- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്തടിച്ച പൊലീസുകാരനോട് പ്രതിഷേധിച്ച് മുണ്ടുപേക്ഷിച്ച് വേഷം നൈറ്റിയാക്കി; നോട്ട് നിരോധിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന 23000 രൂപ കത്തിച്ചുകളഞ്ഞു; നരേന്ദ്ര മോദി രാജിവെക്കും വരെ മുടിയും മീശയും വളർത്തില്ലെന്ന് പ്രതിജ്ഞയും; താമസിക്കാൻ വീട് നൽകിയിട്ടും തനിക്കുറങ്ങാൻ സിറ്റൗട്ട് മതിയെന്ന് വാശിപിടിച്ചു; വ്യത്യസ്തനായ യഹിയയുടെ കഥ!
തിരുവനന്തപുരം: വ്യത്യസ്തനായ, പച്ചയായ ഒരു സാധുമനുഷ്യനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയം. പ്രതിജ്ഞകൾക്ക് ജീവന്റെ വില നൽകുന്ന ആ മനുഷ്യനെയാണ് സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നതും. മുണ്ടിന്റെ കുത്ത് അഴിക്കാത്തതിന് പൊലീസുകാരൻ കരണത്തടിച്ചപ്പോഴാണ് യഹിയ എന്ന സാധാരണക്കാരനായ ആ മനുഷ്യൻ അസാധാരണമായ ആദ്യത്തെ പ്രതിജ്ഞയെടുക്കുന്നത്. ഇനി നൈറ്റി മാത്രമെ ധരിക്കുകയുള്ളുവെന്ന്. അങ്ങനെ അന്ന് യഹിയ മുണ്ട് ഉപേക്ഷിച്ചു. ആദ്യമൊക്കെ യഹിയയുടെ വേഷം നാട്ടുകാർക്ക് തമാശയായിരുന്നു. എന്നാൽ പിന്നെപിന്നെ കടയ്ക്കലുകാർ ആ വേഷത്തോട് പൊരുത്തപ്പെട്ടു. യഹിയയുടെ അടുത്ത പ്രതിജ്ഞ നോട്ട് നിരോധനകാലത്തായിരുന്നു. പ്രധാനമന്ത്രി രാജി വയ്ക്കുംവരെ മുടിയും മീശയും വളർത്തില്ല. ഇന്നും ഈ തീരുമാനങ്ങൾ അണവിട തെറ്റിച്ചിട്ടില്ല യഹിയ. ഇനിയുമുണ്ട് ജീവിതത്തിൽ യഹിയയുടെ കടുംപിടുത്തങ്ങൾ.
ആ പ്രതിജ്ഞകളെ പറ്റി കേൾക്കുമ്പോൾ എല്ലാവർക്കും തമാശയായി തോന്നാം. എന്നാൽ യഹിയയ്ക്ക് കഴിഞ്ഞുപോയതൊന്നും തമാശയല്ല. ജീവിത്തിന്റെ മൂശയിൽ ചുട്ടുപഴുത്തുകൊണ്ടിരിക്കുന്ന കടയ്ക്കലുകാരുടെ യാഹിയാക്ക ഇപ്പോഴും കടയ്ക്കലിൽ തന്നെയുണ്ട്. തട്ടുകട ജീവിതം അവസാനിപ്പിച്ച അദ്ദേഹം പണ്ട് താൻ പാചകക്കാരനായിരുന്ന വീടിന്റെ സിറ്റൗണ്ടിലാണ് ജീവിതം തുടരുന്നത്. അതും മറ്റൊരു കടുംപിടുത്തം. ഇവിടെ കിടന്ന് തന്നെ മരിക്കണം എന്ന തീരുമാനമാണ് വീട്ടുകാർ വീട് തുറന്ന് നൽകിയിട്ടും അകത്തേക്ക് കയറാതെ സിറ്റൗട്ടിൽ തന്നെ കഴിയാൻ യഹിയയെ പ്രേരിപ്പിക്കുന്നത്.
യഹിയ തന്റെ ജീവിതം തുടങ്ങുന്നത് ഈ വീട്ടിലെ പാചകക്കാരനായി ആയിരുന്നു. ഒരു പൊലീസുകാരന്റെ വീടാണ് അത്. പൊലീസുകാരനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ വീട് ഉപയോഗിക്കാൻ യഹിയയ്ക്ക് കൊടുത്തിരിക്കുകയാണ്. എന്നാൽ, തനിക്ക് ഇത്ര വലിയ വീട് ആവശ്യമില്ലെന്നും കിടന്നുറങ്ങാൻ ഈ സിറ്റൗട്ട് തന്നെ ധാരാളം എന്നും പറയുകയാണ് യഹിയ. ആരോഗ്യം മോശമായതിനെത്തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ കട താൽക്കാലികമായി അടയ്ക്കേണ്ടിവന്നു. പക്ഷേ നാട്ടുകാർ ഇടപെട്ട് മറ്റൊരാൾ ഇപ്പോൾ ആ കട നടത്തുന്നുണ്ട്. ദിവസം 350 രൂപയും ഭക്ഷണവും യഹിയയ്ക്ക് അവിടെനിന്ന് ലഭിക്കും. ഭാര്യ മരിച്ചതോടെ യഹിയ തീർത്തും ഒറ്റപ്പെട്ടു. മക്കൾ തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിക്കുമെങ്കിലും നിലപാട് മാറ്റാൻ യഹിയക്ക തയ്യാറല്ല.
