെയ്യുന്നു. ഇതിനു മുൻപ് പ്രളയസമയത്തും, സൂനാമി ആഞ്ഞടിച്ചപ്പോഴും മഹാമാരികൾ ഉടലെടുത്തപ്പോഴും മറ്റനേകം സന്ദർഭത്തിലും സൈന്യത്തിന്റെ കരുതൽ കേരളം അനുഭവിച്ചറിഞ്ഞു. നിരവധി പേരെയാണ് സൈന്യം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

2015ൽ ചെന്നൈ നഗരത്തിനെ ദുരിതത്തിലാഴ്‌ത്തിയ പ്രളയ സമയത്തും ഇന്ത്യൻ സേനാ വിഭാഗങ്ങൾ രംഗത്തെത്തി. ഓപ്പറേഷൻ മദദ് എന്നു പേരിട്ട ദൗത്യത്തിലൂടെ പ്രളയത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനും അവർക്ക് സുരക്ഷ നൽകാനും സൈന്യത്തിനു കഴിഞ്ഞു. തീർത്തും പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്യാനായി അന്ന് സേനാവിഭാഗങ്ങൾ അവലംബിച്ച സ്ട്രാറ്റജികൾ ദുരന്തനിവാരണ മേഖലയിലെ പഠനങ്ങൾക്കു തന്നെ ഉപയോഗിക്കാവുന്നതാണ്.

തൊട്ടു മുൻപുള്ള വർഷം ജമ്മു കശ്മീരിൽ പ്രളയമുണ്ടായപ്പോഴും സേനാവിഭാഗങ്ങൾ വമ്പിച്ച ദൗത്യമൊരുക്കി രക്ഷാകരമേകി. അന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ സ്‌നേഹവും സേവന തൽപ്പരതയും കാശ്മീരി ജനങ്ങൾ അനുഭവിച്ചു അറിഞ്ഞത്. മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നു 30000 പേർ അടങ്ങിയ ദൗത്യസംഘമാണ് അന്ന് ജമ്മു കശ്മീരിൽ സേവനം നടത്തിയത്. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗങ്ങളുടെ ജ്ഞാനവും പ്രവൃത്തിപരിചയവും മുതൽക്കൂട്ടായി. 2005ൽ കശ്മീരിൽ 7.6 തീവ്രതയുള്ള വലിയ ഭൂചലനം നടന്നപ്പോഴും രക്ഷാപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് സൈന്യമാണ്.

സൈന്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷാദൗത്യമായിരുന്നു 2013ലെ ഓപ്പറേഷൻ സൂര്യ ഹോപ്പ്. ആ വർഷം വമ്പൻ പ്രളയം ഉത്തരാഖണ്ഡിൽ നടമാടി. ഹിമാലയൻ സൂനാമി എന്നും വിശേഷിപ്പിക്കപ്പെട്ട ഈ ദുരന്തം ഉത്തരാഖണ്ഡിൽ ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും തീവ്രമായ പ്രകൃതിദുരന്തമായിരുന്നു. കാര്യങ്ങൾ ഗ്രഹിച്ച് ത്വരിതഗതിയിൽ പ്രവർത്തിച്ച സേനാവിഭാഗങ്ങൾ, 8500 സൈനികരെയും 13 ഹെലിക്കോപ്റ്ററുകളെയും 83 യുദ്ധവിമാനങ്ങളെയും രക്ഷാപ്രവർത്തനത്തിനായി അണിനിരത്തി. അന്നത്തെ എയർചീഫ് മാർഷൽ എൻ.എ.കെ ബ്രൗൺ ഉത്തരാഖണ്ഡ് ജനതയോട് ഈ വാക്കുകൾ പറഞ്ഞു.' നിങ്ങളിൽ ഓരോരുത്തരെയും രക്ഷിച്ച് സുരക്ഷിതരാക്കാതെ ഞങ്ങളുടെ ഹെലിക്കോപ്റ്റർ ബ്ലേഡുകൾ കറക്കം നിർത്തില്ല, പ്രതീക്ഷ കൈവിടാതിരിക്കൂ, ശാന്തരായിരിക്കൂ'- ദുരന്തത്തിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക് പ്രത്യാശയുടെ കിരണങ്ങളായി ഈ വാക്കുകൾ മാറി.

