സാഹിത്യം ജീവിതത്തിന്റെ ചുരുക്കെഴുത്താണ്. ഇതിഹാസങ്ങൾക്കുപോലും ജീവിതത്തിന്റെ പകർത്തിയെഴുത്തോ നീട്ടിയെഴുത്തോ ആകാനാവില്ല. പിന്നെ ചെറുകഥയുടെ കാര്യം പറയാനുണ്ടോ? നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഏറ്റവും പ്രധാനം സൂസൻ ഫെർഗൂസനും ചാൾസ്‌മേയുമൊക്കെ ചൂണ്ടിക്കാണിക്കുന്നതുപോലെ, പുറങ്ങളുടെ എണ്ണമോ സ്ഥലകാലങ്ങളുടെ ആഴപ്പരപ്പോ ഒന്നുമല്ല, ജീവിതാഖ്യാനത്തിന്റെ വ്യാസഭിന്നതതന്നെയാണ്. യാഥാർഥ്യത്തെ (യഥാതഥ്യത്തെയും) മറികടന്ന് മനുഷ്യജീവിതാവസ്ഥകളെ ആവിഷ്‌ക്കരിക്കുന്നതിന്റെ രീതിഭേദങ്ങളാണ് കഥയെ കഥയാക്കുന്നതെന്ന് അവർ പറയും. ഫ്രാങ്ക് ഒ. കോണറുടെ വിഖ്യാതമായ ചെറുകഥാനിർവചനത്തെ (The Lonely Voice) പുനർവ്യാഖ്യാനിച്ചുകൊണ്ട് കർത്തൃത്വത്തിന്റെ ആവിഷ്‌ക്കാരത്തിലുള്ള ഊന്നൽ മുൻനിർത്തി ആധുനിക ചെറുകഥയെക്കുറിച്ച് സൂസൻ ഫെർഗൂസൻ അവതരിപ്പിക്കുന്ന ഈ നിരീക്ഷണം നോക്കൂ: 'The emphasis on Subjectivity inevitably effects the typical themes of Modern fiction-alienation, isolation, solipsism, the quest for identity and integration...'. നമുക്കു പരിചയമുള്ള മിക്ക ചെറുകഥകളുടെയും സൗന്ദര്യശാസ്ത്രം ഇതുതന്നെയല്ലേ?

എഴുത്തിന്റെ തലത്തിൽ നിന്നുള്ള കാഴ്ചയെ ഫെർഗൂസനുള്ളു എന്ന വിമർശനം അപ്രസക്തമല്ല. ഇതിൽ നിന്നു ഭിന്നമായി ചാൾസ്‌മേ പറയുന്നത് (ഫോർമലിസ്റ്റുകൾ ഭാഷയെ മുൻനിർത്തി പറഞ്ഞതിനു സമാനമായി), ദൈനംദിന ജീവിതത്തിന്റെ അപരിചിതവൽക്കരണ (defamiliarisation)  ത്തിലാണ് കഥയുടെ നിലനില്പ് എന്നാണ്. നോവലിന്റെ വിവൃതമായ യഥാതഥത്വത്തിനു വിരുദ്ധമായി കഥയുടെ സംവൃതാകാരം, വിശേഷിച്ചും 'കഥാന്ത്യത്തിന്റെ സ്ഫടികതീവ്രത' വായനക്കാർക്കനുഭവപ്പെടുത്തുന്നത് തങ്ങളുടെതന്നെ അസ്തിത്വപ്രതിസന്ധികളാണ്. ഈ പ്രതീതി മുൻനിർത്തിവേണം നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതും. മേ എഴുതുന്നു: 'How the very shortness of the shortstory compels to deal with a different mode of reality and knowledge than the novel and therefore how it has a different effect on the reader'. രൂപത്തിന്റെ രാഷ്ട്രീയവും ലാവണ്യവുമാണ് കഥയുടെ ഭാവബന്ധങ്ങളെ നിർണയിക്കുന്ന മുഖ്യഘടകമെന്നർഥം.

യഥാക്രമം ഫെർഗൂസനും മേയും ചൂണ്ടിക്കാണിക്കുന്ന സവിശേഷ കർതൃത്വങ്ങളുടെ ആത്മനിഷ്ഠമായ ആവിഷ്‌ക്കാരം, ദൈനംദിന ജീവിതത്തിന്റെ അപരിചിതവൽക്കരണം എന്നീ ആഖ്യാനസ്വഭാവങ്ങൾ നിരന്തരം പിന്തുടർന്ന് എഴുത്തിന്റെയും വായനയുടെയും തലങ്ങളിൽ ചെറുകഥ പുലർത്തുന്ന സൗന്ദര്യ രാഷ്ട്രീയത്തിന്റെ സാധ്യതകൾ പലതും മനസ്സിലെത്തിക്കും, ജയൻ രാജന്റെ 'യാങ്കീ'യിലെ രചനകൾ.

