ശൗചാലയങ്ങളിൽനിന്നുള്ള വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ ഒഴുകുന്ന പൈപ്പിലെ തകരാറുകൾ പരിഹരിക്കുക. ധാക്ക നഗര സഭയിലെ ഈ ദിവസവേതനക്കാരന്റെ ജോലി അതാണ്. ലോകത്തെ ഏറ്റവും മോശം ജോലികളിലൊന്ന്. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാതെ മാൻഹോളിലിറങ്ങി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

നീളമുള്ളൊരു വടി മാത്രമാണ് മാൻഹോളിലേക്കിറങ്ങുമ്പോൾ ഉപകരണമാണ് കൈയിലുള്ളത്. കഴുത്തറ്റം മാലിന്യത്തിൽമുങ്ങിനിന്ന് വടികൊണ്ട് തട്ടി തടസ്സങ്ങൾ നീക്കുകയാണ് ചെയ്യുന്നത്. മാൻഹോളിൽനിന്നുയരുന്ന വിഷപ്പുകയടക്കമുള്ളവയിൽനിന്ന് രക്ഷപ്പെടുന്നതിന് ഒരു മുഖാവരണം പോലും ഈ പാവത്തിനില്ല.

മതിയായ ഡ്രെയിനേജ് സൗകര്യമില്ലാത്ത നഗരങ്ങളിലൊന്നാണ് ധാക്ക. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ ദുരന്തങ്ങൾ നേരിടുകയും ചെയ്തു. ഡ്രെയിനേജുകളിലെ തടസ്സങ്ങൾ നീക്കാൻ ഇദ്ദേഹത്തെപ്പോലെ ചുരുക്കം ചിലരാണുള്ളത്. മാൻഹോളിൽ ജോലി ചെയ്യുന്നവർ അടിക്കടി ദുരന്തത്തിൽപ്പെടുന്നതുപോലും അവരുടെ സുരക്ഷ വർധിപ്പിക്കാൻ ധാക്ക നഗരസഭ അധികൃതരെ പ്രേരിപ്പിക്കുന്നില്ലെന്ന് മാത്രം.

മാൻഹോളിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് ഒട്ടേറെ തൊഴിലാളികൾ ഇതിനകം മരിച്ചിട്ടുണ്ട്. എങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ജോലി ചെയ്യാൻ ഇവർ നിർബന്ധിത രാവുകയാണ്. മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങളെ യാതൊരു മറയുമില്ലാതെ കൈകാര്യം ചെയ്യുന്ന ഇവർക്ക് വേണ്ടത്ര പരിരക്ഷ അധികൃതരിൽനിന്ന് ലഭിക്കുന്നുമില്ല.