ഇന്ത്യക്ക് പുറത്തും രക്ഷാ ദൗത്യങ്ങൾ നടത്തി ഇന്ത്യൻ സേന കരുത്തറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സേനാവിഭാഗങ്ങൾ രാജ്യത്തിനകത്തും പുറത്തും സംഭവിച്ച ദുരന്തങ്ങളിൽ ശ്ലാഘനീയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2015 ഏപ്രിലിലാണ് നമ്മുടെ അയൽരാജ്യമായ നേപ്പാളിൽ 7.8 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം സംഭവിക്കുന്നത്. വമ്പിച്ച നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും ദുരന്തം വഴിവച്ചു. 8000 പേർ മരിക്കുകയും 21000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

നേപ്പാളിന് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് ഇന്ത്യൻ സേനയാണ്. ഓപ്പറേഷൻ മൈത്രി എന്നു പേരിട്ട രക്ഷാദൗത്യത്തിൽ സൈനികരും, സൈനിക ഡോക്ടർമാരും ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും നേപ്പാളിലേക്കു കുതിച്ചു. ആകെ നിസ്സഹായരായ നേപ്പാളി ജനതയ്ക്ക് ഭക്ഷണവും ചികിത്സയും എത്തിക്കാനും കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും അവർ അക്ഷീണം പരിശ്രമിച്ചു. ഇന്ത്യൻ സേനയുടെ സേവനസന്നദ്ധത സ്വർണലിപികളിൽ അടയാളപ്പെടുത്തിയ ദൗത്യമായിരുന്നു ഓപ്പറേഷൻ മൈത്രി.

ലോകം അന്തിച്ചു നിന്ന രക്ഷാപ്രവർത്തനം താം ലുവാങ് ഗുഹയിലേത്

അസാധ്യമെന്നു കരുതിയ ദൗത്യം വിജയം കണ്ടത് തായ്‌ലൻഡിലെ താം ലുവാങിൽ നടന്നതാണ്. അപകടം പതിയിരിക്കുന്ന ഗുഹയ്ക്കുള്ളിലേക്ക് ജീവൻ പണയംവച്ച് കടന്നുചെന്ന് കുട്ടികളെ കണ്ടെത്താനുള്ള ധൈര്യം കാണിക്കാൻ വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേനകളാണ് ഒരുമിച്ചത്. 2018ലാണ് കനത്ത മഴമൂലം ചെളിയും വെള്ളവും നിറഞ്ഞ തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ 12 കുട്ടികൾ കുടുങ്ങിയത്. ഗുഹാമുഖത്തുനിന്ന് അഞ്ച് കിലോമീറ്ററോളം ഉള്ളിലായതിനാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആഴ്ചകൾ പിന്നിട്ടതോടെ ആ കുരുന്ന് ജീവനുകളെപ്പറ്റിയുള്ള ആശങ്ക ലോകം മുഴുവൻ വ്യാപിച്ചു.

രക്ഷാപ്രവർത്തകരുടെ സംഘത്തിലെ 18 പേർ ജീവൻ പണയംവച്ച് നടത്തിയ ദൗത്യത്തിലൂടെയാണ് 12 കുട്ടികളെയും ഒരു പോറൽ പോലും ഏൽക്കാതെ പുറത്തെത്തിച്ചത്. ശ്വാസമടക്കിയാണ് ലോകം അന്നാ രക്ഷാപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത്. തായ് നേവി സീൽ അംഗങ്ങളായ അഞ്ചുപേരും മറ്റുരാജ്യങ്ങളിൽനിന്ന് എത്തിയ 13 പേരും ആ സംഘത്തിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകരുടെ സംഘത്തിൽ നൂറോളം പേർ ഉണ്ടായിരുന്നുവെങ്കിലും ആഴ്ചകൾ നീണ്ട രക്ഷാദൗത്യത്തിലെ അവസാന മൂന്ന് ദിവസങ്ങളിൽ ഈ 18 പേരാണ് 12 കുട്ടികളെയും സുരക്ഷിതരായി പുറത്തെത്തിച്ചത്.

