മൂന്നാറിലെ സ്ത്രീമുന്നേറ്റത്തിന് പിന്നാലെ ഇങ്ങനെയൊരു സമരവും സമരവിജയവും കേരളത്തിലുണ്ടാകുമെന്ന് ആരും സ്വപ്‌നത്തിൽ പോലും വിചാരിച്ചുകാണില്ല. കോതമംഗലത്തിനടുത്ത് മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിൽ രാഷ്ട്രീയ പിന്തുണയേതുമില്ലാതെ എട്ടാംക്ലാസുകാരൻ യദുകൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ സമരം വിജയത്തിലെത്തിയപ്പോൾ കേരളമാകെ അന്തിച്ചുപോയി. സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ ലീഡർ യദുകൃഷ്ണനും സഹപാഠിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കെ സന്ധ്യയും നടത്തിവന്ന സമരമാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ പോലും മുട്ടുകുത്തിച്ചത്.

രണ്ടുദിവസം നീണ്ട കുട്ടികളുടെ നിരാഹാരസമരത്തിന മുന്നിൽ മുട്ടുമടക്കി മന്ത്രിസഭായോഗം തന്നെ അദ്ധ്യാപകരെ അടിയന്തിരമായി നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ആഹ്ലാദപ്രകടനത്തിന് പിന്നാലെ നാടെങ്ങും യദുകൃഷ്ണനെ കുറിച്ചുള്ള വാർത്തകൾ വീശിയടിക്കുന്നതിനിടെയാണ് റിപ്പോർട്ടർ ചാനലിലെ ടോക്കിങ് പോയിന്റ് എന്ന രാത്രിചർച്ചയിൽ അഭിലാഷ് മോഹൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾക്കും സ്ഥലം എംഎൽഎ ടിയുകുരുവിളയ്ക്കും ഒപ്പം എട്ടാംക്ലാസുകാരനായ യദുകൃഷ്ണനെയും ചർച്ചയ്ക്കിരുത്തിയത്.

എട്ടാംക്ലാസുകാരനല്ലേ എന്ത് ചാനൽചർച്ചയെന്നും വിചാരിച്ചാണ് ടിയു കുരുവിളയും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും അപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇരുന്നത്. നാട്ടിൻ പുറത്തെ ഭാഷയിൽ മുട്ടയിൽ നിന്നെണീക്കാത്ത ചെക്കൻ മുൻ മന്ത്രിയോട് ചർച്ചയ്ക്കിരിക്കുകയോ എന്ന് ചിലരൊക്കെ വിചാരിച്ചു. എന്നാൽ ടെലഫോണിലൂടെ ചർച്ചയിൽ പങ്കെടുത്ത് തർക്കത്തിലേർപ്പെട്ട കുരുവിളയോട് എന്തുകൊണ്ട് ഇത്രവൈകിയെന്ന ചോദ്യമാണ് അഭിലാഷ് മോഹൻ ആദ്യം തന്നെ ഉന്നയിച്ചത്. ഒടുവിൽ കുട്ടികളുടെ സമരം കൊണ്ടല്ല, നേരത്തെ തന്നെ അദ്ധ്യാപകനെ നിയമിക്കാൻ തീരുമാനമായതാണെന്ന് വരെ കുരുവിള അടിച്ചുവിട്ടപ്പോൾ അഭിലാഷ് മോഹൻ തർക്കത്തിനായി മൈക്ക് യദുകൃഷ്ണന് കൈമാറി. പിന്നീട് എട്ടാംക്ലാസുകാരനായ യദുകൃഷ്ണനും മുന്മന്ത്രിയായ എംഎൽഎയും തമ്മിലുള്ള മൂത്ത തർക്കത്തിനാണ് ചർച്ചാവേദി സാക്ഷ്യംവഹിച്ചത്.

സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്തപ്പോൾ അദ്ധ്യാപകരെ വയ്ക്കാത്തതിനാൽ പണക്കാരായ കുട്ടികൾ ടിസി വാങ്ങിപ്പോയി എന്നും പാവപ്പെട്ട കുട്ടികൾ പഠനം മുടങ്ങുമെന്നറിഞ്ഞിട്ടും ഇവിടെ തുടരുകയാണെന്നും യദുകൃഷ്ണൻ പറഞ്ഞു. ഇത്ര ക്രൂരമായ സാഹചര്യത്തെ കുറിച്ച എന്തുകൊണ്ട് ഇത്രകാലമായിട്ടും ആലോചിച്ചില്ലെന്ന് അഭിലാഷ് മോഹൻ ചോദിച്ചു. എന്നാൽ കുരുവിള ഇതിനോടൊന്നും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഞങ്ങൾ ഇതൊക്കെ നേരത്തെ അറിഞ്ഞതാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കുരുവിള അവകാശപ്പെട്ടു. ഉടനെ അത് തെളിയിക്കാൻ യദുകൃഷ്ണൻ കുരുവിളയെ വെല്ലുവിളിച്ചു. എന്നാൽ കുരുവിള വിദ്യാർത്ഥികളുടെ സമരം ആരംഭിക്കുമ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നുവെന്ന പറഞ്ഞ് കുട്ടികളുടെ സമരത്തെ പുച്ഛിക്കുകയായിരുന്നു. ഇത് കേട്ട് ക്ഷുഭിതനായ എട്ടാംക്ലാസുകാരൻ യദു ഞങ്ങൾ സമരം ചെയ്യുന്ന സമയത്ത് എവിടെയായിരുന്നു എംഎൽഎ എന്ന് തിരിച്ചുചോദിച്ചു.ആരും ആവശ്യം കേൾക്കാതായതോടെ ഞങ്ങൾ സമരം ചെയ്തു. അത് മാദ്ധ്യമങ്ങളിലൂടെ വലിയ വാർത്തയാകുകയായിരുന്നു. മീഡിയയുടെ സപ്പോർട്ട് കിട്ടിയതുകൊണ്ട് വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചു. അങ്ങനെയാണ് ഈ സംഭവത്തിന് പരിഹാരമായത്. പ്രശ്‌നം പരിഹരിച്ചപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കാൻ വന്നിരിക്കുകയാണ്. ഞങ്ങൾ ഈ ആവശ്യത്തിനായി മുറവിളി കൂട്ടിയപ്പോൾ എവിടെയായിരുന്നു ഈ എംഎൽഎ ?

