ചെറിയ കാറുകളുടെ തമ്പുരാൻ മാരുതി തന്നെയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. കഴിഞ്ഞ ഒമ്പതുവർഷമായി ഇന്ത്യയിലേറ്റവും കൂടുതൽ വിറ്റഴിയുന്ന മാരുതി സുസൂക്കി ആൾട്ടോ 2014-ൽ ചെറിയ കാറുകളുടെ ലോകവിപണിയിൽത്തന്നെ ഒന്നാതമെത്തി. വോക്‌സ്‌വാഗൺ ഗോൾഫ്, ദായ്ഹറ്റ്‌സു ടാന്റോ, ടൊയോട്ട അക്വ, ഹോണ്ട ഫിറ്റ് തുടങ്ങിയ മോഡലുകളെ പിന്തള്ളിയാണ് മാരുതി ഓൾട്ടോ ലോകത്തേറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ചെറിയ കാറായി മാറിയത്.

കഴിഞ്ഞവർഷം 264,544 ഓൾട്ടോ കാറുകളാണ് മാരുതി വിറ്റത്. ജർമനിയിൽ വോക്‌സ്‌വാഗൺ വിറ്റ ഗോൾഫ് കാറുകളുടെ എണ്ണം 255,044 ആണ്. ജപ്പാനിൽ ടാന്റോ 234,456 എണ്ണവും അക്വ 233,209 എണ്ണവും ഫിറ്റ് 202,838 എണ്ണവും വിറ്റഴിഞ്ഞു. എന്നാൽ, ചെറുകിട കാറുകളുടെ ഏറ്റവും വലിയ വിപണിയായ ബ്രസീലിൽനിന്ന് ഇത്തവണ ഒരു മോഡലും മുൻനിരയിലേക്ക് എത്തിയിട്ടില്ല.

ബ്രസീലിൽ കഴിഞ്ഞ 25 വർഷമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് വോക്‌സ്‌വാഗൺ ഗോൾ ആണ്. എന്നാൽ, ഗോളിന്റെ കച്ചവടത്തിൽ 30 ശതമാനം ഇടിവാണ് കഴിഞ്ഞവർഷമുണ്ടായത്. ഫിയറ്റിന്റെ പാലിയോയാണ് അവിടെ ഗോളിനെ വെട്ടി മുന്നിൽക്കയറിയത്. എന്നാൽ, ഈ മോഡലുകളൊന്നും 2014-ൽ രണ്ടുലക്ഷത്തിന് മുകളിൽ വിറ്റുപോയിട്ടില്ല.

കഴിഞ്ഞ നാലുവർഷത്തിനിടെ മൂന്നാം തവണയാണ് ചെറുകിട കാറുകളുടെ പട്ടികയിൽ ആൾട്ടോ മുന്നിലെത്തുന്നത്. എന്നാൽ, ഓരോവർഷവും അതിന്റെ കച്ചവടം പിന്നോട്ടാണെന്ന സൂചനയുമുണ്ട്. 2011-ൽ മൂന്നുലക്ഷത്തിലേറെ ആൾട്ടോ വിറ്റുപോയിരുന്നു. 2012-ൽ പുറത്തിറങ്ങിയ ആൾട്ടോ 800 വേണ്ടത്ര പ്രതികരണമുണ്ടാക്കാതിരുന്നതും മാരുതിക്ക് ക്ഷീണമായി.

2013-ൽ 265,777 ആൾട്ടോ കാറുകളാണ് മാരുതി വിറ്റത്. കഴിഞ്ഞവർഷം വിൽപനയിൽ 0.46 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ, മറ്റു ചെറുകിട കാറുകൾ വിൽപനയിൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ജർമനിയിൽ ഗോൾഫ് 4.42 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ജപ്പാനിൽ ടാന്റോയ്ക്ക് 62.11 ശതമാനം വിൽപനയാണ് വർധിച്ചത്.