12 കുട്ടികളും ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ സമൻ ഗുനാൻ എന്ന 38 കാരനായ തായ് നേവി സീൽ മുൻ ഡൈവർക്ക് ജീവൻ നഷ്ടപ്പെട്ടു. ഗുഹയ്ക്കുള്ളിലുള്ള കുട്ടികൾക്ക് ഓക്‌സിജൻ സിലിണ്ടർ എത്തിച്ചശേഷം തിരിച്ച് പുറത്തേക്കുവരുന്നതിനിടെ കൈവശമുണ്ടായിരുന്ന സിലിണ്ടറിലെ ഓക്‌സിജൻ തീർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടൻ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തായ്‌ലൻഡിനെയും മ്യാന്മറിനെയും വേർതിരിക്കുന്ന മലനിരകൾക്ക് ഇടയിലാണ് താം ലുവാങ്. അപകടം പതിയിരിക്കുന്ന ഗുഹയാണത്. കിടന്നുറങ്ങുന്ന ഒരു സ്ത്രീയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്ന മലനിരകളിലാണിത്. അതിനാൽ ഗുഹയും മലനിരകളും അവിടുത്തെ നാടോടിക്കഥകളിലുണ്ട്. താം ലുവാങ് ഖുൻ നാം നാങ് നോൻ എന്നാണ് ഗുഹയുടെ മുഴുവൻ പേര്. ഒറ്റ ദിവസത്തേക്ക് സാഹസികയാത്ര പോകുന്നവരുടെയും കുട്ടികളുടെയും ഒക്കെ ഇഷ്ടപ്പെട്ട സ്ഥലമാണ് താങ് ലുവാങ്. നവംബർ മുതൽ ഏപ്രിൽ വരെ ഗുഹ സന്ദർശിക്കുന്നത് സുരക്ഷിതമാണ്. ജൂലായിൽ മഴക്കാലം തുടങ്ങുന്നതോടെ ഗുഹയുടെ രൂപവും ഭാവവും മാറും. കനത്ത മഴ പെയ്താൽ ഗുഹയ്ക്കുള്ളിൽ അഞ്ച് മീറ്റർവരെ ആഴത്തിലുള്ള വെള്ളക്കെട്ട് രൂപപ്പെടും. ചെളി നിറയുകയും ഗുഹയുടെ ഉൾഭാഗം കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. ആ സമയത്ത് പരിചയസമ്പന്നരായ മുങ്ങൽവിദഗ്ദ്ധർക്ക് പോലും മരണക്കെണിയായിമാറും താം ലുവാങ് എന്നാണ് പറയപ്പെടുന്നത്.

ഓസ്ട്രേലിയയിൽനിന്നുള്ള ഡോക്ടറായ റിച്ചാർഡ് ഹാരിസ് മൂന്ന് ദിവസമാണ് കുട്ടികൾക്കൊപ്പം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് കഴിഞ്ഞത്. തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അദ്ദേഹം അത് ഉപേക്ഷിച്ച് രക്ഷാദൗത്യത്തിൽ പങ്കുചേർന്നു.

