- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നാടക ട്രൂപ്പിൽ ചായ കൊടുത്ത പയ്യൻ ഇന്ന് സൂപ്പർതാരം! കർണാടകയിലെ കുഗ്രാമത്തിലെ ഡ്രൈവറുടെ മകൻ; നാടുവിട്ട് ബാംഗ്ലൂരിൽ എത്തിയത് 300 രൂപയുമായി; 500രൂപ ദിവസക്കൂലിക്ക് സീരിയൽ അഭിനയം; തള്ളിപ്പറഞ്ഞ ബന്ധുക്കൾ, പരിഹസിച്ച നാട്ടുകാർ; മദ്യത്തിന് അടിമയായപ്പോൾ രക്ഷിച്ചത് പ്രണയിനി; റോക്കിങ്ങ് സ്റ്റാർ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതം
'എതെങ്കിലും പത്തുപേരെ തല്ലി ഡോൺ ആയവൻ അല്ല ഞാൻ, ഞാൻ തല്ലിയ പത്തുപേരും ഡോൺ ആയിരുന്നു'-2019 മാർച്ചിൽ തിരുവനന്തപുരം കരമന തളിയിൽ നിന്ന് അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്, ആ കൊലക്ക് കെജിഎഫ് എന്ന പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയുമായുള്ള ബന്ധമായിരുന്നു. പ്രതികൾ കെജിഎഫിലെ മുകളിൽ പറഞ്ഞ ഡയലോഗുകൾ പറഞ്ഞാണ് കൊലപാതകം നടത്തിയതത്രേ. താടിയും മുടിയും വളർത്തിയ യുവാക്കളുടെ വേഷങ്ങളും ചിത്രത്തിലെ നായകൻ റോക്കി ഭായിക്ക് സമാനമായിരുന്നു!
അത്രക്ക് ഭീകരമായിരുന്നു കെജിഎഫിലെ റോക്കി ഭായി ഉണ്ടാക്കിയ സ്വാധീനം. ദൃശ്യം മോഡൽ കൊല എന്ന് പറയുന്നതുപോലെ കെജിഎഫ് മോഡൽ കൊലകൾ, പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിൽപോലും ഉണ്ടാവുകയാണെങ്കിൽ എത്രമാത്രം വലിയ സ്വാധീനമാണ് ആ ചലച്ചിത്രം ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഓർക്കണം. അമിതാബച്ചന്റെ ഷോലെക്ക് ശേഷം, ഇന്ത്യയെ അത്രമേൽ സ്വാധീനിച്ച ഒരു ചിത്രം വേറെയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നത്.
ഇപ്പോൾ കെജിഎഫിന്റെ രണ്ടാം ഭാഗം ഇറങ്ങിയിരിക്കയാണ്. തമിഴ് സൂപ്പർ സ്റ്റാർ ഇളയ ദളപതി വിജയിയുടെ ബീസ്റ്റ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തെ ഏറെ പിന്തള്ളി കെജിഎഫ് വീണ്ടും ചരിത്രം കുറിച്ചു. കൊച്ചിയിലും കോഴിക്കോട്ടും ബാംഗ്ലൂരിലും ചെന്നൈയിലും, ഹൈദരബാദിലും തൊട്ട് മുംബൈയിലും ഡൽഹിയിലും വരെ ചിത്രം ഹൗസ്ഫുൾ. ചൈനയിലും സിങ്കപ്പൂരും മലേഷ്യയിലും ഗൾഫ് രാജ്യങ്ങളിലും അടക്കമുള്ള ആഗോള പ്രദർശനങ്ങൾ വേറെയും. പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ കന്നഡ ചിത്രവും മറ്റൊന്നുമല്ല. ഖൽനായക് അടക്കമുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിനെ അടക്കിവാണ സഞ്ജയ് ദത്ത്, കെജിഎഫിൽ വില്ലനായി എത്തി റോക്കിയിൽനിന്ന് അടിവാങ്ങുന്നു!