യഹിയ എന്ന പച്ച മനുഷ്യൻ
കൊല്ലത്തു കടയ്ക്കൽ മുക്കുന്നം സ്വദേശിയാണ് യഹിയാ. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സിൽ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികൾ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതുമായിരുന്നു ആ കുടുംബം.
തെങ്ങുകയറ്റവും കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാൻ പറ്റില്ല എന്ന യാഥാർത്ഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു ആ മണലാരണ്യങ്ങളിൽ.
അവിടെ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മെയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതിൽ നിന്ന് ഒരു തുള്ളി വെള്ളം എടുത്താൽ മൃഗീയമായ മർദ്ദനമുറകളായിരുന്നു. അതുകൊണ്ട് തന്നെ കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേക്കാതെയും വർഷങ്ങളോളം അയാൾ ആ മരുഭൂമിയിൽ കിടന്നു നരകജീവിതം നയിച്ചു.
ഒടുവിൽ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്പ്പായുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. ഉപജീവനത്തിനായി ഒരു തട്ടുകടയും, പിന്നീട് ചെറിയൊരു ചായക്കടയുമായി അത് വികസിച്ചു.
ചായക്കടക്കാരന്റെ മൻകി ബാത്ത്
അവിടെയും യഹിയാ വ്യത്യസ്തനായിരുന്നു. ഒരു സാമൂഹ്യസേവനം കൂടിയായിരുന്നു യഹിയയ്ക്ക് തന്റെ ചായക്കട. ഉപജീവനത്തിനായി തുടങ്ങിയ ചായക്കട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവർക്കും പ്രിയങ്കരനായത്. ഊണിനു 10രൂപ, ഒരു പ്ലേറ്റ് കപ്പക്ക് 10രൂപ, ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക് 40രൂപ, അങ്ങനെ ആകെ 60രൂപ കയ്യിലുണ്ടെങ്കിൽ കുശാൽ.
ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകൾ. അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ, പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, ദോശക്ക് 4രൂപ ചായയ്ക്ക് 5 രൂപ
കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റിൽ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല. വലിയ ലാഭമോ പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല. ചിലവൊക്കെ കഴിഞ്ഞു ഒരു 500രൂപ കിട്ടിയാൽ മതി. സന്തോഷം.
ജീവിതം മാറുന്നു
അങ്ങനെ ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോൾ യഹിയായുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. കവലയിൽ വെച്ച് എസ്ഐയെ കണ്ടപ്പോൾ മുണ്ടിന്റെ കുത്തഴിച്ചില്ല എന്ന കാരണത്താൽ എസ്ഐ യഹിയായുടെ കരണത്തടിച്ചു. കവലയിൽ വച്ചുണ്ടായ ആ അപമാനത്തിനും പൊലീസുകാരന്റെ ധാർഷ്ഠ്യത്തിനും യഹിയ പകരം വീട്ടിയത് അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചുകൊണ്ടായിരുന്നു. പിന്നെ വേഷം നൈറ്റി ആക്കി. ഇനി മുണ്ടഴിച്ചിട്ടില്ല എന്നാരും പരാതി പറയില്ലല്ലോ എന്ന് യഹിയ പറയുന്നു.
സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, ഇയാൾക്കെന്താ വട്ടുണ്ടോ എന്ന് നാട്ടുകാരിൽ പലരും കളിയാക്കി. അടുപ്പക്കാർ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തിൽ നിന്നും മാറാൻ യഹിയ പിന്മാറിയില്ല. എസ് ഐയുടെ അതിക്രമം അത്രയധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. യഹിയയെ പോലൊരു പാവത്താൻ ഇതിനപ്പുറം എങ്ങനെയാണ് പ്രതിഷേധിക്കേണ്ടത്. ഇതിനപ്പുറം എന്ത് ചെയ്യാൻ അയാൾക്ക് സാധിക്കും?
ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി. കടയ്ക്കലുകാർക്ക് സാധാരണ കാഴ്ച്ചയായി മാറി നൈറ്റി ധരിച്ച യഹിയാക്ക.
പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധം
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ എതിർസ്വരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന് കേരളത്തിൽ നിന്നായിരുന്നു. താൻ പണമായി സൂക്ഷിച്ച 23,000 രൂപ നേരമിരുട്ടി വെളുത്തപ്പോൾ മൂല്യമില്ലാതായിപ്പോയതിൽ പ്രതിഷേധിച്ച യഹിയ എന്ന എഴുപതുകാരനായ ചായക്കടക്കാരന്റെ ചിത്രം. മൂല്യം നഷ്ടപ്പെട്ട 23,000 രൂപയുടെ നോട്ടുകൾ കത്തിച്ച്, പാതി മീശയും പിന്നീട് പാതി മുടിയും വടിച്ചുകളഞ്ഞ, പ്രധാനമന്ത്രി രാജിവെക്കുംവരെ ഇനി മീശ വെക്കില്ലെന്ന് പ്രഖ്യാപിച്ച യഹിയ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.
രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ 23,000 രൂപയാണ് പണമായി യഹിയയുടെ കൈയിൽ ഉണ്ടായിരുന്നത്. മുഴുവൻ ആയിരത്തിന്റെ നോട്ടുകൾ. മാറ്റിവാങ്ങാൻ ബാങ്കിന് മുന്നിൽ രണ്ട് ദിവസം ക്യൂ നിന്നിട്ടും നടന്നില്ല. ഒരു ദിവസം ക്യൂവിൽ നിൽക്കവെ ഷുഗർ മൂലമുള്ള അവശതകൊണ്ട് ബോധംകെട്ട് വീണു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി നടത്തിയ സമരമാണ് വാർത്തകളിൽ ഇടംപിടിച്ചത്. വിലയില്ലാതായ നോട്ടുകൾ കത്തിച്ച് ചാരമാക്കി. പകുതി മീശ എടുത്തു. നരേന്ദ്ര മോദി രാജിവെക്കുന്നതുവരെ മീശ വളർത്തില്ലെന്ന് പറഞ്ഞു. പിറ്റേ വർഷം മുടിയുടെ പകുതിയും എടുത്തു. ഇന്നും തന്റെ തലയിൽ ഒരു മുടി പോലും വളർന്ന് നിൽക്കാൻ യഹിയ അനുവദിക്കില്ല.
യഹിയയേ സിനിമയിലെടുത്തേ
യഹിയയുടെ ജീവിതകഥ അടിസ്ഥാനമാക്കി മാധ്യമപ്രവർത്തകനായ സനു കുമ്മിൾ 'ഒരു ചായക്കടക്കാരന്റെ മൻ കി ബാത്' എന്നപേരിൽ ഡോക്യുമെന്ററി നിർമ്മിച്ചതോടെയാണ് യഹിയയുടെ ജീവിതസമരം പരക്കെ ചർച്ച ചെയ്യാൻ തുടങ്ങിയത്. 2018ലെ ഐഡിഎസ്എഫ്എഫ്കെയിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡിന് അർഹമായിരുന്നു. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി മേളകളിൽ 'ഒരു ചായക്കടക്കാരന്റെ മൻ കി ബാത്' പ്രദർശിപ്പിക്കപ്പെട്ടു. ഡൽഹിയിൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനെത്തിയ ഡോക്യുമെന്ററി സംഘപരിവാർ തടഞ്ഞതും തുടർന്ന് പത്രപ്രവർത്തക യൂണിയൻ സ്വന്തം നിലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതും ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജ് വാർത്തയായിരുന്നു.
നിലപാടുകളുടെ ചക്രവർത്തി
യഹിയയ്ക്ക് ജീവിതത്തിൽ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്വാനിച്ചു തന്നെ ജീവിക്കണം. യഹിയയുടെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചപ്പോൾ അത് യഹിയയ്ക്കായി ഉപയോഗിക്കാനാണ് സനു ശ്രമിച്ചത്. എന്നാൽ ആരുടെയും സഹായം വാങ്ങാൻ യഹിയ തയ്യാറല്ല. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി മുമ്പ് കത്തിച്ചു കളഞ്ഞ അത്രയും തുക മാത്രം യഹിയ കൈപ്പറ്റി. പിന്നീട് അസുഖ ബാധിതനായപ്പോഴും ആശുപത്രിയിൽ കൊണ്ടുപോയതും ചികിത്സ നടത്തിയതും സനുവായിരുന്നു. ആർക്കും മാറ്റാൻ പറ്റാത്ത നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് യഹിയയുടേതെന്ന് സനു പറയുന്നു. തന്റെ ജീവിതം യഹിയയെ അങ്ങനെ പരുവപ്പെടുത്തിയതാണ്. ചെറുപ്പത്തിലേ സമീപത്തെ വീട്ടിൽ അടുക്കള ജോലിക്കാരനായി. അങ്ങനെയാണ് പാചകം പഠിച്ചത്. പിന്നീട് നല്ല ഒരു ജീവിതം സ്വപ്നം കണ്ട് ഗൾഫിലേക്ക് വിമാനം കയറി. അവിടത്തെ നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ ജന്മനാട്ടിൽ തിരികെ എത്തി. അതോടെ എന്തിനോടും സമരസപ്പെടാനാകാത്ത മനസ്സ് യഹിയയിൽ രൂപപ്പെട്ടിരുന്നു. ഇന്നും ആ നിലപാടുകൾ മാറ്റാതെ യഹിയ കഴിയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