മരണത്തെ മുഖാമുഖം കണ്ട് കുട്ടികൾ

മഴവെള്ളം ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയതോടെ വലിയൊരു അപകടത്തിലേക്കാണ് നടന്നു കയറിയിരിക്കുന്നത് എന്ന് കുട്ടികൾ തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്ത് ദിവസങ്ങളായി മഴ പെയ്യുന്നുണ്ടായിരുന്നു. അതിവേഗം വെള്ളം നിറയുന്ന തരത്തിലുള്ളതാണ് ഗുഹയുടെ ഉൾഭാഗം. പ്രാണരക്ഷാർഥം ഗുഹയുടെ കൂടുതൽ ഉൾഭാഗത്തേക്ക് നീങ്ങി. സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുണ്ടായിരുന്ന ഏകമാർഗം. കൂരിരുട്ട് വ്യാപിച്ചതോടെ കുട്ടികൾ ഭയന്നു. ആശങ്കകൾ അവർ പങ്കുവച്ചു. എന്നാൽ, അവസാന ശ്വാസംവരെ ജീവനുവേണ്ടി പോരാടാൻ അവർ തീരുമാനിച്ചു. പാറക്കഷണങ്ങൾ ഉപയോഗിച്ച് അവർ ഗുഹയുടെ ഭിത്തിയിൽ സുരക്ഷിതമായി ഇരിക്കാനുള്ള ഒരു സ്ഥലം തുരന്ന് വലുതാക്കിയെടുത്തു.

12 പേരും ചേർന്ന് അഞ്ച് മീറ്ററോളം ഉള്ളിലേക്ക് തുരന്നാണ് ഈ സ്ഥലം ഒരുക്കിയത്. മുൻപ് സന്യാസി ആയിരുന്ന യുവാവായിരുന്നു അവർക്കൊപ്പമുള്ള ഫുട്‌ബോൾ പരിശീലകൻ. അദ്ദേഹം കുട്ടികളെ ധ്യാനമുറകൾ പരിശീലിപ്പിച്ചു. മനസ് അസ്വസ്ഥമാകാതെ ശാന്തരായി ഇരിക്കാനും കുറഞ്ഞ അളവിലുള്ള ഓക്‌സിജൻ ശ്വസിച്ച് ജീവൻ നിലനിർത്താൻ അവ സഹായിക്കുമെന്ന് ഉപദേശിച്ചു. മനക്കരുത്ത് ചോർന്നുപോകാതെ, രക്ഷപ്പെടുകതന്നെ ചെയ്യുമെന്ന നിശ്ചയദാർഢ്യത്തോടെ ഇരിക്കാനും കോച്ച് അവരെ ഉപദേശിച്ചു. അതിനിടെ, ഗുഹയ്ക്കുള്ളിലെ ചില അസാധാരണ സാഹചര്യങ്ങൾ ജീവൻ നിലനിർത്താൻ കുട്ടികളെ സഹായിച്ചു.

ഭക്ഷണവും വെള്ളവും ഇല്ലാതെ രണ്ടാഴ്ചയിലധികം കഴിച്ചുകൂട്ടേണ്ടി വന്നുവെങ്കിലും ഗുഹയുടെ ഭിത്തികളിലൂടെ ഇറ്റിറ്റുവീണ ശുദ്ധജലം അവരുടെ ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഗുഹയ്ക്കുള്ളിൽ കൂരിരുട്ട് ആയിരുന്നുവെങ്കിലും കുട്ടികളുടെ കൈവശം ടോർച്ചുകൾ ഉണ്ടായിരുന്നു. പാറകൾക്കിടയിലെ വിള്ളലുകളിലൂടെ ജീവൻ നിലനിർത്താൻ അത്യാവശ്യംവേണ്ട ഓക്‌സിജനും കുട്ടികൾക്ക് ലഭിച്ചു.

