തിരുവനന്തപുരം: ക്രിസ്മസിന് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ ഓടിക്കൊണ്ടിരിക്കുന്നയും നിർത്തലാക്കുമെന്ന് റിപ്പോർട്ട്. ഇതോടെ തിയ്യറ്റർ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കേരളത്തിൽ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങളുടെ തിയ്യറ്ററുകളിൽ നിന്ന് മോഹൻലാലിന്റെ പുലിമുരുകൻ, നാദിർഷ സംവിധാനം ചെയ്ത ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങൾ പിൻവലിക്കുമെന്ന് വിതരണക്കാരും നിർമ്മാതാക്കളും അറിയിച്ചു.

വൻ കളക്ഷൻ നേടി മുന്നേറുന്നവയാണ് ഈ രണ്ട് ചിത്രങ്ങളും. ഇതിന് പകരം മൾട്ടിപ്ലക്‌സുകളിലും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള തിയ്യറ്ററുകളിലും ബി ക്ലാസ് തിയ്യറ്ററുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ മന്ത്രി എ.കെ.ബാലന്റെ സാന്നിധ്യത്തിൽ വിതരണക്കാരും നിർമ്മാതാക്കളും തിയ്യറ്റർ ഉടമകളും തമ്മിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. തിയ്യറ്റർ വിഹിതത്തിന്റെ അമ്പത് ശതമാനം ലഭിക്കണമെന്ന് തിയ്യറ്റർ ഉടമകൾ വാശി പിടിച്ചതോടെ ഈ ക്രിസ്മസിന് ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു വിതരണക്കാരും നിർമ്മാതാക്കളും. പ്രശ്‌നം പരിഹരിക്കാൻ ജുഡിഷ്യൽ സ്വഭാവമുള്ള ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ തിയ്യറ്റർ ഉടമകൾ തയ്യാറായില്ല.

വിഷയം ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്നായിരുന്നു അവരുടെ നിലപാട്. ഈ സമരം കാരണം മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖറിന്റെ ജോമോന്റെ സുവിശേഷങ്ങൾ, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവയായിരുന്നു ഈ ക്രിസ്മസിന് റിലീസ് ചെയ്യാനുണ്ടായിരുന്നത്.

അതേസമയം, തിയറ്ററുകളിൽ റിലീസുകൾ ഇല്ലെങ്കിലും ചാനലുകളിൽ സിനിമാ ചാകരയാണ്. സമീപകാല സൂപ്പർഹിറ്റുകളാണ് വിവിധ ചാനലുകളിലെ ക്രിസ്മസ് സിനിമകൾ. ബാർക്ക് റേറ്റിംഗിലെ കൃത്രിമത്വവും തർക്കവും വിനോദ ചാനലുകളുടെ റേറ്റിംഗിൽ മാറിമറിച്ചിലുകൾക്ക് കളമൊരുക്കുമ്പോൾ ക്രിസ്മസ് -ന്യൂ ഇയർ പ്രൈം ടൈമിൽ കടുത്ത മത്സരമാണ് ചാനലുകൾ തമ്മിൽ. സിനിമകളുടെ തെരഞ്ഞെടുപ്പിൽ ക്രിസ്മസ് ദിനങ്ങളിലും ഏഷ്യാനെറ്റാണ് ഒരു പടി മുന്നിൽ. ബാർക്ക് റേറ്റിങ് പ്രകാരം തുടർച്ചയായി ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് പ്രധാനമായും രണ്ട് ചിത്രങ്ങളാണ് ക്രിസ്മസ് നാളുകളിൽ പ്രേക്ഷകരിലെത്തിക്കുക. ജീത്തു ജോസഫ് -പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ഊഴം,100 കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാലിന്റെ തെലുങ്ക് സൂപ്പർഹിറ്റ് ജനതാ ഗാരേജ്. ഇതോടൊപ്പം എന്ന് നിന്റെ മൊയ്തീൻ, അടി കപ്യാരേ കൂട്ടമണി, ടു കൺട്രീസ് എന്നീ സിനിമകളും ക്രിസ്മസിനോട് അനുബന്ധിച്ച് സംപ്രേഷണം ചെയ്യും. ന്യൂ ഇയർ പ്രിമിയർ ഏത് ചിത്രമായിരിക്കുമെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല. ഓണം സീസണിൽ ചാനലുകളിൽ ഏറ്റവുമധികം റേറ്റിങ് ലഭിച്ച ദിലീപ് ചിത്രം ടു കൺട്രീസും ഏഷ്യാനെറ്റിലുണ്ട്.

ഫെസ്റ്റിവൽ സീസണുകളിൽ ചാനൽ റേറ്റിംഗുകളെ അടക്കിവാഴുന്ന താരമാണ് ദിലീപ്. തിയറ്ററുകളിൽ പരാജയമടഞ്ഞ ദിലീപ് ചിത്രം വെൽകം ടു സെൻട്രൽ ജയിൽ ആണ് സൂര്യയുടെ ഡിസംബർ പ്രിമിയർ. പുതുവർഷത്തിലായിരിക്കും ഈ ചിത്രത്തിന്റെ സംപ്രേഷണമെന്നറിയുന്നു. ജയസൂര്യയുടെ പ്രേതം, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശിഗദ എന്നിവയാണ് സൂര്യയുടെ ക്രിസ്മസ് സിനിമകൾ. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ സംപ്രേഷണാവകാശം സൂര്യയ്ക്കാണ്.

മഴവിൽ മനോരമയിൽ ഗപ്പിയാണ് ക്രിസ്മസ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. തിയറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും ടോറന്റ് ഹിറ്റായി മാറിയ ചിത്രമാണ് നവാഗതനായ ജോൺപോൾ സംവിധാനം ചെയ്ത ഗപ്പി. ടോവിനോ തോമസ്, മാസ്റ്റർ ചേതൻ, ശ്രീനിവാസൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. നയൻതാര നായികയായ തമിഴ് സൂപ്പർഹിറ്റ് ചിത്രം മായയും മഴവിൽ മനോരമയുടെ ക്രിസ്മസ് ചിത്രമാണ്. കിങ് ലയർ, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളും മഴവിൽ മനോരമ ഈ സീസണിൽ സംപ്രേഷണം ചെയ്യും.

ഫ്ളവേഴ്സ്, കൈരളി, അമൃതാ എന്നീ ചാനലുകൾ ക്രിസ്മസ് റിലീസുകൾ പ്രഖ്യാപിച്ചിട്ടില്ല. ഫ്ളവേഴ്സിൽ തിയറ്ററുകളിൽ വലിയ ചലനം തീർക്കാത്ത പുതിയ ചിത്രങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.