കെജിഎഫിനൊപ്പം രക്ഷപ്പെട്ടത് സാൻഡൽവുഡ് എന്ന് അറിയപ്പെടുന്ന കന്നഡ സിനിമാ വ്യവസായവും കൂടിയാണ്. 2018 ഡിസംബർ 21ന് മുമ്പും പിമ്പും എന്ന രീതിയിൽ വിഭജിക്കപ്പെട്ടയാണ് കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രം. അന്നാണ് സാക്ഷാൽ കെജിഎഫ് ചാപ്റ്റർ ഒന്ന് റിലീസ് ആയത്. യാഷ് എന്ന നായകനെക്കുറിച്ച് അക്കാലത്ത് കർണ്ണാടകക്ക് പുറത്ത് കേട്ടിട്ടുപോലുമില്ലായിരുന്നു. 80 കോടി മുടക്കിയ ചിത്രം ലോകമെമ്പാടും നിന്ന് 250 കോടിയിലേറെ കളക്ഷൻ നേടിയതോടെ അത് പുതു ചരിത്രമായി. അഞ്ചുഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്ന ആദ്യ കന്നഡ ചിത്രമാണ് കെജിഎഫ് ഒന്ന്. ബുദ്ധിജീവികളുടെ നാടായ കേരളത്തിൽപോലും യുവാക്കൾ റോക്കി ഭായിയെ കാണാൻ ക്യുനിന്നത് നമ്മുടെ സംവിധായകരെയും നിരൂപകരെയും ഞെട്ടിച്ചിരുന്നു
ഇതോടെ തീർത്തും സബ് സറ്റാൻഡേർഡ് എന്ന് അറിയപ്പെട്ടിരുന്നു സാൻഡൽവുഡ് സിനിമക്ക് ഒടിടിയിലടക്കം ഡിമാന്റ് കൂടി. നേരത്തെ പുനിത് രാജ്കുമാർ എന്ന ഒരേ ഒരു സൂപ്പർസ്റ്റാർ മാത്രമായിരുന്നു കന്നഡക്ക് പുറത്ത് പുതിയ കാലത്ത് അറിയപ്പെട്ടിരുന്നത്. മുമ്പ് പുനിതിന്റെ പിതാവ് രാജ്കുമാറും നടൻ വിഷ്ണുവർധൻ അടക്കമുള്ള ഏതാനും പേരുകൾ. ഹിന്ദി- തെലുങ്ക് സിനിമകളുടെ ആധിപത്യത്തെ തുടർന്ന് ചത്തുകൊണ്ടിരിക്കുന്ന കന്നഡ സിനിമയെയാണ് കെജിഎഫ് പുനരുജ്ജീവിപ്പിച്ചത്.
അതോടെ ഹിന്ദി സിനിമയിലെ നായകരെപ്പോലും വെല്ലുവിളിക്കുന്ന ഒരു പുതിയ താരോദയം കൂടി ദക്ഷിണേന്ത്യയിൽ നിന്ന് ഉണ്ടാവുകയാണ്. അയാണ് യാഷ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവീൻ കുമാർ ഗൗഡയെന്ന 36 കാരൻ. കെജിഎഫ് ചാപ്റ്റർ 2വിന്റെ പ്രമോഷനുവേണ്ടി കേരളത്തിൽ എത്തിയപ്പോൾ, ആയിരങ്ങളാണ് യാഷിൻെ കാണാൻ തടിച്ചുകൂടിയത്. യാഷിന് വേണ്ടി കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ പോലും ഉത്സവം നടക്കുകയാണിപ്പോൾ.
ഇന്ന് കന്നഡ സിനിമാ വ്യവസായത്തെ ഏതാണ്ട് ഒറ്റക്ക് താങ്ങിനിർത്തുന്ന, ഇന്ത്യയെമ്പാടും ആരാധകർ ഉള്ള ഈ സൂപ്പർ താരത്തിന്, പക്ഷേ ചലച്ചിത്രലോകത്തേക്കുള്ള എൻട്രി അത്ര എളുപ്പമുള്ളതായിരുന്നില്ല. കുടുംബാധിപത്യം നിലനിൽക്കുന്ന കന്നഡ സിനിമയിലേക്ക് അയാൾ കയറി വന്നത് യാതൊരു ഗോഡ്ഫാദർമാരും ഇല്ലാതെയാണ്.
അഭിനയം പഠിക്കാൻ നാടുവിടുന്നു
നമ്മുടെ ശ്രീനിവാസനും ഇന്നസെന്റും തൊട്ട് എന്തിന് മമ്മൂട്ടിവരെയുള്ള താരങ്ങളോട് ചോദിച്ചാൽ അറിയാം, ചലച്ചിത്രമോഹവുമായി കോടമ്പോക്കത്ത് എത്തി, പൈപ്പുവെള്ളം കുടിച്ചും, പട്ടിണി കിടന്നും, അവസരങ്ങൾ തേടി അലഞ്ഞതിന്റെയുയുമൊക്കെയുള്ള കഥകൾ. എന്നാൽ മലയാളത്തിലെ ന്യൂജൻ നടന്മാർക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നുമില്ല. വലിയ കഷ്ടതകൾ ഒന്നും കൂടാതെ തന്നെ, വെള്ളിത്തിരയുടെ ലോകത്തേക്ക് നേരിട്ട് എൻട്രി കിട്ടിയവർ ആണ് അവർ. എന്നാൽ സ്‌ക്രീനിൽ അടിമുടി ന്യുജൻ ആയ നമ്മുടെ യാഷ്, കഷ്ടപ്പാടിന്റെ കാര്യം എടുത്താൽ, ഓൾഡ് ജനറേഷന് ഒപ്പമാണ്. മലയാള താരങ്ങളുടെ കോടമ്പോക്കം കാലത്തിന് സമാനമാണത്. കാശില്ല, അവസരങ്ങളില്ല, പാർക്കാൻ ഇടമില്ല... എവിടെയും അവഗണനയും പരിഹാസവും. എന്നിട്ടും അയാൾ പിടിച്ചു നിന്നു.