തായ് നേവി സീൽസ്, നാഷണൽ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം രംഗത്തിറങ്ങിയത്. ഗുഹയിലെ ഒരു ചേംബറിന് മുന്നിൽ കുട്ടികളുടെ കാൽപ്പാദങ്ങൾ പ്രാഥമിക അന്വേഷണത്തിൽതന്നെ കണ്ടെത്തി. പക്ഷെ അവർക്ക് ജീവഹാനി സംഭവിച്ചുവോ ജീവിച്ചിരിപ്പുണ്ടോ എന്ന് മനസിലാക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. ചെളിയും വെള്ളവും നിറഞ്ഞ ഗുഹയ്ക്കുള്ളിൽക്കടന്ന് രക്ഷാപ്രവർത്തനം നടത്തുക എന്നത് ജീവൻവച്ചുള്ള കളിയായിരുന്നു. രക്ഷാപ്രവർത്തകരുടെ രാജ്യാന്തര സംഘം ജൂൺ 28 ന് രംഗത്തെത്തി. അമേരിക്കൻ വ്യോമസേനയുടെ രക്ഷാപ്രവർത്തന വിദഗ്ദ്ധർ, യു.കെ, ബെൽജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ദ്ധർ, മറ്റു പലരാജ്യങ്ങളിൽനിന്നും എത്തിയവർ എന്നിവരെല്ലാം ആ സംഘത്തിൽ ഉണ്ടായിരുന്നു. പലരും തായ് അധികൃതകരുടെ അഭ്യർത്ഥന മാനിച്ചാണ് എത്തിയത്. മറ്റുപലരും സന്നദ്ധസേവനം വാഗ്ദാനംചെയ്ത് എത്തി.

തുടർന്നുള്ള ദിവസങ്ങളിൽ തായ് ഡൈവർമാർ ജീവൻ പണയംവച്ചുള്ള ദൗത്യമാണ് നടത്തിയത്. ഒഴുക്കിനെതിരെ നീന്തിയുള്ള രക്ഷാപ്രവർത്തനം തീർത്തും ദുഷ്‌കരമായിരുന്നു. ജൂലായ് ഒന്നോടെ രക്ഷാദൗത്യത്തിൽ കാര്യമായ പുരോഗതി ദൃശ്യമായി. തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് ഡൈവർമാരായ ജോൺ വോളന്തൻ, റിക് സ്റ്റാന്റൺ എന്നിവർക്ക് ഞെട്ടിക്കുന്ന മുന്നേറ്റം നടത്താൻ കഴിഞ്ഞു. താം ലുവാങ്ങിലെ ഇടുങ്ങിയ പാതകളിലൂടെ കയറുകളിൽ പിടിച്ച് ജീവന്റെ സ്പന്ദനങ്ങൾ തേടി സഞ്ചരിച്ച അവർക്ക് പട്ടായ ബീച്ച് എന്ന് കുട്ടികൾ വിശേഷിപ്പിച്ചിരുന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞു. എന്നാൽ അവിടെ ആരെയും കണ്ടെത്താനായില്ല.

കൂരിരുട്ടിലൂടെ അവർ തിരച്ചിൽ തുടർന്നു. അതിനിടെ അവർക്ക് കുട്ടികളുടെ സാന്നിധ്യം സംബന്ധിച്ച ചില സൂചനകൾ ലഭിച്ചു. ഏറെ വൈകാതെ ജോൺ വോളന്തന്റെ ടോർച്ചിൽനിന്നുള്ള വെളിച്ചത്തിൽ കുട്ടികളുടെ മുഖങ്ങൾ തെളിഞ്ഞു. റിക്ക് കുട്ടികളുടെ എണ്ണമെടുത്ത് തുടങ്ങി. നിങ്ങൾ എത്രപേരുണ്ട് ?- ജോൺ ആരാഞ്ഞു. 13 എന്ന് കുട്ടികൾ മറുപടി നൽകി. എല്ലാവരും ജീവനോടെയുണ്ട്.. ഇരുവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു. ഇരുവരും കുറേനേരം കുട്ടികൾക്കൊപ്പം ചിലവഴിച്ചു. അവരുടെ അത്മവിശ്വാസം വർധിപ്പിക്കാൻ ഇരുവരും ശ്രമിച്ചു. തങ്ങളുടെ കൈവശമുണ്ടായിരുന്ന ലൈറ്റുകൾ കുട്ടികൾക്ക് കൈമാറി, ഭക്ഷണവുമായി തിരികെവരാം എന്ന വാഗ്ദാനം നൽകി അവർ മടങ്ങി. കുട്ടികളെ കണ്ടെത്തിയ അത്യപൂർവ നിമിഷങ്ങൾ ഡൈവർമാർ ക്യാമറയിൽ പകർത്തിയിരുന്നു. അത് പിന്നീട് ഓൺലൈനിൽ പോസ്റ്റുചെയ്തു. ആ ദൃശ്യങ്ങളാണ് ലോകം മുഴുവൻ കണ്ടത്.