വീണ്ടും ഉത്തരം മുട്ടിയപ്പോൾ കുരുവിള പുതിയ അടവുമായി എത്തി. ഇത് രാഷ്ട്രീയപ്രേരിതമായ സമരമെന്നായി എംഎൽഎ. അത് കേട്ടഅഭിലാഷ് മോഹൻ വീണ്ടും ഇടപെട്ടു.

' എന്താണ് ശ്രീ കുരുവിള ഈ പറയുന്നത്. ഈ കുട്ടികൾക്കെന്ത് രാഷ്ട്രീയം. അവർ സഹികെട്ടിട്ടാണ് സമരം ചെയ്തത്. നിങ്ങൾ അതിൽ ആവശ്യമായ സമയത്ത് ഇടപെടാത്തതുകൊണ്ടല്ലേ ഈ കുട്ടികൾ നിരാഹാരസമരം കിടക്കേണ്ടി വന്നത്?

' അതൊക്കെ എനിക്കറിയാം. ചിലരൊക്കെ ഈ കുട്ടികൾക്ക പിന്നിലുണ്ട്' എന്നായി കുരുവിള. മൂന്നാറിൽ സമരം ചെയ്ത സ്ത്രീകൾക്ക് പിന്നിൽ തീവ്രവാദികളുണ്ടെന്ന് പറഞ്ഞതിനെ ഓർമിപ്പിക്കും വിധമായിരുന്നു കുരുവിള കുട്ടികളുടെ സമരത്തെ വിലകുറച്ച് കാണാൻ ചില മുനകൾ വച്ച് സംസാരിച്ചത്. എന്തായാലും യദുകൃഷ്ണൻ അപ്പോഴും വെല്ലുവിളിച്ചു.

' ഞങ്ങളുടെ പിന്നിൽ ആരുണ്ടെന്നാണ് പറയുന്നത്. ഞങ്ങൾ കുട്ടികളുടെ കൂട്ടത്തിൽ എല്ലാപാർട്ടിക്കാരും ഉണ്ട്. ബിജെപിക്കാരുണ്ട് കോൺഗ്രസ്സുകാരുണ്ട് എസ്എഫ്‌ഐക്കാരുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിക്കാർ മാത്രമായി ചെയ്ത സമരമല്ല.' ഉത്തരം മുട്ടിയ കുരുവിളയെ വീണ്ടും വീണ്ടും എട്ടാംക്ലാസുകാരൻ ചോദ്യങ്ങൾ കൊണ്ട് ആക്രമിച്ചു. അപ്പോഴും എംഎൽഎ പറഞ്ഞുകൊണ്ടേയിരുന്നു 'ഞാൻ കഷ്ട്ടപ്പെട്ടു സമ്മർദ്ദം ചെലുത്തിയാണ് ഇപ്പോൾ അദ്ധ്യാപകരെ നിയമിക്കാൻ ഇടയാക്കിയത്' എന്ന്. സമരം വിജയിച്ചപ്പോൾ വെറുതെ വന്ന് അവകാശപ്പെടുകയാണ്. എവിടെപ്പോയി എംഎൽഎ ഇത്രനാളും' എന്ന് യദുകൃഷ്ണൻ അവസാനത്തെ ആണി കൂടി അടിച്ചതോടെ കുരുവിളയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഫോണുംവച്ച് സ്ഥലംവിട്ടുകളഞ്ഞു. ഹലോ, ഹലോ കേൾക്കുന്നുണ്ടോ എന്ന് ചോദിച്ച അഭിലാഷ് മോഹൻ അടുത്തയാളിലേക്ക് പോയി.

ഇതോടെ സോഷ്യൽ മീഡിയയിലും യദുകൃഷ്ണൻ താരമായിക്കഴിഞ്ഞു. നീ ഞങ്ങളടെ മുത്താടാ മുത്ത് എന്നും പറഞ്ഞുള്ള ഫേസ്‌ബുക്ക് കമന്റുകളായി പ്രശംസകളായി. സമരവിജയത്തിന് പിന്നാലെ റിപ്പോർട്ടർ ചർച്ചയുടെ പേരിലും യദുകൃഷ്ണന് താരപ്രഭ കൂടിയെന്നർത്ഥം. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പതറാതെ കാര്യങ്ങൾ വിശദീകരിക്കുന്ന ഈ എട്ടാംക്ലാസുകാരൻ നാട്ടുകാരുടെ ആകെ സ്‌നേഹം പിടിച്ചുപറ്റിക്കഴിഞ്ഞു. രണ്ടുദിവസം പട്ടിണികിടന്ന് ആവശ്യം നേടിയെടുക്കാൻ സമരം തുടർന്നപ്പോൾ രക്ഷിതാക്കളുടെ ആശങ്കകളൊക്കെ അസ്ഥാനത്താക്കിയതും യദുകൃഷ്ണന്റെയും സന്ധ്യയുടെയും നിശ്ചയദാർഢ്യമായിരുന്നു.