കർണാടകയിലെ ഹാസൻ ജില്ലയിലെ കുഗ്രാമമായ ഭുവനഹള്ളിയിലെ ഒരു വൊക്കലിംഗ സമുദായത്തിൽപ്പെട്ട ഇടത്തരം കുടുംബത്തിൽ നിന്നാണ് യാഷ് വരുന്നത്. ജനുവരി 8 1986 നാണ് ജനനം. അച്ഛൻ അരൂൺകുമാർ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ഡ്രൈവറാണ്. അമ്മയുടെ പേര് പുഷ്പ. അനുജത്തി നന്ദിനി. അവൾക്കുമുന്നിലായിരുന്നു തന്റെ ആദ്യ അഭിനയം എന്ന് യാഷ് പറയാറുണ്ട്. ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ യാഷ് ഇങ്ങനെ പറയുന്നു. '' ഒരു ഇടത്തരം കുടുംബമാണ് എന്റെത്. ഹൗസ് വൈഫായ അമ്മ ഒരു പച്ചക്കറി സ്റ്റോറും ഉണ്ടായിരുന്നു. ഞാനായിരുന്നു അത് നോക്കി നടത്തിയിരുന്നത്. ചെറുപ്പം മുതലേ ഞാൻ ഒരു നടൻ ആകുന്നത് സ്വപ്നം കണ്ടിരുന്നു. നാടകങ്ങളിലും ഡാൻസ് മത്സരങ്ങളലുമെല്ലാം സമ്മാനങ്ങൾ നേടി. ഞാൻ ഒരു ഹീറോ ആണെന്നു തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. അദ്ധ്യാപകരും ചില സുഹൃത്തുക്കളും അങ്ങനെ തന്നെ വിശ്വസിച്ചു. അവരും ഹീറോ എന്ന് വിളിക്കും. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നത് ഒരു സ്വപ്ന ലോകത്താണോ എന്ന് തോന്നിപ്പോകും.''- യാഷ് പറഞ്ഞു.
എന്നാൽ ഒരു സ്ഥിര വരുമാനം ലഭിക്കുന്ന സർക്കാർ ജോലിക്കാരനായി മകൻ മാറണം എന്നായിരുന്നു പിതാവിന്റെ സ്വപ്നം. ചലച്ചിത്ര ലോകം എന്നത് ആ കുടുംബത്തെ സംബന്ധിച്ച് സ്വപ്്നം കാണുന്നതിൽ എത്രയോ മുകളിൽ ആയിരുന്നു. താൻ ഭാവിയിലെ വലിയ സൂപ്പർസ്റ്റാറാകുമെന്ന് പറഞ്ഞപ്പോൾ അന്ന് പലരും കൊച്ചുയാഷിനെ കളിയാക്കിച്ചിരിച്ചിരുന്നു. തന്റെ ആഗ്രഹം നിറവേറ്റുന്നതിനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടതുകൊണ്ട്, യാഷിന് പഠനം പോലും പൂർത്തിയാക്കാനായില്ല. മൈസൂർ മഹാരാജാ എഡുക്കേഷൻ സൊസൈറ്റി പ്രീ യൂണിവേഴ്സിറ്റ് കോഴ്സ് പൂർത്തിയാക്കിയത്.
തുടർന്നാണ് അഭിനയം പഠിക്കണം എന്ന ആഗ്രഹം നവീൻകുമാർ വീട്ടുകാർക്ക് മുന്നിൽ വെച്ചത്. പക്ഷേ അവർ സമ്മതിച്ചില്ല. നുള്ളിപ്പെറുക്കിയെടുത്ത 300 രൂപമായി അയാൾ ബാംഗ്ലൂരിലേക്ക് നാടുവിട്ടു. അവിടെ എത്തിയതിന് ശേഷം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ''ഞാൻ പേടിച്ചു പോയി. ഒരു വലിയ ഭയപ്പെടുത്തുന്ന സിറ്റിയായിരുന്നു ബാംഗ്ലൂർ. ഒരു പാട് കഷ്ടപ്പെട്ടിട്ടും ഞാൻ തിരിച്ചുപോകാൻ ആഗ്രഹിച്ചില്ല. തിരികെ പോയാൽ എന്റെ വീട്ടുകാർ എന്നെ ഒരിക്കലും നടൻ ആവാൻ വിടില്ലായിരുന്നുവെന്ന് ഉറപ്പാണ്.''- യാഷ് ഓർക്കുന്നു.
ചായക്കാരനായും ജീവിതവേഷം
അഭിനയം പഠിക്കാനത്തെിയ ഈ യുവാവിന് പക്ഷേ ആദ്യം എൻട്രി കിട്ടിയത് നാടകത്തിലാണ്. പ്രശസ്ത നാടകകൃത്ത് ബി.വി.കാരന്ത് രൂപീകരിച്ച ബെനക നാടകസംഘത്തിൽ യാഷ് ചേർന്നു. പശ്ചാത്തല കലാകാരനായും ലൈറ്റ്മാനായും പ്രവർത്തിക്കേണ്ടി വന്നു. ഒരുവേള നാടകട്രുപ്പിൽ ചായകൊണ്ടുകൊടുക്കുന്ന ജോലിപോലും ചെയ്യേണ്ടി വന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ നാടകത്തിലെ ആ പരിശീലനം പിൽക്കാലത്ത് അഭിനയത്തിൽ ഏറെ ഗുണം ചെയ്തു'' ബംഗലൂരു നഗരം കണ്ട് പേടിച്ച് നടക്കുന്ന കാലത്താണ്, ഭാഗ്യത്തിന് ആരോ എന്നെ നാടകത്തിലേക്ക് കൊണ്ടുവരുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ സ്റ്റേജിന് പിന്നിൽ പണം സമ്പാദിക്കാൻ തുടങ്ങി. ചായ കൊണ്ടുവരുന്നത് മുതൽ എല്ലാത്തിനു ഞാനുണ്ടാവും.''- യാഷ് ആ കാലം ഓർക്കുന്നു.