പതിനാറുകഥകൾ. ഒന്ന്, ഒന്നരപുറം മുതൽ വലിപ്പമുള്ളവ. ആധുനികാനന്തര കഥയെഴുത്തിന്റെ കലയിൽ നിലവിൽ വന്നിട്ടുള്ള മിക്കവാറും പരീക്ഷണങ്ങളൊക്കെ ഏറ്റെടുക്കുന്ന ശൈലി. മലയാളിത്തം മുറ്റിനിൽക്കുന്ന കഥകളില്ലെന്നല്ല, എങ്കിലും പൊതുവെ ആംഗലവൽക്കരിക്കപ്പെട്ട ഭാവുകത്വമണ്ഡലമാണ് 'യാങ്കീ'യുടേത്. ഭാഷയിൽ, ഭാവുകത്വത്തിൽ, സ്ഥലകാലഭാവനയിൽ, ജീവിതബോധങ്ങളിൽ, മൂല്യമണ്ഡലങ്ങളിൽ,..... റിയാലിറ്റിയും ട്രാജഡിയും കോമഡിയും സറ്റയറും മാത്രമല്ല, സറിയലിസവും സിംബലിസവും അലിഗറിയും ഫാന്റസിയും പാരഡിയും പാസ്റ്റിഷും ത്രില്ലറും ഡിറ്റക്ഷനും സിമുലേഷനും ഡിസ്റ്റോപ്പിയയും ക്വീറും സൈബർ പങ്കും ഹൈപ്പർ റിയാലിറ്റിയും പോസ്റ്റ് ട്രൂത്തും.... ഈ കഥകളുടെ കലയായി മാറുന്നു. കേരളവും ഗൾഫും യൂറോപ്പും അമേരിക്കയും ഒരുപോലെ ഭാവനാഭൂപടങ്ങളാകുന്നു. കാമവും ഹിംസയും മാംസവില്പനയും ലൈംഗികചൂഷണവും രതിവിഭ്രമങ്ങളും സ്വപ്നാടനങ്ങളും ആത്മഹത്യയും സൈബർ അധോലോകവും തൊഴിൽനഷ്ടവും ആഗോളവൽക്കരണവും സ്വവർഗരതിയും പലായനങ്ങളും പ്രേതഭാവനകളും ശരീരവാണിഭങ്ങളും ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ അധിനിവേശയുക്തികളും യന്ത്രനാഗരികതയുടെ അസുരവാദ്യങ്ങളും കമ്യൂണിസ്റ്റനന്തരലോകക്രമങ്ങളും സത്യാനന്തര ജീവിതാവസ്ഥകളും... ഈ കഥകളിൽ മനുഷ്യാസ്തിത്വത്തിന്റെ ആധുനികാനന്തര ശിരോരേഖകളായെഴുതപ്പെടുന്നു.

രതിയും മൃതിയുമാണ് 'യാങ്കീ'യിലെ മിക്കവാറും കഥകളിൽ മർത്യാനുഭവങ്ങളെയും ജീവിതാവസ്ഥകളെയും നിർണയിക്കുന്നത്. ശരീരത്തിന്റെയും കാമനകളുടെയും ഉത്സവങ്ങൾക്കുണ്ടാകുന്ന കൊടിയേറ്റവും കൊടിയിറക്കവുമായി അവ പരിവർത്തനം ചെയ്യപ്പെടുന്നു. ചതിയും വഞ്ചനയും നെറികേടും ക്രോധവും പകയും പ്രാക്കും വെറിയും ഹിംസയും നിറഞ്ഞ മർത്യാസ്തിത്വങ്ങളുടെ കയ്ക്കുന്ന പ്രാണബന്ധങ്ങൾ ഒരു വശത്ത്. പ്രണയവും കാമവും കൂറും രതിയും കണ്ണീരും സ്‌നേഹവും വിശ്വാസവും നിറഞ്ഞ ഇഷ്ടകാണ്ഡങ്ങൾ മറുവശത്ത്. കഥ=ജീവിതം എന്ന നിർവചനത്തിലൂന്നിനിന്ന് സത്യാനന്തരകാലത്തെ അസ്തിത്വവൈരുധ്യങ്ങളുടെ അർഥശാസ്ത്രമെഴുതുകയാണ് 'യാങ്കീ'യിൽ ജയൻ.

 

രതിയുടെ കഥാപാഠങ്ങൾ നോക്കുക. അങ്ങേയറ്റം വൈവിധ്യമാർന്ന സാമൂഹ്യ-ജീവിത സന്ദർഭങ്ങളിൽ നിന്ന് അതിതീഷ്ണമാംവിധം രത്യുന്മുഖമായി സഞ്ചരിക്കുന്ന മനുഷ്യാവസ്ഥകൾ കണ്ടെടുക്കുകയാണ് കഥാകൃത്ത്. 'അയാൾ', 'സ്‌പെഷ്യൽ', 'റബേക്കാ-ജോ', 'നേരെചൊവ്വെ', 'വല്ലതും തരണേ', '45', '5'7', 'ദൈവങ്ങൾ വേണ്ടാത്തവർ', 'പന്തയം' എന്നീ കഥകളുടെ അസ്തിവാരം രതിയുടെ സഫലമോ വിഫലമോ ആയിത്തീരുന്ന ജീവിതനിർവേദങ്ങളിലാണ്. ഒരു ഹിച്ച്‌കോക്കിയൻ സസ്‌പെൻസ് ത്രില്ലർ പോലെയാണ് 'അയാൾ' എന്ന കഥയുടെ ഘടന. അജ്ഞാതനായ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെടുന്നത് പാർവതി ഉറപ്പാക്കി. പക്ഷെ വർഷങ്ങൾക്കുശേഷം ശിക്ഷകഴിഞ്ഞെത്തുമ്പോൾ അയാൾ നിരപരാധിയാണെന്ന് അവൾ തിരിച്ചറിയുന്നു. ഓർമ്മപ്പിശകിനവൾ പിഴയൊടുക്കേണ്ടിവരുന്നു. തനിക്കവളെ ഒരു ദിവസം അനുഭവിക്കണമെന്നയാൾ നിർബ്ബന്ധിക്കുമ്പോൾ കുടുംബത്തിന്റെ ഭദ്രതയോർത്ത് പാർവതി അതിനു വഴങ്ങുന്നു. പക്ഷെ പിറ്റേന്ന് അതേ ഹോട്ടൽമുറിയിലേക്ക് അവളെ ക്ഷണിക്കുന്നത് പഴയ കേസന്വേഷിച്ച പൊലീസ് ഓഫീസറാണ്. അയാൾക്കും അവളെ അനുഭവിക്കണം. കുറ്റവും ശിക്ഷയും ഓർമ്മപ്പിശകിന്റെ ശരിതെറ്റുകളും ഇരയും വേട്ടക്കാരുമൊക്കെ കൂടിക്കുഴഞ്ഞ് പാർവതിയുടെ ജീവിതവും കഥയും ഒരു പ്രഹേളികയായി മാറുന്നു.

