- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മഴ തോർന്നു, അഞ്ചാം ദിനത്തിലെ കളി തുടങ്ങി; കിവീസിന് മൂന്നാം വിക്കറ്റ് നഷ്ടമായി; മത്സരം സമനിലയിലായാൽ വിജയിയെ കണ്ടെത്താൻ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കർ
സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനത്തിലെ കളി ആരംഭിച്ചു. മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന്, 16 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും വിക്കറ്റ് നഷ്ടമായി. 37 പന്തിൽ 11 റൺസെടുത്ത ടെയ്ലറിനെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ ക്യാച്ചെടുത്തു. 64 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ് കിവീസ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 15 റൺസോടെയും ഹെന്റി നിക്കോൾസ് ഒരു റണ്ണോടെയും ക്രീസിൽ. ഇന്ത്യൻ സ്‌കോറിനേക്കാൾ 94 പിന്നിലാണ് അവർ.
30 റൺസെടുത്ത ടോം ലാഥമും 54 റൺസെടുത്ത ഡെവോൺ കോൺവേയുമാണ് കഴിഞ്ഞ ദിവസം പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും
മോശം കാലാവസ്ഥ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരിൽ രസംകൊല്ലിയായതോടെ മത്സരം സമനിലയിൽ കലാശിച്ചാൽ വിജയിയെ കണ്ടെത്താൻ
ഐസിസിക്ക് മുന്നിൽ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസവും കമന്റേറ്ററുമായ സുനിൽ ഗാവസ്‌കർ. ഇതിനായി ഒരു ഫോർമുല ഐസിസി കണ്ടെത്തണം എന്നാണ് ഗാവസ്‌കറുടെ ആവശ്യം.
'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിലായാൽ വിജയിയെ കണ്ടെത്താൻ ഒരു ഫോർമുല വേണം. ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഇതിനെ കുറിച്ച് ചിന്തിക്കുകയും ഒരു തീരുമാനത്തിൽ എത്തുകയും വേണം. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ഇന്നിങ്സുകൾ പൂർത്തിയാക്കുക വളരെ പ്രയാസമാണ്. വളരെ മോശമായി ഇരു ടീമും ബാറ്റ് ചെയ്താൽ മാത്രമേ മൂന്ന് ഇന്നിങ്സുകൾ അവസാനിക്കാൻ സാധ്യതയുള്ളൂ' എന്നും ഗാവസ്‌കർ പറഞ്ഞു.
ഫുട്‌ബോളും ടെന്നീസും ചൂണ്ടിക്കാട്ടി ഗാവസ്‌കർ
'ഫുട്‌ബോളിൽ പെനാൽറ്റി ഷൂട്ടൗട്ടുണ്ട്, അല്ലെങ്കിൽ വിജയിയെ കണ്ടെത്താൻ മറ്റ് വഴികളുണ്ട്. ടെന്നീസിൽ അഞ്ച് സെറ്റുകളും ടൈ-ബ്രേക്കറുമുണ്ട്' എന്നും ഇന്ത്യൻ മുൻ നായകൻ ചൂണ്ടിക്കാട്ടി.
ഇതുവരെ 141.4 ഓവർ മാത്രമാണ് ഫൈനലിൽ എറിയാനായത്. രണ്ട് ദിവസം പൂർണമായും മഴ കവർന്നു. റിസർവ് ദിനമടക്കം രണ്ട് ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈസമയം കൊണ്ട് 308.5 ഓവർ എറിയാൻ കഴിയില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കലാശപ്പോര് സമനിലയിൽ അവസാനിക്കാനാണ് സാധ്യത.
നിലവിലെ നിയമം
വിജയിയെ കണ്ടെത്താനായി മാത്രം റിസർവ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല. ഫൈനൽ ദിനങ്ങളിൽ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്ടം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലേ റിസർവ് ദിനം മത്സരത്തിനായി ഉപയോഗിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് 2018 ജൂണിൽ ഈ രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതായും ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
സമയനഷ്ടത്തെ കുറിച്ച് മാച്ച് റഫറി ഇരു ടീമുകൾക്കും അറിയിപ്പുകൾ നൽകും. അഞ്ചാം ദിനം അവസാന മണിക്കൂറിന്റെ ആരംഭത്തിൽ മാത്രമേ റിസർവ് ദിനം ഉപയോഗിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും ഐസിസി അറിയിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്