ബെർലിൻ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രങ്ങൾ വാങ്ങിയെന്ന കേസിൽ ആരോപണ വിധയേനായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എംപി സെബാസ്റ്റ്യൻ ഇടാത്തി അവസാനം മാദ്ധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ഔദ്യോഗിക ലാപ്‌ടോപ്പിൽ കുട്ടികളുടെ നൂറോളം നഗ്നചിത്രങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒളിവിലായ ഇടാത്തി ഇതാദ്യമായാണ് മാദ്ധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. താൻ തെറ്റു ചെയ്തുവെന്ന് സമ്മതിച്ച ഇടാത്തി പക്ഷേ, താൻ നിയമപരമായിട്ടല്ലാത്തതൊന്നും ചെയ്തിട്ടില്ലെന്ന് വാദിച്ചു.

പാർലമെന്ററി അന്വേഷണം നേരിടുന്ന ഇടാത്തി താൻ ചെയ്തതു തെറ്റാണെന്ന് തുറന്നു പറഞ്ഞു. ഇത്തരം ചിത്രങ്ങൾ ഓർഡർ ചെയ്യുന്നത് തെറ്റാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഇത് നിയമപരമായിട്ടു തന്നെയാണ് ചെയ്തത്. മാദ്ധ്യമങ്ങൾക്കു മുമ്പിൽ വളരെ അസ്വസ്ഥനായി കാണപ്പെട്ട ഇടാത്തി തന്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന് തുറന്നു പറഞ്ഞു. തന്റെ പ്രവർത്തി ഏറെപ്പേരെ അലോസരപ്പെടുത്തിയെന്നും തന്റെ പാർട്ടിയേയും പാർട്ടി സുഹൃത്തുക്കളേയും വേദനിപ്പിക്കുകയും ചെയ്തതായി ഇടാത്തി സമ്മതിച്ചു.

കുറ്റാരോപിതനായ ഉടൻ തന്നെ ഒളിവിൽ പോയ ഇടാത്തി ഇപ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കാലയളവിൽ തനിക്ക് വധഭീഷണി വരെ ഉണ്ടായതായി ഇടാത്തി പറഞ്ഞു. ധാർമികമായി താൻ ചെയ്തതു തെറ്റാണ്. എന്നാൽ ജർമനിയിൽ നിലനിൽക്കുന്ന നിയമമനുസരിച്ചു മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളത്. ഇതു സ്വകാര്യ പ്രവർത്തിയായി മാത്രം കണക്കാക്കിയാൽ മതി. നിയമപരമായി തെറ്റല്ലാത്ത കാര്യം ചെയ്യുമ്പോൾ മറ്റുള്ളവർ അതിൽ തലയിടാൻ പാടില്ലെന്നും ഇടാത്തി വിശദീകരിച്ചു.

ബാലലൈംഗിക ചിത്രങ്ങൾ വാങ്ങിയെന്ന് തെളിഞ്ഞ അന്നു മുതൽ ഏതെങ്കിലും തരത്തിലുള്ള പ്രതികരണത്തിനായി ഇടാത്തിയെ മാദ്ധ്യമങ്ങൾക്കു ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇടാത്തി പത്രസമ്മേളനം നടത്തുന്നുവെന്ന് പ്രഖ്യാപിച്ചതു മുതൽ അതു മാദ്ധ്യമങ്ങൾക്ക് ആഘോഷമായിരുന്നു. കുറ്റം തെളിഞ്ഞപ്പോൾ തന്നെ ഇടാത്തി തന്റെ എംപി സ്ഥാനം രാജിവച്ചിരുന്നു. കേസിന്റെ അടിസ്ഥാനത്തിൽ ഇടാത്തിയെ അടുത്ത ഫെബ്രുവരി 23ന് കോടതി വിസ്തരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ മാസം കോടതി പുറപ്പെടുവിച്ചിരുന്നു. വെർഡൻ ജില്ലാ കോടതിയിലായിരിക്കും ഇടാത്തിയുടെ ആദ്യവിസ്താരം.

മെർക്കൽ മന്ത്രിസഭയിൽ മെച്ചപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കേണ്ടിയിരുന്ന ഇടാത്തിയാണ് നഗ്നചിത്രങ്ങൾ വാങ്ങിയതിന്റെ പേരിൽ പുറത്താക്കപ്പെട്ടത്.  ഇടാത്തിക്കെതിരേ ഏഴു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.