സ്വന്തം മുലപ്പാൽകൊണ്ട് ചായയുണ്ടാക്കി വൻവിലയ്ക്കു വിറ്റു ജീവിക്കേണ്ടിവരുന്ന അമ്മിണിയെന്ന നാട്ടിൻപുറത്തുകാരിയുടെ കഥയാണ് 'സ്‌പെഷ്യൽ'. സ്‌നേഹത്തിനു വിലയിടാനാവില്ല, കാമത്തിനു വിലയിടാനാവും എന്നു തെളിയിക്കുന്ന ജീവിതാനുഭവത്തിന്റെ ആഖ്യാനം. റിയലിസവും കോമഡിയും ട്രാജഡിയും കുഴമറിയുന്ന വിചിത്രമായ രചന. പുതുമയുള്ള ഭാവന. ചടുലമായ ആഖ്യാനം. കറുത്ത നർമത്തിന്റെ ഫോക്‌ലോർ.

അമേരിക്കയിൽ സ്വവർഗ ഇണകളായി ജീവിക്കുന്ന റബേക്കയും ഗൗരിയും തങ്ങൾക്കൊരു കുഞ്ഞുവേണമെന്നു തീരുമാനിക്കുന്നു. ഗൗരിയുടെ വീട്ടിലെത്തിയ അവർ, വളരെ സമർഥമായി, ഭാര്യ മരിച്ച ഏട്ടനിൽനിന്ന് റബേക്കയെ ഗർഭം ധരിപ്പിച്ച് തിരികെ പോകുന്നു. 'റബേക്കാ.ജോ.' ലെസ്‌ബിയൻ കഥയാണെങ്കിൽ 'ദൈവങ്ങൾ വേണ്ടാത്തവർ' ഗേ കഥയാണ്. അമേരിക്കയിൽ തന്നെയാണ് നജീബിന്റെയും ഡേവിഡിന്റെയും ജീവിതം. ഡേവിഡിന്റെ മുഴുവൻ സ്വഭാവങ്ങളും സഹിച്ച നജീബിന് പക്ഷെ അയാളുടെ സ്വവർഗരതിബന്ധങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മരണക്കിടക്കയിലാണ് അവൻ ഡേവിഡിനെ കാണാനെത്തുന്നത്.

രാഷ്ട്രീയനേതാവായ പോൾ പ്ലാക്കലിന്റെ വിവാഹേതര ലൈംഗികബന്ധം ഒളികാമറയിൽ പകർത്തി ഒരു ചാനൽ സംപ്രേഷണം ചെയ്തതിനെത്തുടർന്ന് അയാൾ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നു. ഭാര്യ മരിച്ചതിനെത്തുടർന്ന് നാടുവിട്ട അയാൾ കുറെക്കാലം അജ്ഞാതവാസത്തിലായി. പിന്നീട് ഒരു വാർത്താചാനലിലെ 'നേരെ ചൊവ്വെ' എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ട് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണയാൾ. ജോണിലൂക്കോസ് മനോരമന്യൂസിൽ അവതരിപ്പിക്കുന്ന 'നേരെ ചൊവ്വെ' എന്ന ടോക് ഷോയുടെ പാരഡിയോ പാസ്റ്റിഷോ ആകുന്നു, ഈ കഥ. ഒപ്പം, ഏതാനും വർഷം മുൻപ് ഒരു മന്ത്രിക്കുണ്ടായ അനുഭവത്തിന്റെയും. മാധ്യമീകൃത യാഥാർഥ്യങ്ങൾ ആനുഭവിക യാഥാർഥ്യങ്ങളെ മറികടന്നു പ്രചാരം നേടുന്ന കാലത്തിന്റെ കഥാപാഠം.

വീട്ടിൽവന്ന ഭിക്ഷക്കാരിയെ വശപ്പെടുത്തി അനുഭവിച്ച സർക്കാരുദ്യോഗസ്ഥൻ പിന്നീടൊരിക്കൽ ഭാര്യയുമൊത്തു തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ അവളെ കണ്ടുമുട്ടുന്നതിന്റെ ആത്മസംഘർഷങ്ങളാണ് 'വല്ലതും തരണേ'.

സ്വന്തം ശരീരം വില്പനയ്ക്കുവച്ച മധ്യവയസ്‌കയും സമ്പന്നയുമായ വീട്ടമ്മയുടെ രതിവിഭ്രമങ്ങളും സ്വത്വപ്രതിസന്ധികളുമാണ് '45, 5'7'. ഉടലിന്റെ ദാഹങ്ങളും ഉണ്മയുടെ ബോധങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ കുറ്റപത്രമാണ് ഈ കഥ.

