ജിദ്ദ: ചെങ്കടൽ തീരത്തെ ഒരു പ്രധാന സൗദി തുറമുഖവും വ്യാവസായിക നഗരവുമായ യാമ്പൂവിന് സമീപം വെച്ച് ആളില്ലാ (ഡ്രോൺ) ബോട്ട് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവാഴ്ച പുലർച്ചെയായിരുന്നു ചെങ്കടലിൽ വെച്ചുണ്ടായ സംഭവം.

ഒരു വിദൂര നിയന്ത്രിത ആളില്ലാ ബോട്ട് ശ്രദ്ധയിൽ പെട്ട പ്രതിരോധ സേനയിലെ നാവിക വിഭാഗം സന്ദർഭത്തിനനുസരിച്ച് നീക്കം നടത്തുകയും അതിനെ നശിപ്പിക്കുകയുമായിരുന്നുവെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രതിരോധ മന്ത്രാലയം വാക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി വിവരിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലായിരുന്ന ആളില്ലാ ബോട്ട് ശ്രദ്ധയിൽ പെട്ട ഉടൻ ഏറ്റുമുട്ടൽ രീതിയിൽ അതിനെ നേരിടുകയും തകർക്കുകയുമായിരുന്നു.

പരാജയപ്പെടുത്തിയ ആക്രമണ നീക്കത്തിന്റെ കൂടുതൽ വിശദവിവരങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാനായി വ്യാപകമായ അന്വേഷണം തുടങ്ങിയതായും അൽമാലികി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിഭവ കേന്ദ്രങ്ങളും സാമ്പത്തിക ശേഷിയും ലക്ഷ്യം വെച്ച് കൊണ്ട് തൽപരകക്ഷികൾ നടത്തുന്ന ശത്രുതാപരമായ എല്ലാ നീക്കങ്ങളെയും നേരിട്ട് നശിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയം വാക്താവ് ആവർത്തിച്ചു.