തിരുവനന്തപുരം: മട്ട പൊടിയരിയിൽ മായം കലർത്തി വിപണിയിലിറക്കി ജനങ്ങളെ വഞ്ചിച്ച ഡബിൾ ഹോഴ്സിനെതിരെ വീണ്ടും പരാതി. ഇത്തവണ ഡബിൾ ഹോഴ്സിന്റെ ഈസി പാലപ്പത്തിന്റെ പൊടിയിൽ പുഴുവിനെ കണ്ടെത്തിയെന്നാണ് ആരോപണം. കൊച്ചി വടുതല ഹൊറൈസൺ ഡാഫൊഡിൽസ് ഫ്ളാറ്റ് നമ്പർ 1ബിയിലെ താമസക്കാരി ദർശ്ശന രാജേന്ദ്രനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബർ അഞ്ചിന് വടുതലയിലുള്ള റോസറി സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഡബിൾ ഹോഴ്സ് പാലപ്പ പൊടിയിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. രാവിലെ പൊട്ടിച്ച് ഉപയോഗിച്ചതിന് ശേഷം വൈകുന്നേരം വീണ്ടും എടുക്കാൻ നേരമാണ് പുഴുവിനെ കണ്ടത്. ഉടൻ തന്നെ ഇക്കാര്യം കമ്പനിയുടെ കസ്റ്റമർകെയറിൽ വിളിച്ചറിയിച്ചു. അവർ പറഞ്ഞത് വെള്ളപൊക്കമായതിനാൽ തണുപ്പടിച്ചതു കൊണ്ടാകും പായ്ക്കറ്റിൽ പുഴു കയറിയത് എന്നാണ് വിശദീകരിച്ചത്. തുടർന്ന് അവർ മറ്റൊരു പായ്ക്കറ്റ് വാങ്ങി പൊട്ടിച്ച് പരിശോധിച്ചപ്പോൾ അതിലും പുഴുവിനെ കണ്ടെത്തി. തുടർന്ന് വീണ്ടും ബന്ധപ്പെട്ടപ്പോൾ കമ്പനിയുടെ ക്വാളിറ്റി അഷുറൻസ് മാനേജർ പ്രിയേഷ് എന്നായാൾ ബന്ധപ്പെടുമെന്ന് അറിയിച്ചു. പാലപ്പം ഉണ്ടാക്കാനായി തിളച്ച വെള്ളം ഒഴിച്ചപ്പോഴാണ് പുഴുവിനെ കണ്ടെത്തിയത്. കുഴച്ച മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.

അടുത്ത ദിവസം കമ്പനിയുടെ പ്രതിനിധി പ്രിയേഷ് എത്തുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്തു. അപ്പോൾ ഉണ്ടായ വിവരങ്ങൾ ദർശ്ശന വിവരിച്ചു. അപ്പോൾ ദർശ്ശനയുടെ പക്കലുള്ള പാലപ്പപൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് ഒരു പേപ്പറിൽ ഇടുവാൻ പറഞ്ഞു. പൊട്ടിച്ചിട്ടിട്ട് ഏറെ നേരമായിട്ടും പുഴുവിനെ കണ്ടില്ല. അപ്പോൾ തങ്ങളുടെ പ്രൊഡക്ടിന് ഒരു കുഴപ്പവുമില്ല എന്ന ആത്മ വിശ്വാസത്തോടെ പൊടി വെള്ളത്തിൽ കലക്കി നോക്കാൻ കമ്പനി പ്രതിനിധി പ്രിയേഷ് ദർശ്ശനയോട് ആവശ്യപ്പെട്ടു. ഇതോടെ പൊടി വെള്ളത്തിൽ കലക്കിയപ്പോൾ പുഴുക്കൾ പൊങ്ങി വന്നു. സംഭവം നേരിൽ ബോധ്യപ്പെട്ടതോടെ പ്രിയേഷ് ദർശനക്ക് നേരിട്ട ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച കാര്യങ്ങൾ പുറത്ത് പറയരുതെന്നും ആവശ്യപ്പെട്ടു. കൂടാതെ കുറേ ഗിഫ്റ്റുകൾ നൽകുകയും ചെയ്തു. എന്നാൽ ആ ഗിഫ്റ്റുകളൊന്നും തന്നെ അവർ സ്വീകരിച്ചില്ല. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്.

