മലപ്പുറം: മനോരമയിലെ കൊടിപ്പടയിൽ കെ സുരേന്ദ്രനും മുഹമ്മദ് റിയാസും കൊമ്പുകോർത്തപ്പോൾ കവിത ചൊല്ലിയായിരുന്നു കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രകടനം.

മലപ്പുറം തെരഞ്ഞുടുപ്പിൽ ബീഫ് വിവാദം എതിരാളികൾ ഉയർത്തി കൊണ്ടുവരുന്നതോടെ പ്രതിരോധത്തിലായിരുന്ന ബിജെപിയുടെ വ്യക്തമായ സന്ദേശമാണ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഒരു പശുവിനെ പേലും കൊല്ലാൻ അനുവദിക്കില്ല. അത് മലപ്പുറത്തായാലും എവിടെയായാലും. അതിന് ധൈര്യമുള്ളവരെ വെല്ലുവിളിച്ചു കൊണ്ടാണ് കെ.സുരേന്ദ്രൻ കൊടിപടയിൽ കത്തികയറിയത്. ബീഫ് പരാമർശത്തിൽ ബിജെപി നേതാക്കൾ ഉരുണ്ടുകളിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് പ്രകോപനപരമായി വെല്ലുവിളിച്ച് സുരേന്ദ്രൻ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന്റെ പ്രസ്താവന. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നു എന്നതിന്റെ പേരിൽ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യർത്ഥിച്ചിരുന്നു. ഈ വിവാദത്തിനാണ് സുരേന്ദ്രന്റെ വെല്ലുവിളിയോടെ പുതിയൊരു മാനം നൽകുന്നത്. മലപ്പുറം പോലെയൊരു സ്ഥലത്ത് സുരേന്ദ്രൻ നടത്തിയ വെല്ലുവിളി ഏത് തരത്തിലുള്ള ഇംപാക്ടാണ് ഉണ്ടാക്കുന്നതറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.

വെല്ലുവിളിയുമായി സുരേന്ദ്രൻ കത്തികയറിയപ്പോൾ ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരായ അതിക്രമത്തിന്റെ പേരിൽ പ്രതിരോധത്തിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും കൃത്യമായ മറുപടിയിലൂടെ കൈയടി നേടി. ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവരുടെ തലയിൽ തൊപ്പികാണില്ല. കേരളം ഭരിക്കുന്ന ഇടതുപക്ഷമാണ് അത് ഓർമ്മിക്കണമെന്നും റിയാസ് പറഞ്ഞു.

ഇരു യുവനേതാക്കളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും ആക്രമിച്ചും കൈയടി നേതിയപ്പോൾ ഇവരോടൊപ്പം ചർച്ചയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ശ്രദ്ധിക്കപ്പെട്ടത് കവിത ചൊല്ലിയായിരുന്നു. മഹിജയെ ആശ്വസിപ്പിക്കാൻ മാനസം കല്ലല്ലാത്ത ഒരു മാർക്‌സിസ്റ്റ് കാരനെങ്കിലും തയ്യാറെടുക്കണമെന്നാണ് ഉണ്ണിത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറം തെരഞ്ഞെടുപ്പിൽ പ്രഫലിക്കുന്ന വിഷയങ്ങളാണ് നേതാക്കളെല്ലാം പരസ്പരം ആക്രമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് സി.പി.എം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പൊലീസ് നടപടിക്കെതിരെ ഇത്രയും പരാമർശങ്ങൾ ഉയരുമ്പോൾ പ്രതിരോധത്തിലാകുന്നത് ഇടതു നേതാക്കൾ തന്നെയാണ്.