അവസരങ്ങൾക്കായി നിരന്തരം അലഞ്ഞുകൊണ്ടിരുന്ന കഠിനാധ്വാനിയായ ആ ചെറുപ്പക്കാരനെ അധികകാലം അവഗണിക്കാൻ ആർക്കും ആയില്ല. ടീവി സീരിയലുകളിലാണ് അദ്ദേഹത്തിന് ആദ്യം അവസരം ലഭിച്ചത്. ഇ ടീവിയിലെ നന്ദഗോകുല, എന്ന അശോക് കശ്യപ് സംവിധാനം ചെയ്ത സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന്, നിരവധി സീരിയലുകൾ. വെറും അഞ്ചൂറ് രൂപയായിരുന്നു അക്കാലത്തെ പ്രതിഫലം. സാമ്പത്തികമായി ഏറെ തളർന്നുപോയ ഒരു കാലഘട്ടമുണ്ടായിരുന്നെന്നും അന്ന് തിരിഞ്ഞുനോക്കാതെ പോയ ബന്ധുക്കൾ പോലും ഉണ്ടായിരുന്നെന്ന് യാഷ് പറയുന്നു.
''ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അത് വലിയ സങ്കടമായിരുന്നു. സിനിമയിൽ നിന്ന് സ്ഥിരവരുമാനം കിട്ടുമെന്നൊന്നും അവർക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.ഈ സമയത്ത് കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നവർ പോലും അകന്നുപോയി. ഇപ്പോൾ പ്രേക്ഷകരാണ് എന്റെ ഏറ്റവും വലിയ ബന്ധുക്കൾ. അവർ ഒരിക്കലും പക്ഷം പിടിച്ച് സംസാരിക്കില്ല. വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ അന്ന് എന്റെ ബന്ധുക്കൾ അങ്ങനെ ചെയ്തതിൽ എനിക്ക് പരാതിയില്ല. സിനിമയിൽ എത്തി ഒന്ന് പിടിച്ച് നിൽക്കാവുന്ന അവസ്ഥ വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ മാതാപിതാക്കളെയും സഹോദരിയെയും ബംഗലൂരുവിലെ ഏന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നും അവർ എനിക്കൊപ്പമുണ്ട് ' -യാഷ് പറയുന്നു.
ബൈക്കോടിച്ച് അയാൾ സീരിയൽ സെറ്റുകളിലെത്തി. കഥാപാത്രങ്ങൾക്ക് ലഭിച്ച ചെറിയ പ്രതിഫലം കൊണ്ട് പുതിയ ഷർട്ടും പാന്റും വാങ്ങി. കിട്ടുന്ന പണം കൂട്ടിവച്ച് ഒരു കാർ വാങ്ങാൻ ഉപദേശിച്ചവരോട് 'ഒരു നാൾ ഞാൻ വലിയ നടനാവും. അന്ന് കാർ വാങ്ങും, അതു വരെ ആവശ്യത്തിന് നല്ല തുണി വാങ്ങി ഇടട്ടെ' എന്നു മറുപടി നൽകി.
സീരിയലുകളിലെ ചെറിയ വേഷങ്ങൾ ചെയ്താൽ തന്റെ സ്വപ്നമായ സിനിമ നടക്കില്ലെന്ന് കരുതി പിന്നീട് അയാൾ സീരിയലുകളും ടീവി ഷോകളും ചെയ്യേണ്ടെന്ന് തീരുമാനിച്ചു. 1500 രൂപ തരാമെന്ന് പറഞ്ഞ് സീരിയലിന്റെ അണിയറ പ്രവർത്തകർ വീണ്ടും വിളിച്ചെങ്കിലും താൻ പോയില്ല എന്നാണ് യാഷ് പറയുന്നത്. ഒടുവിൽ അയാൾ ആഗ്രഹിച്ചപോലെ വെള്ളിത്തിരയിൽ അവസരം വന്നെത്തി.
ഒരു റോക്കിങ്ങ് സ്റ്റാർ ജനിക്കുന്നു
സീരിയൽ നടനായി ഇരിക്കുമ്പോഴും സിനിമയിൽ ഒരു അവസരത്തിനായുള്ള നിരന്തരമായ ശ്രമത്തിലായിരുന്നു ഈ യുവാവ്. അങ്ങനെ 2007 ജമ്പാടു ഹുഡുകി എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മുഖം കാണിച്ചു. പക്ഷേ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ശശാങ്ക് സംവിധാനം ചെയ്ത 'മോഗിന മനസു'വിലൂടെയാണ് യാഷ് ശ്രദ്ധിക്കപ്പെട്ടത്. ആ ചിത്രത്തിലെ നായിക രാധിക പണ്ഡിറ്റ് പിന്നെ യാഷിന്റെ ജീവിതസഖിയുമായി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് കിട്ടി. പിന്നീട് നവീൻ കുമാറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ആദ്യത്തെ ഒന്നുരണ്ടു ചിത്രങ്ങളിൽ നവീൻകുമാർ ഗൗഡ എന്ന തന്റെ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. അത് ഒരു പഴഞ്ചൻ പേരാണെന്ന് സിനിമക്ക് അകത്തുനിന്ന് സംസാരം വന്നു. അങ്ങനെയാണ് ഒരു പുതിയ പേര് തേടിയത്. അപ്പോഴാണ് തന്നെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന മെൽവിൻ യാഷ് എന്ന പേര് ഓർമ്മവരുന്നത്. എല്ലാവരും അത് അംഗീകരിച്ചു. അങ്ങനെ വീട്ടുകാർ ഇട്ട ഓമനപ്പേര് ആ നടന്റെ തീയേറ്റർ നാമമായി മാറി!