ദുബായിയിൽ, അതിവിചിത്രമായ ഒരു കോർപ്പറേറ്റ് പന്തയത്തിന്റെ ഇരയായി മാറി കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭം ധരിക്കേണ്ടിവരുന്ന തൊഴിൽരഹിതയായ മലയാളിയുവതിയുടെ കഥയാണ് 'പന്തയം'. നിസ്വയായ പെണ്ണിന്റെ മാംസത്തിനും പണക്കൊഴുപ്പുമുറ്റിയ ആണിന്റെ വീറിനും കൈവരുന്ന വിപണിമൂല്യത്തിന്റെ കഥ. ശരീരത്തിന്റെ ദുരന്തഗാഥ. അനവധി രാഷ്ട്രീയമാനങ്ങളിലേക്കു വ്യാഖ്യാനിച്ചെത്തിക്കാവുന്ന ഡിസ്റ്റോപ്പിയൻ ഭാവന.

രതിയാണ് കേന്ദ്രവിഷയമെങ്കിവും മേല്പറഞ്ഞ ഓരോ കഥയും ഓരോ ജീവിതമേഖലയുടെ സൂക്ഷ്മപരിഛേദമാണ്. യാഥാർഥ്യത്തിനും ഫാന്റസിക്കുമിടയിലെ ട്രപ്പീസുകളിയാണ് ജീവിതമെന്നതുപോലെ കഥയും എന്നു വിശ്വസിക്കുന്നുണ്ടാവണം ജയൻ. അസ്തിത്വസന്ദർഭങ്ങളുടെ അപരിചിതവൽക്കരണത്തിലൂടെ സത്യാനന്തരകാലത്തെ ഉണ്മയ്ക്കും പൊയ്യിനുമിടയിലെ പ്രതീത്യനുഭവങ്ങളുടെ ആവിഷ്‌ക്കാരം ലക്ഷ്യമിടുന്നു, ഈ കഥകൾ.

ആഖ്യാനത്തിലെ അപാരമായ നിർമ്മമത മുതൽ കഥയുടെ സിനിമാറ്റിക് ദൃശ്യവൽക്കരണം വരെ, നിരവധിതലങ്ങളിൽ ജയന്റെ രചനകൾ സമകാല മലയാള ചെറുകഥയുടെ ഭാവുകത്വമണ്ഡലത്തിൽ കണ്ണിചേരുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ട് കഥാന്ത്യങ്ങൾ സൃഷ്ടിക്കുന്ന 'സ്ഫടികതീവ്രതകൾ' ജീവിതത്തിന്റെ അർഥപൂരണങ്ങളായി വായനക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും. 'അയാൾ' എന്ന കഥയുടെ ഹിച്ച്‌കോക്കിയൻ ആഖ്യാനകല നോക്കുക:

' 'ഞാൻ Plaza Hotel-ൽ ആണ് താമസം. റൂം നമ്പർ 506. നാളെ രാവിലെ പത്തുമണിക്ക് ഞാൻ നിങ്ങളെ കാത്തിരിക്കും'. അയാൾ ഒരു ഭാവഭേദവുമില്ലാതെതന്നെ അതും പറഞ്ഞു. 'ഒരിക്കൽ മാത്രം മതി. എന്റെ തലച്ചോറിനെ സമാധാനിപ്പിക്കുവാൻ ഇത്രയെങ്കിലും ആവശ്യമാണ്. ഇല്ലെങ്കിൽ... ഇല്ലെങ്കിൽ ഞാനെന്തൊക്കെ ചെയ്തുപോകുമെന്ന് എനിക്കുതന്നെ അറിയില്ല'. അയാൾ നോട്ടം അവളുടെ മുഖത്ത് നിന്നെടുത്തു.

അവളുടെ കണ്ണുകളിൽ അപ്പോഴും ഒരു ചെറിയ ചലനം പോലുമുണ്ടായില്ല.

അയാൾ പിന്നെ ഒന്നും മിണ്ടിയില്ല. ഒരിക്കൽകൂടി അവളുടെ മുഖത്ത് നോക്കാനൊരുങ്ങാതെ, എഴുന്നേറ്റ് നടന്നു.

അന്ന് വൈകുന്നേരം വിശാൽ പതിവിലും താമസിച്ചാണ് വന്നത്. എന്നാലും പാർവ്വതിയുടെ നിർബന്ധം കൊണ്ട് അവർ ബീച്ചിലേക്ക് പോയി. ഇടയ്ക്ക് നിന്നുപോയ കാറ്റ് വാങ്ങൽ. വളരെ നാളുകൾക്ക് ശേഷമുള്ള ഒരു പുറത്തുപോക്ക്.

അങ്ങനെ ഭംഗിയൊന്നുമില്ലാത്ത ഒരു പഴയ സാരിയാണ് പാർവ്വതി ഉടുത്തത്. 506-ലെ ബെല്ലമർത്തുമ്പോൾ അവൾക്ക് പ്രത്യേകിച്ച് ആകാംക്ഷ ഒന്നുമുണ്ടായിരുന്നില്ല.

അയാൾ വാതിൽ തുറന്നു. വെള്ള ബെനിയനും പാന്റ്‌സും ധരിച്ചിരുന്ന അയാൾ അവളെ കണ്ടതും പുഞ്ചിരിച്ചു.

'വരൂ'. അയാൾ പറഞ്ഞു. പാർവ്വതി അകത്തേക്ക് കയറി. അയാൾ വാതിലടച്ച് കുറ്റിയിട്ടു.

ചെറുതല്ലാത്ത മുറി. നല്ല തണുപ്പ്. വലിയ ജനാലകൾ. മുറിയിലാകെ പകൽവെളിച്ചം.

'ഇരിക്കൂ'. കട്ടിൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു. പാർവ്വതി കൈ രണ്ടും മടിയിൽ മടക്കിവെച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു. അയാൾ എതിരെ ഒരു കസേരയിലും.