ഓസ്ട്രേലിയയിൽനിന്നുള്ള ഡോക്ടറായ റിച്ചാർഡ് ഹാരിസ് മൂന്ന് ദിവസമാണ് കുട്ടികൾക്കൊപ്പം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് കഴിഞ്ഞത്. തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അദ്ദേഹം അത് ഉപേക്ഷിച്ച് രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാനാണ് അദ്ദേഹം ഗുഹയ്ക്കുള്ളിലേക്ക് പോയത്. പിന്നീട് മൂന്ന് ദിവസം അവർക്കൊപ്പം ഉണ്ടായിരുന്നു.

ഇതിനിടെ നേവി സീൽ ഡൈവർ ആയിരുന്നു രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സമൻ ഗുനാൻ (38) ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്ക് ഓക്സിജൻ ടാങ്ക് എത്തിച്ച് മടങ്ങുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. ഓക്സിജൻ തീർന്നതോടെ അദ്ദേഹം അബോധാവസ്ഥയിൽ ആവുകയായിരുന്നു. രക്ഷാപ്രവർത്തകർ അദ്ദേഹത്തെ പുറത്തെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. രക്ഷാപ്രവർത്തനം എത്രകണ്ട് അപകടകരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സമൻ ഗുനാന്റെ മരണം.

കുട്ടികളെ ഗുഹയിൽനിന്ന് പുറത്തെത്തിക്കുകയാണെന്ന് ജൂലായ് ഏഴിന് തായ്ലൻഡ് സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് നടന്നത് അമാനുഷിക രക്ഷാദൗത്യമായിതുന്നു. കുട്ടികളെ ഗുഹയിലെ മൂന്നാമത്തെ ചേംബറിൽ എത്തിക്കുക എന്നതായിരുന്നു ആദ്യഭാഗം. ഏറെ ശ്രമകരം ഈ ഭാഗമായിരുന്നു. ഓരോ കുട്ടിയേയും എയർമാസ്‌ക് ധരിപ്പിച്ചു. ഓക്‌സിജൻ ടാങ്കും സജ്ജീകരിച്ചു. അതിനുശേഷം കുട്ടിയെ മുന്നിൽ നീങ്ങിയ ഒരു മുങ്ങൽ വിദഗ്ധനുമായി ബന്ധിപ്പിച്ചാണ് മൂന്നാം നമ്പർ ചേംബറിലേക്ക് എത്തിച്ചത്.

ഗുഹയിലെ മൂന്നാമത്തെ ചേംബറിൽ എത്തിച്ച കുട്ടികളെ അടുത്ത ഘട്ടത്തിൽ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി. കുട്ടികളെ പ്രത്യേക തരത്തിലുള്ള സ്ട്രെച്ചറിൽ കിടത്തിയാണ് രണ്ടാംഘട്ടത്തിൽ പുറത്തേക്ക് കൊണ്ടുവന്നത്. ചിലഘട്ടങ്ങളിൽ സ്ട്രെച്ചർ ചങ്ങാടങ്ങളിൽ കയറ്റി. കൂർത്ത പാറക്കല്ലുകൾ ഉള്ള ഭാഗങ്ങളിൽ രക്ഷാപ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്ത് സ്‌ട്രെച്ചർ കൈമാറി പുറത്തേക്ക് കൊണ്ടുവന്നു. താം ലുവാങ്ങിലെ ഇരുട്ടിൽനിന്ന് പുറത്തെത്തിച്ച കുട്ടികളെ ആംബുലൻസുകളിൽ ചിയാങ് റായ് നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. മൂന്ന് ഷിഫ്റ്റുകളായി ദിവസങ്ങളോളം പ്രവർത്തിച്ചാണ് രക്ഷാപ്രവർത്തകർ ഗുഹയിലകപ്പെട്ട മുഴുവൻ കുട്ടികളെയും സുരക്ഷിതരായി പുറത്തെത്തിച്ചത്. ലോകം കണ്ട ഏറ്റവും ശ്രമകരമായ രക്ഷൗദൗത്യമായിരുന്നു ഇത്. ഈ രക്ഷാദൗത്യം ഹോളിവുഡ് സിനിമയായും പുറത്തിറങ്ങാനിരിക്കയാണ്.