ദർശ്ശന വാങ്ങിയ ബാച്ച് നമ്പരിലുള്ള എല്ലാ പായ്ക്കറ്റുകളും വിപണിയിൽ നിന്നും തിരിച്ചു വിളിക്കുമെന്നും വാക്കുനൽകി മറ്റ് രണ്ട് പായ്ക്കറ്റിലെ പാലപ്പ പൊടിയും നൽകി മടങ്ങുകയായിരുന്നു. കമ്പനി പ്രതിനിധികൾ മടങ്ങിയ ഉടൻ അവർ നൽകിയ പൊടി എടുത്ത് കുഴച്ചപ്പോൾ അതിൽ നിന്നും പുഴുക്കളെ കിട്ടി. ഇതോടെ അവരെ വീണ്ടും ബന്ധപ്പെട്ടപ്പോൾ പ്രശ്നമാക്കരുതെന്ന് പറയുകയും വേണ്ടത് ചെയ്യാമെന്ന മറുപടി നൽകുകയും ചെയ്തു. വിപണിയിലുള്ള പായ്ക്കറ്റുകൾ പിൻവലിക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുന്നുണ്ടോ എന്നറിയാൻ ദർശ്ശന കാത്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അതേ ബാച്ച് നമ്പരിലുള്ള പായ്ക്കറ്റുകൾ വിപണിയിൽ തന്നെയുണ്ടെന്ന് ദർശ്ശന കണ്ടെത്തി. ബാച്ച് നമ്പർ 0719069(10/07/2018). 0719491(11/08/2018) എന്നീ പായ്ക്കറ്റുകളിൽ നിന്നായിരുന്നു പുഴുവിനെ കിട്ടിയിരുന്നത്.

സംഭവത്തെ പറ്റി അറിയിക്കാൻ പല മാധ്യമങ്ങളെ അറിയിച്ചിട്ടും ആരും എത്തിയില്ല എന്ന് ദർശ്ശന പറഞ്ഞു. കൂടാതെ എറണാകുളം ജില്ലാകളക്ടറോട് പരാതി പറഞ്ഞപ്പോൾ ഫുഡ് സേഫ്റ്റി അസി.കമ്മീഷ്ണറെ ബന്ധപ്പെടാൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ തണുപ്പൻ മറപടിയാണ് കിട്ടിയതെന്നാണ് ദർശ്ശന പറയുന്നത്. മൂന്ന് തവണ പൊടി കലക്കിയപ്പോൾ കിട്ടിയ പുഴുക്കളും മാവും ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണിവർ.

വർഷങ്ങളായി ഇവർ ഉപയോഗിക്കുന്ന പാലപ്പപൊടിയാണ് ഡബിൾ ഹോഴ്സ് ഈസി പാലപ്പ പൊടി. വളരെ നല്ല രുചിയായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. ഇത്രയും നാൾ കഴിച്ചത് ഇത്തരം ഭക്ഷമാണല്ലോ എന്ന വിഷമത്തിലാണ് ഈ വീട്ടമ്മ. നിയമ പരമായി ഏതറ്റം വരെയും പോകും എന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ജൂലൈ ഏഴിനാണ് ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ രാജമാണിക്യം ഐഎഎസ് എടുത്തു.

ഡബിൾ ഹോഴ്‌സിനെ പോലൊരു വലിയ ബ്രാൻഡിന്റെ കള്ളക്കളി പൊളിച്ചതും രാജമാണിക്യത്തിന്റെ ഉറച്ച നിലപാടാണ്. മറുനാടൻ മലയാളി ഉൾപ്പെടെ ഇടപെടലിലൂടെ കൊണ്ടു വന്ന വിഷയത്തെ ഗൗരവത്തോടെ കണ്ടതാണ് വമ്പൻ ബ്രാൻഡിന് തിരിച്ചടിയായത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്‌സിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇതിനിടെ ചില മാധ്യമങ്ങൾ ഡബിൾ ഹോഴ്‌സിനെ രക്ഷിക്കാനും രംഗത്ത് എത്തി. ഇതോടെ സത്യം അന്വേഷിച്ച് മറുനാടനും രംഗത്തിറങ്ങി. സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ജെസിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ഇതോടെ മറുനാടനും ഭക്ഷ്യസുരക്ഷാ കമ്മീഷണറെ സമീപിച്ചു. സാമ്പിളുകൾ നൽകി. ഇതും പരിശോധനയ്ക്ക് അയച്ചു.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിശ്ര ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വൈറലായത്. ജെസി ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതിനോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.