പാർവ്വതി മുറിക്ക് ചുറ്റും കണ്ണോടിച്ചു. ഇടയ്ക്ക് അയാളെയും ഒന്ന് നോക്കി. അയാൾ അവളെ നോക്കിക്കൊണ്ട് തന്നെയിരിപ്പാണ്. എ സിയുടെ ചെറിയ ഇരമ്പൽ മാത്രം.

'കുടിക്കാനെന്തെങ്കിലും വേണോ?' അല്പസമയത്തിന് ശേഷം അയാൾ ചോദിച്ചു.

'വേണ്ട' എന്ന് അവൾ തലകുലുക്കി.

പിന്നെയും നിശ്ശബ്ദത.

'ചെരുപ്പഴിക്കൂ'. അയാൾ പറഞ്ഞു.

അവൾ അയാളെ കുറച്ചൊരു അത്ഭുതത്തോടെ നോക്കി. അയാൾ കണ്ണുകൊണ്ട് അവളുടെ ചെരുപ്പിലേക്ക് ചൂണ്ടി.

പാർവ്വതി ചെരുപ്പഴിച്ചു.

'കിടക്കൂ'. അയാൾ പിന്നെയും പറഞ്ഞു.

അവൾ കാലുകൾ കട്ടിലിലേക്ക് കയറ്റിവെച്ചുകൊണ്ട് കിടന്നു. അയാൾ എഴുന്നേറ്റു. കട്ടിലിനിപ്പുറം വന്ന്, ജനലുകളുടെ കർട്ടൻ വലിച്ചിട്ടു. ഇപ്പോൾ മുറിയിൽ ടേബിൾ ലാമ്പുകളിൽ നിന്നുള്ള മഞ്ഞവെളിച്ചം മാത്രം. അയാൾ ബനിയൻ ഊരി കസേരയിലേക്കെറിഞ്ഞു. എന്നിട്ട് പാർവ്വതിക്കരികിലേക്ക് കിടന്നു.

ഒരു ശവംപോലെ കിടന്നതിൽ അയാൾ പരാതി പറഞ്ഞില്ല. എന്തെങ്കിലുമൊക്കെ അയാൾ ആവശ്യപ്പെട്ടപ്പോൾ അവൾ അനുസരിക്കുകയും ചെയ്തു. പ്രാക്ടിക്കൽ പരീക്ഷയ്ക്ക്, പഠിച്ചുവെച്ച പരീക്ഷണങ്ങൾ ചിട്ടയോടെ ആവർത്തിക്കുന്ന ഒരു ഫിസിക്‌സ് വിദ്യാർത്ഥിയെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റം.

ഒടുവിൽ അല്പം മാറി അയാൾ മലർന്ന് കിടന്നു. പാർവ്വതി കാതോർത്തു.

'ഇന്ന് വൈകുന്നേരം ഞാൻ മടങ്ങും. ഇനി വരില്ല'. അയാൾ പറഞ്ഞു.

പാർവ്വതി ഒന്നും മിണ്ടിയില്ല.

'പൊയ്‌ക്കോളൂ'. അല്പസമയത്തിന് ശേഷം വീണ്ടും അയാളുടെ ശബ്ദം.

പാർവ്വതി ചെരിപ്പിട്ടു. നിലത്ത് വീണുകിടന്നിരുന്ന വസ്ത്രങ്ങൾ എടുത്തു. ബാത്ത്‌റൂമിലെ കണ്ണാടിയിൽ നോക്കി കൈകൊണ്ട് മുടി ഒതുക്കി വെച്ചു. അവളോ അയാളോ യാത്ര പറഞ്ഞില്ല. അവൾ വാതിലടച്ച് മുറിക്ക് പുറത്തിറങ്ങി.

ചില സിനിമകളിൽ കണ്ടിട്ടുള്ളപോലെ അന്യപുരുഷന്റെ കൂടെ കിടക്കപങ്കിട്ട ശേഷം കുറ്റബോധത്തോടെ ഷവറിനടിയിൽനിന്ന് തേച്ചുകുളിക്കുന്ന രംഗം പാർവ്വതി അഭിനയിച്ചില്ല. അടുത്ത ദിവസം മുതൽതന്നെ തന്റെ പഴയ ദിനചര്യകളിലേക്ക് മടങ്ങുകയും ചെയ്തു.

കോളിങ്‌ബെൽ വീണ്ടും പാർവ്വതിയുടെ ഉച്ചയുറക്കം മുറിച്ചു. ഇത്തവണ മൊയ്ദീൻ അങ്കളിനെ കണ്ടപ്പോൾ അവളുടെ കൃത്രിമച്ചിരിക്ക് ദേഷ്യം പിടിച്ചുനിർത്താൻ നന്നേ പാടുപെടേണ്ടിവന്നു.

മൊയ്ദീൻ സോഫയിലിരുന്നു. പാർവ്വതി ഉമ്മറത്തെ വാതിൽ തുറന്നുതന്നെയിട്ടു. ഊണ് കഴിച്ചോ എന്നോ ചായ വേണമോ എന്നോ അവൾ ചോദിച്ചില്ല. അവൾ മൊയ്ദീനെതിരെ കസേരയ്ക്ക് പിന്നിൽ മിണ്ടാതെ നിന്നു.

മൊയ്ദീനും ഒന്നും സംസാരിച്ചില്ല.

നിമിഷങ്ങൾ കഴിഞ്ഞു. രണ്ടുപേരും അനങ്ങിയില്ല.

ഒടുവിൽ മൊയ്ദീൻ എഴുന്നേറ്റു.

'റൂം നമ്പർ 506 ഒഴിഞ്ഞിട്ടില്ല. നാളെ പത്ത് മണിക്ക് ഞാനവിടെ കാണും'.

