ന്യൂഡൽഹി: ലോകത്തിന് മുന്നിൽ കടുത്ത അപമാനഭാരം പേറി നിൽക്കുകയായിരുന്നു ഇന്ത്യ ഇതുവരെ. പത്തുലക്ഷത്തിൽത്താഴെ ആളുകൾ മാത്രമുള്ള രാജ്യങ്ങൾ പോലും മെഡലണിഞ്ഞ് തിളങ്ങുമ്പോൾ 130 കോടി ജനങ്ങളുള്ള നാട് ചൂളി നിൽക്കുകയായിരുന്നു. ഒരു മെഡൽ പോലും നേടാൻസാധിക്കാത്തതിന്റെ നാണക്കേടാണ് സാക്ഷി മാലിക് എന്ന ഹരിയാന പെൺകുട്ടി തിരുത്തിരിക്കുന്നത്. ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ സാക്ഷിയെ ഇനി കാത്തിരിക്കുന്നത് അനുമോദനങ്ങളുടെ കാലമാണ്.

ഒളിമ്പിക്‌സിൽ സ്വർണം നേടുന്നവർക്ക് ഒരു കോടി രൂപയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. റിയോയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം കൈവരിച്ച സാക്ഷിക്ക് ഇതിലുമെത്രയോ ഇരട്ടിയാണ് കിട്ടാൻ പോകുന്നത്. പണത്തിന് പുറമെ കിട്ടാൻ പോകുന്ന അംഗീകാരങ്ങളുമേറെ. ഹരിയാന സർക്കാറും സംഘടനകളും വ്യക്തികളും എല്ലാവരും തങ്ങളുടെ അഭിമാനമുയർത്തിയ പെൺകുട്ടിയെ ആദരിക്കാൻ കോടികൾ യഥോഷ്ടം ഒഴുക്കും. ബോളിവുഡും ക്രിക്കറ്റ് താരങ്ങളുമെല്ലാം സാക്ഷി മാലിക്കിനെ പുകഴ്‌ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇവരെല്ലാം താരത്തിന് പണം കൊണ്ട് മൂടുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയിൽ കായികതാരങ്ങൾക്ക് ഏറ്റവുമുയർന്ന സമ്മാനം നൽകുന്ന സംസ്ഥാനമാണ് ഹരിയാണ. നിലവിൽ ഹരിയാണയുടെ വാഗ്ദാനം സ്വർണത്തിന് ആറുകോടിയും വെള്ളിക്ക് നാല് കോടിയും വെങ്കലത്തിന് രണ്ടുകോടിയുമാണ്. ഇതിന് പുറമെ, ഹരിയാണയിൽ ചോദിക്കുന്ന സ്ഥലത്ത് ഭൂമിയും ആഡംബര വീടും ലഭിക്കും.

ഇന്ത്യയുടെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട താരം എന്ന നിലയിൽ ഹരിയാണ തന്നെ സാക്ഷിയെ സമ്മാനങ്ങൾകൊണ്ടു മൂടുമെന്നുറപ്പാണ്. സ്വർണജേതാവിന് വാഗ്ദാനം ചെയ്ത ആറുകോടി രൂപ സാക്ഷിക്ക് നൽകിയാലും അതിശയിക്കാനാനില്ല. മറ്റു സംസ്ഥാനങ്ങളും സാക്ഷിക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ വനിതയായത് വെയ്റ്റ് ലിഫ്റ്ററായിരുന്ന കർണ്ണം മല്ലേശ്വരിയാണ്. അന്ന് മല്ലേശ്വരിക്ക് പാരിതോഷികം നൽകാൻ മിക്ക സംസ്ഥാനങ്ങളും മത്സരിച്ചിരുന്നു. കേരളം അടക്കം അവർക്കായി പാരിതോഷികം നൽകുകയുമുണ്ടായി. തമിഴ്‌നാടും കർണ്ണാടകവുമൊക്കെ കേരളത്തെയും കടത്തിവെട്ടിയ തുകയാണ് സമ്മാനം നൽകിയത്.

സ്വർണം നേടുന്നവര്ക്ക് ഒരു കോടി രൂപ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് മറ്റു മെഡൽ ജേതാക്കൾക്കുള്ള സമ്മാനം. റെയിൽവേ ഉദ്യോഗസ്ഥ കൂടിയായ സാക്ഷിക്ക് 50 ലക്ഷം രൂപ ഈയിനത്തിലും ലഭിക്കും. ഇന്ത്യൻ ഒളിമ്പിക് കമ്മറ്റിയും ഇക്കുറി ആദ്യമായി സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ആ ഇനത്തിൽ വെങ്കലമെഡലിന് 20 ലക്ഷം രൂപയാണ് സമ്മാനം.

2008ൽ അഭിനവ് ബിന്ദ്ര ബെയ്ജിങ്ങിൽ സ്വർണമെഡൽ നേടിയപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അദ്ദേഹത്തിന് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. സമാനമായ സമ്മാനങ്ങളായിരിക്കും സാക്ഷിയെയും കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് പുറമെ വൻകിട കോർപറേറ്റുകളും കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളും സമ്മാനം പ്രഖ്യാപിക്കാനിടയുണ്ട്. ഒളിമ്പിക്‌സ് മെഡൽ ജേതാവായതോടെ കോർപ്പറേറ്റ് കമ്പനികളുടെ മോഡൽ റോളും സാക്ഷിയെ കാത്തിരിക്കുന്നു. ഗുസ്തി താരങ്ങളെ മോഡലുകളാക്കിയ ഭക്ഷ്യകമ്പനികൾ നിലവിൽ ഇന്ത്യയിലുണ്ട്. സാക്ഷിയെയും ഇവരിൽ ആരെങ്കിലും ബ്രാൻഡ് അംബാസിഡറാക്കാനും സാധ്യതയുണ്ട്. ഇതേല്ലാം കോടികളുടെ കിലുക്കമാണ് അവർക്ക് നൽകുക.

ഇതിന് പുറമെയാകും സാക്ഷിക്ക് ലഭിക്കാൻ പോകുന്ന സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി പ്രണബ് മുഖർജിയുടെയും പ്രത്യേക വിരുന്നുൾപ്പെടെയുള്ള സ്വീകരണം അവരെ കാത്തിരിക്കുന്നു. റെയിൽവേയിൽ സ്ഥാനക്കയറ്റമുൾപ്പെടെ ഔദ്യോഗിക ജീവിതവും ഇനി മാറിമറിയും. മെഡലില്ലാതെ മടങ്ങുമായിരുന്ന ഇന്ത്യയെ കാത്ത സാക്ഷി ഇതൊക്കെ അർഹിക്കുന്നുവെന്നതാണ് യാഥാർഥ്യവും.