ഹ്യൂസ്റ്റൻ: വ്യക്തിയും സമൂഹവും പലപ്പോഴും തെറ്റും ശരിയും തിരിച്ചറിയാതെ പ്രവർത്തിക്കുന്നു. തെറ്റെന്ന് അറിഞ്ഞിട്ടും ചിലർ തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയും സത്യവും നീതിയും കുഴിച്ചു മൂടുന്നു. ഒക്‌ടോബർ 22നു വൈകുന്നേരം ഹ്യൂസ്റ്റനിലെ കേരളാ ഹൗസിൽ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച പ്രതിമാസ ചർച്ചാ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു സാംസ്‌കാരിക പ്രവർത്തകനായ ഈശൊ ജേക്കബ്. വിദ്യയും സംസ്‌കാരവും ഇത്രയേറെ വളർന്നിട്ടും പലപ്പോഴും നീതിയും സത്യവും തമസ്‌കരിക്കപ്പെടുന്ന എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. തെറ്റെന്ന് അറിഞ്ഞിട്ടും തെറ്റുകൾ പലവട്ടം ആവർത്തിക്കുന്ന പലരും നീതിമാന്മാരേയും നീതിപാലകരേയും നോക്കി പല്ലിളിക്കുന്നു. നീതിക്കും സത്യത്തിനും ഇന്നും പലയിടത്തും മരക്കുരിശു മാത്രം. എന്നാൽ തെറ്റാതെ ഒരു തെറ്റാലി മാതിരി ശരിയായ തെറ്റേണ്ടത് എപ്പോഴൊക്കെയാണെന്നും നമ്മൾ മനസ്സിലാക്കിയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടർ സണ്ണി എഴുമറ്റൂർ അധ്യക്ഷത വഹിച്ച ചർച്ചാ സമ്മേളനത്തിൽ ജോൺ മാത്യു മോഡറേറ്ററായി പ്രവർത്തിച്ചു.

ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനത്തിന്റെ ഇപ്രാവശ്യത്തെ ഒരു പ്രത്യേകത ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പ്രസിദ്ധ മലയാള കവിയായ ദേവരാജ് കാരാവള്ളിയെ ആദരിച്ചു എന്നതാണ്. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടർ സണ്ണി എഴുമറ്റൂർ, ദേവരാജ് കാരാവള്ളിക്ക് പാന്നാട ചാർത്തുകയും പ്രശംസാ ഫലകം നൽകുകയും ചെയ്തു. പല പ്രമുഖരും ദേവരാജ് കാരാവള്ളിയുടെ കവിതകളേയും സാഹിത്യ സേവനങ്ങളേയും ആസ്പദമാക്കി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ചു. ടോം വിരിപ്പന്റെ യോഗയേയും ധ്യാനത്തേയും പറ്റിയുള്ള പ്രസംഗങ്ങളും ചർച്ചയും സമയക്കുറവിനാൽ അടുത്ത മാസയോഗത്തിലേക്കായി മാറ്റി വെച്ചു.

പ്രബന്ധവതരണത്തിലും ചർച്ചയിലും അനുമോദന യോഗത്തിലും ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രമുഖരായ ബാബു കുരവക്കൽ, ജോൺ തൊമ്മൻ, തോമസ് അലക്‌സാണ്ടർ, ബാബു കുറൂർ, മാത്യു നെല്ലിക്കുന്ന്, സുരേന്ദ്രൻ കെ., എ.സി. ജോർജ്, തോമസ് ചെറുകര, ഗ്രേസി മാത്യു, സുബിൻ സിബി, ഡോക്ടർ മാത്യു വൈരമൺ, മാത്യു മത്തായി, ജോൺ മാത്യു ഈശൊ ജേക്കബ്, ബോബി മാത്യു, മേരി കുരവക്കൽ, ടോം വിരിപ്പൻ, നവീൻ കൊച്ചോത്ത്, ദേവരാജ് കാരാവള്ളി, മോട്ടി മാത്യു, ജോസഫ് തച്ചാറ്, ടൈറ്റസ് ഈപ്പൻ, തുടങ്ങിയവർ വളരെ സജീവമായി പങ്കെടുക്കുയും സംസാരിക്കുകയും ചെയ്തു.