'അശ്വത്ഥാമാവ് വെറും ഒരു ആന' പിണറായി സർക്കാരിനെ സന്തോഷിപ്പിക്കുന്ന രചന; 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' സർക്കാരിനെ കൊഞ്ഞനം കുത്തുന്ന സൃഷ്ടി; അനുവാദം ഇല്ലാതെ പുസ്തകം എഴുതിയ ജേക്കബ് തോമസിനെ പടിക്ക് പുറത്താക്കി; ശിവശങ്കറിന് എതിരായ നടപടിയിൽ നിയമസഭയിലും മുഖ്യമന്ത്രിക്ക് മൗനം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തണുത്തു കിടന്ന സ്വർണക്കടത്ത് കേസിനെ വീണ്ടും ചൂടാക്കിയത് എം.ശിവശങ്കർ ഐഎഎസിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയാണ്. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും പ്രതിയായ ശിവശങ്കരൻ 98 ദിവസം ജയിലിലായിരുന്നു. ഈ കേസിലെ ഉള്ളുകള്ളികളെ കുറിച്ച് തുറന്നു പറയുന്ന പുസ്തകമെന്ന പേരിലാണ് 'അശ്വത്ഥാമാവ് വെറും ഒരു ആന' ശ്രദ്ധനേടുന്നത്. ഈ പുസ്തകം അനുവാദം വാങ്ങിയിട്ടല്ല, ശിവശങ്കർ രചിച്ചത്.
സർക്കാർ സർവീസിലിരിക്കെ അനുവാദം വാങ്ങാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം എഴുതിയ ജേക്കബ് തോമസ് ഐപിഎസിനെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ അനുവാദമില്ലാതെ പുസ്തകം എഴുതിയ എം.ശിവശങ്കർ ഐഎഎസിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ, തെറ്റുപറയാനാവില്ല. ജേക്കബ്ബ് തോമസിനെതിരെ സർവ്വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് നടപടിയെടുത്തുവെന്ന് സർക്കാർ രേഖമൂലം നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിൽ നിന്നും മുൻകൂർ അനുമതി തേടാതെ എം ശിവശങ്കർ പുസ്തകമെഴുതിയെങ്കിലും നടപടി എടുത്തില്ല. സമാന വീഴ്ചയിലെ നടപടി വൈരുദ്ധ്യം ഒഴിവാക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും ഇല്ല. കെ കെ രമ നിയമസഭയിൽ ഇന്നയിച്ച ചോദ്യത്തിന് രേഖാ മൂലം മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഈ ഇരട്ടത്താപ്പ് ഒരിക്കൽകൂടി വ്യക്തമായത്.
സർവ്വീസ് ചട്ടം ലംഘിച്ച് പുസത്കമെഴുതിയതിന് ജേക്കബ് തോമസിനെതിരെ എടുത്ത നടപടിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ എന്ന കെ കെ രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ രേഖാ മൂലമുള്ള മറുപടി ഇങ്ങിനെയാണ്
'1966-െല Police Forces (Restrictions of Right) Act ലെ Section 3ന്റെ ലംഘനം നടതായി കണ്ടതിനാൽ, ടി നിയമത്തിലെ വകുപ്പ് 4 പ്രകാരം ക്രിമിനൽ നടപടിയും, 1968-ലെ All India Service (Conduct) Rules ന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടതിനാൽ, 1969-െല All India Service (Discipline & Appeal) Rulesലെ Rule 8 പ്രകാരം വകുപ്പ്തല നടപടിയുമാണ് മുൻ വിജിലൻസ് ഡയറക്ർ ജേക്കബ്ബ് തോമസിനെതിരെ ആരംഭിച്ചിട്ടുള്ളത്'
സമാന സ്വാഭവമുള്ള പുസത്കം എഴുതിയ എം ശിവശങ്കർ ഐ എഎസ് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്നും മറുപടി നൽകിയിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ ശിക്ഷാ നടപടികൾ സീകരിക്കുന്നതിന് അടിസ്ഥാനമായ ചട്ടങ്ങൾ, ശിവശങ്കറിന്റെ കാര്യത്തിൽ ഉപയോഗിക്കുന്നതിൽ ഉണ്ടായ വൈരുദ്ധ്യം ഇല്ലാതാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ, ജേക്കബ് തോമസിനെതിരായ നടപടിയുടെ വിശദാംശങ്ങൾ ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്
സിവിൽ സർവീസ് ചട്ടം അനുസരിച്ച് കല, സാഹിത്യ സൃഷ്ടികൾക്കൊഴികെ പുസ്തകരചന പോലുള്ള കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ സർക്കാരിന്റെ മുൻകൂർ അനുമതി തേടണം. ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച നിവേദനം നൽകേണ്ടത്. സർക്കാർ ഇക്കാര്യം പരിശോധിച്ച് അനുമതി ഉത്തരവ് നൽകും. അനുമതിയില്ലാതെ പുസ്തകമെഴുതിയാൽ സർക്കാരിനു നടപടിയെടുക്കാം. ജേക്കബ് തോമസിന്റെ പുസ്തകം പുറത്തിറങ്ങിയപ്പോൾ അനുമതിയില്ലാതെയാണ് എഴുതിയതെന്നും സർവീസ് ചട്ടലംഘനമുണ്ടെന്നും പുസ്തകത്തിൽ പതിനാലിടത്തു സർവീസ് ചട്ടം ലംഘിച്ചിട്ടുണ്ടെന്നും അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ശിവശങ്കറുടെ ആത്മകഥ പുറത്തുവന്നപ്പോൾ അതിനെതിരെ സർക്കാർ വിമർശനം ഉന്നയിച്ചില്ല. ഈ ഇരട്ടതാപ്പിന് പിന്നിലെ കാരണം കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി എത്തുന്ന 'അശ്വത്ഥാമാവ് വെറും ഒരു ആന'യിൽ സംസ്ഥാന സർക്കാർ തലത്തിലെ പലരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് രചന എന്നതാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളൊന്നും പുസ്തകത്തിലില്ലാത്തതുകൊണ്ടു തന്നെ ശിവശങ്കറിനെതിരെയുള്ള നീക്കമൊന്നും സർക്കാർ ആലോചനയിലില്ല.
2016 ഒക്ടോബറിൽ ജേക്കബ് തോമസ് പുസ്തകമെഴുതാൻ അനുമതി ചോദിച്ചു സർക്കാറിനെ സമീപിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം നൽകണമെന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. പിന്നീട് പുസ്തകം ഇറങ്ങിയ ശേഷം സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ വലിയ തോതിൽ ചർച്ചയായതോടെ വിപണിയിൽ ലഭ്യമായ പുസ്തകം പരിശോധിച്ചാണു ചട്ടലംഘനം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