ഷിക്കാഗോ: ഇന്ത്യൻ ക്രിസ്ത്യൻ ഫെഡറേഷന്റെ ഈവർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അമിത് കുമാർ ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് തുടക്കംകുറിച്ചു. ഈവർഷം കോവിഡ് നിബന്ധനകൾ ഉള്ളതിനാൽ പരിപാടികൾ റെക്കോർഡ് ചെയ്തതിനുശേഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ക്രിസ്തുമസ് കരോൾ ഗാനങ്ങളും, സ്‌കിറ്റ്. ഡാൻസ്, എന്നിവ വിവിധ സ്റ്റേജുകളിൽ റെക്കോർഡ് ചെയ്തതിനുശേഷം ഓൺലൈൻ വഴി അവതരിപ്പിച്ചു.

ഈവർഷം ക്രിസ്തുമസിനു സമാഹാരിച്ച തുക ഷിക്കാഗോയിലുള്ള മിഷണറീസ് ഓഫ് ചാരിറ്റിയോട് സഹകരിച്ച് 'ഫീഡ് ദ പൂവർ' പ്രൊജക്ടിനുവേണ്ടി നൽകുകയുണ്ടായി. കോൺസുൽ ജനറൽ ഓഫ് ഇന്ത്യൻ അമിത് കുമാർ, യുഎസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി എന്നിവർ ക്രിസ്മസ് ആശംസകൾ അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹത്തെ അറിയിച്ചു. ഐ.സി.എ.എൻ.എ ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, പ്രസിഡന്റ് കീർത്തികുമാർ റവേരി എന്നിവരും മറ്റ് ബോർഡ് ഡയറക്ടർമാരും കോൺസുലേറ്റിൽ നടന്ന ക്രിസ്തുമസ് കേക്ക് കട്ടിങ് സെറിമണിയിൽ പങ്കെടുത്തു.