വിജയിക്കാതെ കണ്ണീരണിഞ്ഞ രക്ഷാ ദൗത്യങ്ങൾ

വിജയിച്ച രക്ഷാദൗത്യങ്ങൾ ആഘോഷിക്കപ്പടുമ്പോഴും കണ്ണീരണിഞ്ഞ രക്ഷാ ദൗത്യങ്ങളാണ് കൂടുതലും. ഇത്തരം സംഭവങ്ങൾ പലപ്പോഴും ഖനികളിലെയും കുഴൽകിണർ അപകടങ്ങളുമാണ്. ഇന്ത്യയിൽ അകത്തും പുറത്തുമായി കുഴൽകിണറിൽ വീണ കുട്ടികളെ രക്ഷപെടുത്താനുള്ള മിക്ക പരിശ്രമങ്ങളും തോൽവിയിലാണ് കാലാശിച്ചത്. ഇതെല്ലാം കണ്ണീരണിഞ്ഞ അവസ്ഥയാണ് ഉണ്ടായത്. തിരുച്ചിറപ്പിള്ളിയിൽ സുജിത്ത് വിൽസന് വേണ്ടി നടത്തിയ രക്ഷാ ദൗത്യം അടക്കം പരാജയപ്പെടുകയാണ് ഉണ്ടായത്.

മൊറോക്കയിൽ കുഴൽക്കിണറിനുള്ളിൽപ്പെട്ട ബാലനു വേണ്ടി നാലു ദിവസത്തോളം നടത്തിയ രക്ഷാപ്രവത്തനം വിഫലമായത് ഈ ആഴ്‌ച്ചയിൽ തന്നെയാണ്. കുട്ടിയെ കുഴൽക്കിണറിനുള്ളിൽ നിന്നു പുറത്തെടുത്ത ഉടൻ തന്നെ മൊറോക്കൻ സർക്കാർ മരണവാർത്ത സ്ഥിരീകരിക്കുകയായിരുന്നു. കുഴൽക്കിണറിനുള്ളിൽ 32 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി സർക്കാരും നാട്ടുകാരും ഒറ്റക്കെട്ടായി നന്നതോടെ വാർത്ത ആഗോള മാധ്യമങ്ങളിൽ നിറഞ്ഞു.

രക്ഷാപ്രവർത്തന സമയത്തു വലിയ ജനാവലിയാണ് പ്രദേശത്തുണ്ടായിരുന്നത്. കുട്ടിക്ക് ഓക്‌സിജൻ അടക്കമുള്ള ജീവൻരക്ഷാ ഉപാധികൾ കുഴൽക്കിണറിനുള്ളിലൂടെ എത്തിച്ച ശേഷം സമീപത്തു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കിടങ്ങു തീർത്തായിരുന്നു രക്ഷാപ്രവർത്തന ശ്രമം. മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ അതീവശ്രദ്ധയോടെയായിരുന്നു നീക്കങ്ങൾ. ഒടുവിൽ ശനിയാഴ്ച വൈകിട്ടോടെ കുട്ടിയെ കിണറ്റിൽ നിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.