വീടിന് പുറത്തിറങ്ങിക്കൊണ്ട് അയാൾ പറഞ്ഞു'.

മൃതിയുടെ കഥകളും യാഥാർഥ്യങ്ങളെ കലാത്മകമായി മറികടക്കുന്ന ഭാവനയുടെ കാര്യത്തിൽ ഭിന്നമല്ല. 'വായനശാല', 'കുടിയേറ്റം', '81/2', 'മനഃശാസ്ത്രജ്ഞർ' എന്നീ കഥകൾ നോക്കുക.

ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി വെക്കേഷൻകാലത്ത് സ്‌കൂളിലെ സ്റ്റോർ റൂമിൽ പെട്ടു പോയി മരിച്ച യഥാർഥ സംഭവമാണ് 'വായനശാല'യ്ക്കാധാനം. രണ്ടരപുറം മാത്രമുള്ള രചന. ആത്മാവിൽ തറച്ചുകയറുന്ന അനുഭവം. അവന്റെയോർമക്ക് ആ മുറി വായനശാലയാക്കാനൊരുങ്ങുന്നു, ശ്രീധരന്മാഷ്. മുറി നന്നാക്കാനെത്തിയതാണ് ഭാസ്‌കരൻ.

'ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് ഭാസ്‌കരൻ മുറിക്കകത്തേക്ക് കടന്നു.

അരണ്ട വെളിച്ചത്തിൽ അയാൾ ആ ചെറിയ മുറിക്കു ചുറ്റും നോക്കി. സാധനങ്ങളൊന്നുമില്ലാത്ത ഒരു ഷെൽഫും ഡെസ്‌കും മാത്രം, ഒരറ്റത്ത്. മുകളിലായി രണ്ട് ചെറിയ ജനലുകൾ.

ഭാസ്‌കരൻ കയ്യെത്തിച്ച് ആദ്യത്തെ ജനലിന്റെ കൊളുത്തെടുത്തു. അയാളുടെ തല്ലുകൊണ്ട് പാളി കരച്ചിലോടെ തുറന്നു. വായുവും വെളിച്ചവും ആ ചെറിയ മുറി ആർത്തിയോടെ വലിച്ചെടുത്തു.

പുറത്ത് ആകാശം നോക്കി ഭാസ്‌കരൻ നീണ്ട ശ്വാസം വലിച്ചു.

ഒഴിഞ്ഞ മുറിയുടെ സിമന്റിട്ട തറ പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. നിറയെ മണ്ണും പൊടിയും. സാധനങ്ങൾ വെച്ചിരുന്നതിന്റെ കറകൾ അവിടവിടെ ചുമര് മുഴുവൻ അഴുക്ക്.

ഭാസ്‌കരൻ വീണ്ടും അല്പസമയം വെറുതേ നിന്നു. പിന്നെ പതുക്കെ കൈ നീട്ടി ചുമരിൽ തൊട്ടു. വിരലുകൾ ചുമരിലുരച്ചുകൊണ്ട് അയാൾ അലസമായി മുറിക്കു ചുറ്റും ഒന്ന് നടന്നു.

അഞ്ചാഴ്ചകൾ ഇതിനകത്ത് കോണി കൊണ്ടുവന്ന് ചാരി, മുകളിൽ കയറി സാന്റ് പേപ്പർ വെച്ച് ഭാസ്‌കരൻ ഭിത്തി ഉരച്ച് തുടങ്ങി. ഓരോ പടിയായി താഴോട്ടിറങ്ങി. ഒടുവിൽ നിലത്തിരുന്നായി പണി.

പെട്ടെന്ന്, പാതി ചത്തതെന്നു തോന്നിപ്പിച്ചിരുന്ന അയാളുടെ കണ്ണുകൾ എന്തിലോ ഉടക്കി തുറിച്ചുവന്നു. കീ കറങ്ങിത്തീർന്ന കളിപ്പാട്ടം കണക്കെ അയാളുടെ കൈ പതുക്കെപ്പതുക്കെ നിന്നു. ഭാസ്‌കരൻ കുറച്ചൊന്നു പിന്നോട്ടാഞ്ഞ് ഭിത്തിയിലേക്ക് തല ചെരിച്ച് നോത്തി. ധൃതിയിൽ എഴുന്നേറ്റ് രണ്ടാമത്തെ ജനലും കൂടി തള്ളിത്തുറന്നു. തിരികെ തിടുക്കത്തിൽ കുത്തിയിരുന്ന് പിന്നെയും അയാൾ ആ ചുമരിലൂടെ പരതി. അവിടെ കരികൊണ്ട് കുത്തിക്കുറിച്ചിരുന്ന വാക്കുകൾ ഭാസ്‌കരൻ കഷ്ടപ്പെട്ട് വായിച്ചെടുത്തു, 'അമ്മ' 'അമ്മ' ...'.

രണ്ടാത്മാക്കളുടെ മരണാനന്തരജീവിതത്തിന്റെ സറിയൽ ഫാന്റസിയാണ് 'കുടിയേറ്റം'.

തനിക്കു വാങ്ങണമെന്നു തോന്നിയ വീടിന് വില കൂടുതലാണെന്നറിഞ്ഞ മനഃശാസ്ത്രജ്ഞൻ, കടംകയറി ആത്മഹത്യ ചെയ്യാനൊരുങ്ങിനടന്ന ഒരാളെ സംഘടിപ്പിച്ച് കുറെ പണം നൽകി, ആ വീടിനുള്ളിൽ ആത്മഹത്യചെയ്യിക്കുന്നു. മനഃശാസ്ത്രജ്ഞന്റെ തന്ത്രം ഫലിച്ചു; വീടിനുവില പകുതിയായി കുറഞ്ഞു. അയാൾ വീടുവാങ്ങി.

