ടോക്യോ: ഒളിമ്പിക്‌സ് ഗോദയിൽ നിന്നും വീണ്ടും ഇന്ത്യയ്ക്ക് ശുഭവാർത്ത. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ അൻഷു മാലിക്ക് യോഗ്യത നേടി.

ആദ്യ റൗണ്ടിൽ അൻഷുവിനെ തോൽപ്പിച്ച ബെലാറസ് താരം ഐറീന കുറാച്കീന ഫൈനലിലെത്തിയതോടെ റെപ്പാഷെയിലൂടെ ഇന്ത്യൻ താരം വെങ്കല മത്സരത്തിനായി യോഗ്യത നേടുകയായിരുന്നു. ലോകറാങ്കിങ്ങിൽ രണ്ടാമതുള്ള ഐറീന കുറാച്കീനയോട് 8-2 എന്ന സ്‌കോറിനാണ് ആദ്യ റൗണ്ടിൽ അൻഷു തോറ്റത്.

 

ഗിനിയയുടെ യാരി കമാറ ഫറ്റൗമാറ്റയാണ് വെങ്കല പോരാട്ടത്തിൽ അൻഷുവിന്റെ എതിരാളി. ആദ്യ റൗണ്ടിൽ ജപ്പാന്റെ റിസാകോ കവായിയോടാണ് യാരി കമാറ തോറ്റത്. പിന്നീട് ജപ്പാനീസ് താരം ഫൈനലിലെത്തിയിരുന്നു.

വെങ്കല മെഡലിനായുള്ള മറ്റൊരു മത്സരത്തിൽ ബൾഗേറിയയുടെ ജോർജീവ എവ്ലീന നിക്കോളോവയും അമേരിക്കയുടെ ലൂയിസ് ഹെലെൻ മരൗലിസും മത്സരിക്കും. ഇരുവരും സെമി ഫൈനലിൽ തോറ്റതോടെയാണ് വെങ്കലത്തിനായി പോരാടുന്നത്.