- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവര് പറഞ്ഞത് വെന്റിലേറ്ററിലാണ്.. ; അച്ഛൻ മരിക്കുന്നതിന്റെ തലേന്നും 6000 രൂപയുടെ കുത്തിവയ്പ് മരുന്ന് മേടിച്ചുനൽകി; സംസ്‌കരിക്കാൻ എടുത്തപ്പോൾ മൂക്കിലൂടെയും മറ്റും പുഴുക്കൾ; കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ ദളിതന്റെ മരണം മറച്ചുവച്ചെന്ന് ബന്ധുക്കളുടെ പരാതി
കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ പുഴുവരിച്ചത് അധികൃതരുടെ ഗുരുതര വീഴ്ച മൂലമെന്ന് ആരോപണം. ദളിത് വിഭാഗത്തിൽ പെട്ട പെരുമ്പാവൂർ കൊമ്പനാട് കയ്യാലക്കുടി വീട്ടിൽ കുഞ്ഞുമോന്റെ (85) ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. കുഞ്ഞുമോനെ സംസ്‌കരിക്കുമ്പോൾ മൂക്കിലൂടെയും മറ്റും പുഴുക്കൾ വന്നതോടെയാണ് മരണം ആശുപത്രി അധികൃതർ മറച്ചുവച്ചതായി സംശയം ഉയർന്നത്. മൃതദേഹം സംസ്‌കരിക്കാൻ അധികൃതർ തിരക്ക് കൂട്ടിയെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ ദേഹത്താകെ പുഴുവരിച്ചത് വലിയ വിവാദമായിരുന്നു. അതിലും ഗുരുതരമായ സംഭവമാണ് കളമശേരിയിൽ നടന്നത്.
കുഞ്ഞുമോൻ മരിച്ചതിന്റെ തലേദിവസവും രോഗിക്കായി 6000 രൂപയുടെ കുത്തിവയ്പ് മരുന്നും രണ്ടു നാപ്കിനുകളും നൽകിയതായി മകൻ അനിലിന്റെ ഭാര്യ രണ്യ അനിൽ പറഞ്ഞു. 'അവര് പറഞ്ഞത് വെന്റിലേറ്ററിലാണ്....ക്യത്യമായ മരുന്ന് കൊടുക്കുന്നുണ്ട്..നല്ല ട്രീറ്റ്‌മെന്റാണ് എന്നൊക്കെയാണ് ഞങ്ങളോട് പറഞ്ഞത്. പക്ഷേ ഞങ്ങളുടെ അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ മനസ്സിലായി..അച്ഛൻ വെന്റിലേറ്ററിലും അല്ല ഐസിയുവിലും അല്ല..ഓക്‌സിജനും ഒന്നും കൊടുത്തിട്ടില്ല..എവിടെയങ്കിലും കൊണ്ട് ഇട്ടിട്ടുണ്ടാകും, ശ്രദ്ധിക്കപ്പെടാതെ ആള് മരിച്ച് ചീഞ്ഞതാണോന്ന് അറിയില്ല. അങ്ങനെയാവാനാണ് എന്റെ ഒരുസംശയം', രണ്യ പറഞ്ഞു. സംസ്‌കരിക്കും മുൻപ് എടുത്ത ഫോട്ടോയിൽ പുഴുവിനെ കാണാമെന്നും ഇവർ പറയുന്നു. ആശുപത്രി അധികൃതർ പറഞ്ഞതു വിശ്വസിച്ചാണ് വില കൂടിയ മരുന്നുകൾ ഉൾപ്പെടെ വാങ്ങി നൽകിയത്. മരണവിവരം ബോധപൂർവം മറച്ചു വച്ചതാകാം. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം വേണം മകൻ അനിൽകുമാർ പറഞ്ഞു.
കോവിഡ് ബാധിതനായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുമോനെ രോഗം മൂർച്ഛിച്ചതോടെ ആണ്കഴിഞ്ഞ ആറിന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. കുഞ്ഞുമോൻ, 14ന് രാത്രി 12.10നു മരിച്ചു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പുലർച്ചെ ഒരു മണിയോടെ തന്നെ മൃതദേഹം മോർച്ചറിയിൽനിന്നു പൊതിഞ്ഞു നൽകി. അന്നുതന്നെ ഉച്ചയ്ക്കു രണ്ടുമണിയോടെ സംസ്‌കാരവും നടത്തി. മൃതദേഹം ദഹിപ്പിക്കാൻ എടുത്തപ്പോൾ മൂക്കിൽനിന്നും മറ്റും പുഴുക്കൾ പുറത്തു ചാടി.ആരോപണത്തിൽ പ്രതികരിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായിട്ടില്ല. ഇതോടെ കുഞ്ഞുമോന്റെ മകൻ അനിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പട്ടികജാതി വകുപ്പിനും പരാതി നൽകി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാന സംഭവം ഉണ്ടായിരുന്നു. ചികിൽസയിലിരിക്കെ കോവിഡ് പോസിററീവായ വ്യക്തിയെ വീട്ടുകാർക്ക് തിരികെക്കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയിൽ ആയിരുന്നു. വീണു പരുക്കേററ് ചികിൽസ തേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.
കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ടു വന്ന അനിൽകുമാറിന്റെ ദേഹത്ത് പുഴുക്കൾ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുർഗന്ധത്തിന്റെ ഉറവിടം തേടിയപ്പോൾ മേലാസകലം മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