രിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്ന് മൂന്നുവർഷം മുമ്പ് നേരിട്ടതായി യാഹുവിന്റെ വെളിപ്പെടുത്തൽ. 2013 ഓഗസ്റ്റിലുണ്ടായ ആക്രമണത്തിൽ നൂറുകോടിയിലേറെ യാഹു ഇമെയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുപോയതായാണ് വെളിപ്പെടുത്തൽ. 50 കോടിയിലേറെ ആളുകളുടെ വിവരങ്ങൾ ചോർന്നതായി സെപ്റ്റംബറിൽ യാഹു വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് അതുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ, യാഹു ഇമെയിൽ ഉപയോഗിക്കുന്ന ഒട്ടുമിക്കവരുടെയും വിവരങ്ങൾ ഹാക്കർമാരുടെ കൈകളിലെത്തിയതായാണ് വിലയിരുത്തപ്പെടുന്നത്.

യാഹുവിനെ 480 കോടി ഡോളർ കൊടുത്ത് വെരിസോൺ ഏറ്റെടുക്കാൻ നിൽക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. ഇതോടെ, വെരിസോണിന്റെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നകാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇമെയിൽ അഡ്രസ്സുകൾ, പേരുകൾ, ഫോൺ നമ്പരുകൾ, ജനനത്തീയതികൾ, സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങിയവയൊക്കെ ഹാക്കർമാർ ചോർത്തിയിട്ടുണ്ടാകാമെന്നാണ് യാഹു വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് യാഹു വിലയിരുത്തുന്നത്. വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നൂറുകോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് ചോർത്തിയതെന്ന് കണ്ടെത്താൻ ഇതേവരെ സാധിച്ചിട്ടില്ലെന്ന് യാഹുവിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ബോബ് ലോർഡ് പറഞ്ഞു. എന്നാൽ, സുരക്ഷാ മുൻകരുതലുകൾ കാര്യമായെടുക്കാതിരുന്നതിന്റെ വിലയാണ് യാഹു നൽകേണ്ടിവന്നതെന്ന് പ്രശസ്ത ഇന്റർനെറ്റ് സെക്യൂരിറ്റി വിദഗ്ധൻ ബ്രൂസ് ഷ്‌നീയർ പറഞ്ഞു.

സെപ്റ്റംബറിൽ 50 കോടിയിലേറെപ്പേരുടെ വിവരങ്ങൾ ചോർന്നതായി യാഹു വെളിപ്പെടുത്തിയിരുന്നു. ഒരു ഇമെയിൽ കമ്പനിയിൽ നടന്ന ഏറ്റവും വലിയ സൈബർ ആക്രമണമാണ് അതെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതിലും വലിയ സൈബർ ആക്രമണം നേരത്തെ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഉപഭോക്താക്കളോട് പാസ്‌വേഡുകളും സെക്യൂരിറ്റി ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റാനും യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിവിവരങ്ങൾ ചോദിക്കുന്ന മെയിലുകൾക്ക് മറുപടി നൽകാതിരിക്കുക, സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും യാഹു നിർദേശിച്ചിട്ടുണ്ട്.