മരണം, കൊലപാതകമായാലും ആത്മഹത്യയായലും കഥയിൽ സൃഷ്ടിക്കുന്ന ഇരമ്പുന്ന അസ്തിത്വാഘാതത്തിന്റെ അവസാനിക്കാത്ത മുഴക്കമാണ് '81/2'. പൂർണഗർഭിണിയായിരുന്നു, അവൾ. അപ്പോഴാണ് ഭർത്താവ് വാഹനാപകടത്തിൽപെട്ട് കോമയിലാകുന്നത്. അയാൾക്കു മുന്നിൽ ദയാവധത്തിന്റെ വഴിമാത്രമേ അവശേഷിക്കുന്നുള്ളു. ഗർഭത്തിന്റെ ഓരോ മാസത്തിലും അയാൾ അവളുടെ ഫോട്ടോയെടുത്തിരുന്നു. അവസാനമാസത്തെ ഫോട്ടോ, അവൾ സ്വയമെടുത്തു. എന്നിട്ട്, അയാളുടെ ദയാവധത്തിനു സമ്മതം മൂളി, അയാൾ മരിക്കും മുൻപേ, തങ്ങളുടെ കുഞ്ഞ് ജനിക്കും മുൻപേ, ആത്മഹത്യചെയ്യുന്നു.

'കയ്യിൽ മുറുകെ പിടിച്ചിരുന്ന envelope ലൂടെ അവൾ തള്ളവിരലോടിച്ചു. എവിടെയായിരിക്കും പിഴച്ചത്? എന്താണ് ചെയ്ത തെറ്റ്? എന്തിനാണ് ഈ ശിക്ഷ?

അനന്തമായ പ്രപഞ്ചത്തിലെ എണ്ണമറ്റ ഗ്രഹങ്ങളിലൊന്നിൽ എങ്ങനെയോ എത്തിപ്പെട്ടുപോയ ഒരു മനുഷ്യജീവിയുടെ വേദനകൾക്ക് ന്യായാന്യായങ്ങളുണ്ടെന്ന് കരുതാനാവുമോ?

സ്ഥലകാലങ്ങൾക്കൊപ്പം നീതിബോധത്തെ ഏതെങ്കിലും തത്ത്വചിന്തകർ പ്രതിഷ്ഠിച്ച് കാണുമോ?

ആശുപത്രിയിൽ സുനിലിന്റെ അച്ഛന്റെ കണ്ണുകളെ നേരിയാനാണ് അവൾ അപ്പോഴേറ്റവും തയ്യാറെടുത്തത്. ആ പിതാവിന്റെ ഓരോ നോട്ടവും ആയിരക്കണക്കിന് ദയാഹർജികളായിരിക്കും. സ്വന്തം സന്താനത്തിന്റെ വിധി മറ്റൊരാളുടെ മനോധർമ്മങ്ങളെ കാത്തുകിടക്കുന്നത് എങ്ങനെയാണ് സഹിക്കാനാവുക!

ആശുപത്രിമുറിക്കുള്ളിലായിരുന്ന കണ്ണുകളിൽ കൂടുതൽ കാണുന്നത് ആകാംക്ഷയോ ദയയോ? തീർച്ചയില്ല. അവൾ ആർക്കും നോട്ടം കൊടുത്തില്ല.

സുനിലിന്റെ കട്ടിലിനരികിൽ അവൾ ഇരുന്നു. അമ്മയും സുഹൃത്തുക്കളും ഓരോരുത്തരായി മുറിക്ക് പുറത്തേക്ക് പോയി. ഒടുവിൽ അവളുടെ തോളിൽ പതുക്കെ ഒന്നമർത്തിയിട്ട് സുനിലിന്റെ അച്ഛനും.

ചുറ്റുമുള്ള വലിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും, മുഖത്തും കൈകളിലും ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുമൊക്കെ സുനിലിന്റെ ശരീരത്തിന്റെ ഭാഗമാണെന്ന് അവൾക്ക് തോന്നി. പതുക്കെ അദ്ദേഹത്തിന്റെ കൈപിടിച്ചുയർത്തി അവൾ തന്റെ വീർത്ത വയറിൽ വച്ചു. ദീക്ഷ വളർന്ന, അനക്കമറ്റ അദ്ദേഹത്തിന്റെ ശാന്തമായ മുഖത്തേക്ക് അങ്ങനെ നോക്കിയിരുന്നു.

കർട്ടനുകൾക്കിടയിലൂടെ അകത്തേക്ക് വന്ന ഒരു നേർത്ത പ്രകാശരശ്മി സുനിലിന്റെ മുഖത്തിന് കുറുകെ വീണ് കിടന്നിരുന്നു.

അല്പനേരം കഴിഞ്ഞ് അവൾ സാവധാനം എഴുന്നേറ്റു. സുനിലിന്റെ നെറുകയിൽ അമർത്തി ചുംബിച്ചു.

കൊണ്ടുവന്ന വലിയ ഫോട്ടോകൾ ഓരോന്നായി അദ്ദേഹത്തിന്റെ ശരീരത്തിനു മേലേയും ചുറ്റും കിടക്കയിലുമായി നിരത്തി.

വീണ്ടും ഒരു നിമിഷം അവളദ്ദേഹത്തെ നോക്കി.

ഒടുവിൽ, അതുവരെ മുറുക്കിപ്പിടിച്ചിരുന്ന envelope, കട്ടിലിനരികെ മേശപ്പുറത്ത് വെച്ചു. ജീവന്റെ തീരുമാനം.