തുടർന്ന് റോക്കി (2008), കല്ലറ സന്തേ (2009), ഗോകുല (2009) എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2010ൽ യാഷിന്റെ ആദ്യത്തെ ഹിറ്റ് പിറന്നു. 'മോദാല ശാല' എന്ന ചിത്രം കന്നഡയിൽ വൻ വിജയമായി. 2011-ൽ രാജധാനി ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചിത്രം. അതേ വർഷം തന്നെ ഇറങ്ങിയ 'കിരാതക' എന്ന ചിത്രവും വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് യാഷിന് നിരൂപക ശ്രദ്ധയും കിട്ടി. തുടർന്ന് ഇറങ്ങിയ യോഗ്രാജ് ഭട്ട് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി 'ഡ്രാമ' വൻ വാണിജ്യ വിജയമായി. 2012ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം.
2013ലെ യാഷിന്റെ ആദ്യ റിലീസായ ഗൂഗ്ലി ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2014ൽ, കൃഷ്ണ സംവിധാനം ചെയ്ത ഗജകേസരിയും വിജയമായി. പക്ഷേ യാഷിന്റെ ബ്ലോക്ക് ബസ്റ്റർ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2015ൽ മിസ്റ്റർ ആൻഡ് മിസിസ് രാമചാരി സാൻഡൽവുഡിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തു. 50 കോടി ക്ലബിലെത്തിയ ആദ്യ കന്നഡ ചിത്രമായി ഇത് മാറി. രാധിക പണ്ഡിറ്റ് തന്നെയായിരുന്നു അതിലെ നായികയും.
ഇങ്ങനെ തുടർച്ചയായുള്ള ബോക്സോഫീസ് വിജയങ്ങളാണ് അദ്ദേഹത്തിന് റോക്കിങ്ങ് സ്റ്റാർ എന്ന പേര് സമ്മാനിച്ചത്. കെജിഎഫ് പോലുള്ള 80 കോടി ബജറ്റ് വരുന്ന ഒരു ചിത്രം കന്നഡ സിനിമക്ക് താങ്ങും എന്ന് നിർമ്മാതാക്കൾക്ക് തോന്നിയതും, യാഷിന്റെ വിജയങ്ങളെ തുടന്നായിരുന്നു. കർണാടകയിലെ റോക്കിങ് സ്റ്റാർ എന്നാണ് നിങ്ങൾ അറിയപ്പെടുന്നത് എന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അൽപ്പം നാണത്തോടെയായിരുന്നു ഈയിടെയും യാഷിന്റെ മറുപടി. ''അതെ അവർ എന്നെ അങ്ങനെ വിളിക്കുന്നു. അത് ആരാധകരുടെ സ്നേഹമാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു. എനിക്ക് ലോക്കൽ ആയും ഒരുപാട് വിളിപ്പേരുകൾ ഉണ്ട്. ആരാധകർ ഷാരൂഖിനെ 'ബാദ്ഷാ' എന്നും സൽമാനെ 'കിങ് ഖാൻ' എന്നും വിളിക്കുന്നതുപോലെ.''- യാഷ് ചൂണ്ടിക്കാട്ടി.
അസാധാരണമായ ഒരു പ്രണയ കഥ
തമിഴകത്ത് രജനീകാന്തും ലതയും പോലുള്ള മാതൃകാ ദമ്പതികളാണ് കന്നഡയിൽ യാഷും ഭാര്യ രാധികയുമെന്നാണ് സിനിമാ മാധ്യമങ്ങൾ പറയുന്നത്. ഒരു രീതിയിലുള്ള ഗോസിപ്പുകൾക്കും, ലൈംഗിക അപവാദങ്ങൾക്കും ഇടകൊടുക്കാത്ത ജീവിതമായിരുന്ന യാഷിന്റെത്. 'ഒരേ ഒരു ആളെ ആത്മാർഥമായി പ്രണയിക്കുക അതിന്റെ സുഖം ഒന്നുവേറെയാണ്' എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നത്.
യാഷിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ രാധികയും ഒപ്പമുണ്ട്. വർഷങ്ങളായി പ്രണയം ഉള്ളിൽ സൂക്ഷിച്ചിട്ടും അവർ അടുത്ത സുഹൃത്തുക്കളായി കാര്യം പുറത്തുപറയാതെ ജീവിച്ചു. രാധിക തന്റെ ഭാഗ്യനായികയാണെന്നാണ് യാഷ് പറയാറുള്ളത്. ''രണ്ടാമത്തെ ചിത്രമായ 'മോഗിന മനസു' എനിക്ക് ഫിലിം ഫെയർ അവാർഡ് നേടിത്തന്നു. നാല് നായകന്മാരും നാല് നായികമാരും ഉണ്ടായിരുന്നിട്ടും ഞാൻ ശ്രദ്ധിക്കപ്പെട്ടു. ആ സിനിമയിലെ നായികമാരിൽ ഒരാളായിരുന്നു എന്റെ ഭാവി ഭാര്യ രാധിക. ടെലിവിഷനിലൂടെയാണ് ഞങ്ങൾ ഒരുമിച്ച് കരിയർ ആരംഭിച്ചത്. പിന്നെ ഞങ്ങൾ ഒരേ സമയം സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യം ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നു. പിന്നെ അത് പ്രണയമായി. ഞങ്ങൾ ഏകദേശം അഞ്ച് വർഷത്തോളം ഡേറ്റിങ് നടത്തി. എനിക്കറിയാമായിരുന്നു അവൾ എനിക്കുള്ളവളാണെന്ന്. കാരണം ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്.''- യാഷ് ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ പ്രണയകാലം ഓർക്കുന്നു.
പരസ്പരം ഇഷ്ടമാണെന്ന് ഇരുവർക്കു അറിയാമായിരുന്നെങ്കിലും വർഷങ്ങളോളം അവർ പുറത്തുപറഞ്ഞില്ല. പക്ഷേ അവസാനം പ്രപ്പോസ് ചെയ്യുന്നത് യാഷ് തന്നെയാണ്. രാധികയുടെ ഒരു ജന്മദിനത്തിനായിരുന്നു അത്. രാധിക ഒരു മാളിൽ സിനിമ കണ്ടുകൊണ്ടിരിക്കക്കേ, കാറിൽ അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ഒക്കെ വാങ്ങി ഒരു ബോക്സിൽവെച്ച് ഒപ്പം ഒരു ലവ് ചിത്രവും വെച്ച് യാഷ് കടന്നുകളഞ്ഞു. രാധികയുടെ മാതാപിതാക്കാൾ കരുതിയത് ഇത് ഏതോ ആരാധകന്റെ പണിയാണെന്നാണ്. എന്നാൽ അത് യാഷ് ആണെന്ന് രാധികയ്ക്ക് അറിയാമായിരുന്നു. പിന്നീട് യാഷ് നേരിട്ട് വിളിച്ച് പ്രണയം പറഞ്ഞു. എന്നാൽ ഏതാണ്ട് എട്ടുമാസത്തോളം ഒരു മറുപടികൊടുക്കാതെ അൽപ്പം കളിപ്പിച്ചാണ് രാധിക 'യെസ്' പറയുന്നത്.
കന്നഡയിലെ ഒരു മാധ്യമത്തിനും ഈ താര പ്രണയത്തിന്റെ വാർത്ത ഗോസിപ്പാക്കാൻ അവർ അവസരം കൊടുത്തില്ല. വിവാഹ നിശ്ചയം 2016 ഓഗസ്റ്റ് 12-ന് ഗോവയിൽ നടന്നപ്പോഴാണ് മീഡിയ വിവരം അറിയുന്നത്. 2016 ഡിസംബർ 9-ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് അവർ വിവാഹിതരായി. ഇന്ന് അവവർക്ക് ഒരു മകളും മകനുമുണ്ട്. തന്റെ എല്ലാ കരുത്തും കടുംബമാണെന്നാണ് യാഷ് പറയുക. യാഷിനെ എല്ലായിപ്പോളും നേർവഴിയിലുടെ നടത്തിയതും രാധിക ആയിരുന്നു. ഇടക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ മദ്യപാനവും മറ്റുമായി അൽപ്പം പിടിവിട്ട അവസ്ഥയിലേക്ക് നീങ്ങിയ യാഷിനെ തിരിച്ചുകൊണ്ടുവന്നതും, ഈ പ്രണയിനി തന്നെയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
കെജിഎഫ് പിറക്കുന്നു
സത്യത്തിൽ കോളാർ ഗോൾഡ് ഫീൽഡ് എന്ന ചുരക്കപ്പേരിലുള്ള കെജിഎഫ് യാഷ് എന്ന നടൻ ഇല്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല. കാരണം 80 കോടി മുടക്കമുതലുള്ള ഈ പടത്തിൽ നിർമ്മാതാവ് വിജയ് കിരാഗന്ദൂർ നോക്കിയത് യാഷിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും, ആ നടൻ അടിക്കടിയുണ്ടാക്കുന്ന ഹിറ്റുകളും ആയിരുന്നു. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് മൂന്ന് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമ്മാതാവായ വിജയ് കിരാഗന്ദൂരിനും നായകൻ യാഷിനുമാണെന്നാണ് സംവിധായകൻ പ്രശാന്ത് നീൽ പറയുന്നു.
ഒരു ചിത്രം കമ്മിറ്റ് ചെയ്താൽ അതിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് ആവുന്നവിധം നന്നാക്കുകയാണ് യാഷിന്റെ രീതി. കെജിഎഫിലെ പല പഞ്ച് ഡയലോഗുകളും യാഷ് തന്നെ എഴുതിയവയാണ്. ''ഞാൻ സെറ്റിൽ നിർമ്മാതാവിനെപ്പോലെയാണ്. പണം പാഴായില്ലെന്ന് ഉറപ്പാക്കും. നിർമ്മാതാക്കൾ ഇക്കാര്യത്തിൽ വളരെ സന്തോഷമാണ്. ഒരു നിർമ്മാതാവ് എന്നോടൊപ്പം അഞ്ച് സിനിമകൾ ചെയ്തു. ഒരിക്കൽ എന്നോടൊപ്പം വർക്ക് ചെയ്തവർ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല''- യാഷ് പകുതി തമാശയായി പറയുന്നു.
ഹോംബാൾ ഫിലിംസ് എന്ന സിനിമാ കമ്പനി 2014-ലാണ് ബംഗളുരു സ്വദേശിയായ വിജയ് കിരാഗന്ദൂർ ആരംഭിക്കുന്നത്. പുനീത് രാജ്കുമാർ ചിത്രം നിന്നിന്താലേ എന്ന സിനിമയൊരുക്കിയായിരുന്നു തുടക്കം. 2015-ൽ യാഷിന്റെ മാസ്റ്റർപീസ്, 2017-ൽ പുനീതിന്റെ രാജകുമാര എന്നിങ്ങനെ വിജയ് എടുത്ത രണ്ടു ചിത്രങ്ങളും വിജയമായിരുന്നു. പക്ഷേ കെജിഎഫ് എന്ന ഒറ്റ സിനിമ കൊണ്ട് ഹോംബാൾ ഫിലിംസും ലോകപ്രശസ്തരായി.
ആദ്യ ചിത്രമായ 'ഉഗ്രം' ചിത്രീകരിക്കുന്ന സമയത്താണ് പ്രശാന്ത് നീൽ എന്ന സംവിധായകൻ കോളാർ ഗോൾഡ് ഫീൽഡിലേക്ക് പോകുന്നത്. അന്ന് അവിടെ വെച്ച് കേട്ട കെജിഎഫിന്റെ ഭൂതകാലത്തിൽ തന്റെ അടുത്ത സിനിമയിലെ നായകനായ റോക്കിയെ അദ്ദേഹം പ്ലേസ് ചെയ്യുകയായിരുന്നു. പക്ഷേ ആദ്യ സിനിമയ്ക്ക് ശേഷം പ്രശാന്ത് നീൽ ഹോംബാൾ ഫിലിംസിൽ ചെന്നത് ഒരു കുടുംബചിത്രം ചെയ്യാനായിരുന്നു. 'ഉഗ്രം' ചെയ്ത ആൾ അല്ലെ, വേറെ ആക്ഷൻ കഥ വല്ലതും ഉണ്ടോ എന്നാണ് അപ്പോൾ നിർമ്മാതാവ് വിജയ് പ്രശാന്തിനോട് ചോദിച്ചത്. 'ആൻഡ്രൂസ് റോക്കിയെ ആദ്യമായി കണ്ടു ഗരുഡനെ കൊല്ലണം' എന്നു പറയുന്ന സീനായിരുന്നു പ്രശാന്ത് കെജിഎഫ് വൺലൈനായി പറഞ്ഞത്. വിജയ് അതിൽ കണ്ടത് ആ സിനിമയുടെ ആഗോള സാധ്യതയായിരുന്നു. അതോടെ പ്രോജക്ടിന് തുടക്കമാകുകയായിരുന്നു.
80 കോടി ബജറ്റിൽ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റർ 250 കോടി നേടി ഏറ്റവുമധികം കളക്ഷൻ നേടുന്ന കന്നട ചിത്രമായി. ഇന്റർനെറ്റ് ഡൗൺലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോർഡ് നേടി.നാല് വർഷങ്ങൾക്കിപ്പുറം കെജിഎഫ് ചാപ്റ്റർ 2 ലൂടെ വിജയചരിത്രമാവർത്തിക്കയാണ്. ഈ പടത്തിന്റെ ആഗോള ആദ്യ ദിന ഗ്രോസ് 200 കോടിയോളം വരുമെന്നാണ് അറിയുന്നത്. ഇതിൽ 64 കോടി ഹിന്ദിയിൽ നിന്നാണെന്നത് ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിൽ കെജിഎഫ് ഉണ്ടാക്കിയ സ്വാധീനത്തെ കാണിക്കുന്നു. കേരളത്തിൽനിന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടാനും കെജിഎഫിനായി, 8 കോടി.
കെജിഎഫിന്റെ മൂന്നാം ഭാഗം അനൗൺസ് ചെയ്തിട്ടുണ്ടെങ്കിലും ഉടനെ തന്നെ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. പ്രഭാസ് നായകനാകുന്ന സലാറാണ് അടുത്ത പ്രശാന്ത് നീൽ ചിത്രം. മലയാളത്തിൽ നിന്ന് പൃഥ്വിരാജും സിനിമയുടെ ഭാഗമാകുന്നുണ്ട്.