വരാന്തയിൽ ആരുതെയും കണ്ണിൽ പെടാതെ അവൾ ലിഫ്റ്റിൽ കയറി.

ആശുപത്രിയുടെ ഏറ്റവും മുകളിലത്തെ നിലയിൽനിന്ന് അവൾ താഴേക്ക് നോക്കി. പാരപ്പെറ്റ് മതിലിൽഡ കയറുമ്പോൾ അവളുടെ കാലുകൾ വിറച്ചിരുന്നില്ല.

അവൾ ആകാശത്തേക്ക് മുഖമുയർത്തി. കൈകൾ രണ്ടും ഇരുവശങ്ങളിലേക്കും വിടർത്തി പറക്കുവാനായി തയ്യാറെടുത്തു.

താഴെ മുറിയിൽ, സുനിലിന്റെ അച്ഛൻ നെഞ്ചിടിപ്പോടെ അവളുടെ ... തുറന്നു.

ഒരു വരി മാത്രം.

'ജനിക്കാതിരിക്കുവാനുള്ള തീരുമാനം സാദ്ധ്യമാകുന്നിടത്ത് മാത്രമേ മോചനമുള്ളൂ'.'.

'2പ്ലസ് ടു', 'വിളി' തുടങ്ങിയ കഥകൾ രതിക്കും മൃതിക്കുമപ്പുറത്ത് അധികാരത്തിന്റെ അന്യാപദേശങ്ങളായി മാറുന്നു. രണ്ടും രണ്ടും അഞ്ചാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്ന അദ്ധ്യാപകന്റെ മനോനില, ഓർവെല്ലിയൻ ഭാവനയുടെ ചുവടുപിടിച്ചെഴുതിയ സർവാധിപത്യത്തിന്റെ അലിഗറിയാണ്. 'വിളി'യാകട്ടെ, 'അയാൾ', '45, 5'7' തുടങ്ങിയ കഥകളിലെന്നപോലെ അജ്ഞാതനുമായുണ്ടാകുന്ന ദുരൂഹവും വിഭ്രമാത്മകവുമായ ബന്ധത്തിന്റെ നാടകീയതകളും സംഘർഷാത്മകതയും സൃഷ്ടിക്കുന്ന വിചിത്രമായ ഒരു ലോകാനുഭവം പങ്കുവയ്ക്കുന്നു. കുടുംബം, ദാമ്പത്യം, ശരീരം, ലൈംഗികത തുടങ്ങിയവയെ പ്രശ്‌നവൽക്കരിച്ചും വസ്തുവൽക്കരിച്ചും സൃഷ്ടിക്കുന്ന വ്യാജചിഹ്ന (simulacra)ങ്ങളുടെ സമർഥമായ പാഠരൂപങ്ങൾ.

'യാങ്കീ'യാണ് ഈ സമാഹാരത്തിലെ തീർത്തും വേറിട്ട രചന. ഇടതുപക്ഷ തൊഴിലാളിസംഘടനാ നേതാവായ ലാസറിന്റെ മകൻ, അമേരിക്കക്കാരനാകാൻ പറ്റുന്ന യാങ്കീ എന്ന ഒറ്റമൂലിഗുളിക കഴിച്ച് സാമ്രാജ്യത്തത്തിന്റെ വക്താവാകുന്നു. ഇന്ത്യൻ വിപ്ലവയുവത്വത്തെ വഴിതെറ്റിക്കുന്ന അമേരിക്കൻ സാമ്രാജ്യത്ത അജണ്ടക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടികൾ പ്രക്ഷോഭമാരംഭിച്ചു. സമ്മർദ്ദം സഹിക്കവയ്യാതെ അമേരിക്ക യാങ്കീയെ നിർവീര്യമാക്കുന്ന മരുന്നു കണ്ടുപിടിച്ചു. ലാസർ മകനുവേണ്ടി ആ ഗുളിക ഒളിച്ചുകടത്തിക്കൊണ്ടുവന്നു. മകന് നൽകാൻ അയാൾ കരുതിവച്ച ഗുളിക പക്ഷെ ഭാര്യ അയാൾക്കുതന്നെ പാലിൽകലക്കി നൽകുന്നു. അതോടെ ലാസറും സാമ്രാജ്യത്തത്തിന്റെ ചാരനാകുന്നു. അസാധാരണമായ ഒരു പൊളിറ്റിക്കൽ സറ്റയറാണ് 'യാങ്കീ'. കേരളീയ/ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വ്യാജവിപ്ലവങ്ങളെയും അമേരിക്കൻ ദാസ്യത്തെയും കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മൂർച്ചയുള്ള ആക്ഷേപഹാസ്യരചനകളിലൊന്ന്. കമ്യൂണിസ്റ്റനന്തര-സത്യാനന്തര കാലത്തെ മലയാളിയുടെ രാഷ്ട്രീയജീവിതങ്ങളുടെ നേർസാക്ഷ്യം.

മലയാളചെറുകഥയുടെ മുഖ്യധാരയിലും വർത്തമാനചരിത്രത്തിലും ഇനിയും ഇടം കിട്ടിയിട്ടില്ല ജയൻ രാജന്. പക്ഷെ യാങ്കീയിലെ രചനകൾ നിശ്ചയമായും ചെറുകഥയുടെ ജീവിതസാധ്യതകളും രാഷ്ട്രീയബാധ്യതകളും ആഖ്യാനസാങ്കേതികതകളും തിരിച്ചറിയുന്ന ഒരെഴുത്തുകാരന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യാങ്കീ
ജയൻ രാജൻ
കറന്റ് ബുക്‌സ്
വില: 110 രൂപ