എല്ലാം ബാഹുബലി തന്ന പ്രചോദനം
ഇന്ത്യൻ സിനിമയിൽ ഇത് ദക്ഷിണ്യേന്ത്യയുടെ കാലമാണ്. മണിരത്‌നവും, രാംഗോപാൽ വർമ്മയും, പ്രിയദർശനും എ ആർ റഹ്‌മാനുമൊക്കെ കത്തി നിന്ന ആ കാലം വീണ്ടും തിരിച്ചുവരികയാണ്. രാജമൗലിയെയയും, കെജിഎഫിന്റെ സംവിധാകയൻ പ്രശാന്ത് നീലുമൊക്കെ അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തെലുങ്കിൽ ബാഹുബലിയെന്ന ഒറ്റപ്പടത്തോടെ പ്രഭാസ് ഒരു പാൻ ഇന്ത്യൻ നായകനായി. ഇപ്പോൾ അല്ലുഅർജുന്റെ പുഷ്പയും ഓൾ ഇന്ത്യാ ഹിറ്റായി. ഇപ്പോഴിതാ കെജിഎഫിലുടെ യാഷും.
കെജിഎഫ് പോലെയുള്ള ഒരു വലിയ ചിത്രം എടുക്കാൻ തങ്ങൾക്ക് പ്രേരണയായത് ബാഹുബലിയുടെ വിജയമാണെന്ന് യാഷ് സമ്മതിക്കുന്നു. '' രാജമൗലി സാറിന്റെ ബാഹുബലിയിൽ നിന്ന് ഞങ്ങൾ തീർച്ചയായും പ്രചോദിതരാണ്. ഭാഷാപരമായ എല്ലാ തടസ്സങ്ങളും അദ്ദേഹം തകർത്തു. ബാഹുബലിക്ക് ശേഷം ആളുകൾ പ്രാദേശിക സിനിമയെ ഗൗരവമായി കാണാൻ തുടങ്ങി. തുടക്കത്തിൽ, കെജിഎഫ് കന്നഡ ഇതര ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നില്ല. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ കന്നഡ പതിപ്പ് മാത്രം പുറത്തിറക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ പിന്നീട് ബാഹുബലി ഡബ്ബിങ് കണ്ട് കൂടുതൽ പ്രേക്ഷകരെ കിട്ടുമെന്ന് ഞങ്ങൾ ചിന്തിച്ചു. അങ്ങനെ പല ഭാഷകളിലും ഡബ്ബ് ചെയ്യാൻ തീരുമാനിച്ചു.
മറ്റ് ദക്ഷിണേന്ത്യൻ വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കന്നഡ സിനിമാ വ്യവസായത്തോട് ആളുകൾ വിവേചനം കാണിക്കുന്നത് എനിക്കൊരിക്കലും ഇഷ്ടപ്പെട്ടില്ല. കന്നഡ സിനിമാ വ്യവസായത്തിലെ പ്രമുഖനും അഭിമാനിയുമായ ഒരു അംഗമെന്ന നിലയിൽ, ഞങ്ങളൊരു 'ചെറുകിട വ്യവസായമാണെന്ന' ധാരണ മാറ്റാൻ ഞാൻ ആഗ്രഹിച്ചു. ഒരു വ്യവസായവും ചെറുകിടയല്ല. അതിൽ പ്രവർത്തിക്കുന്നവരാണ് അതിനെ വലുതും ചെറുതും ആക്കുന്നത്. കെജിഎഫ് ടീമിലെ ഞങ്ങൾ വലുതായി ചിന്തിച്ചു. കെജിഎഫിനെ സ്‌പെഷ്യൽ ആക്കുന്നതിന് ടീം മുഴുവനും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എനിക്ക് ഒറ്റയ്ക്ക് ക്രെഡിറ്റ് എടുക്കാൻ കഴിയില്ല.''- യാഷ് പറയുന്നു.
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും തന്റെ മാനസഗുരുവായി കാണുന്നത് രാജമൗലിയെ തന്നെയാണ്. കെജിഎഫ് കണ്ട് രാജമൗലി അവരെ പ്രശംസിക്കുകയും ചെയതു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത, ഒരു സാധാരണ കുടുംബത്തിൽനിന്നാണ് യാഷ് വന്നത് എന്നത് തന്നെ ഞെട്ടിച്ചുവെന്നും രാജമൗലി പറഞ്ഞിരുന്നു.
ഒരു പെർഫക്റ്റ് ജന്റിൽമാൻ
യാഷിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. 2009ൽ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നതിനായി ഓട്ടോ ഡ്രെവറായി എത്തിയ യാഷിനെ ഒരു വീഡിയോയിൽ കാണാം. 'കല്ലാറ സന്തെ' എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു ആയിട്ടായിരുന്നു യാഷ് അഭിനയിച്ചത്. അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലെത്തിയാണ് സിനിമ പ്രമോട്ട് ചെയ്യുന്നത്!
ഇന്ന് ഈ 36കാരനെ കാത്ത് കൈ നിറയെ പ്രോജക്റ്റുകളാണുള്ളത്. പ്രതിഫലം ലക്ഷങ്ങളിൽനിന്ന് കോടികളിലേക്ക് ഉയരുന്നു. എന്നിട്ടും അങ്ങേയറ്റം വിനയാന്വിതനാണ് അദ്ദേഹം. ഒരു പെർഫക്റ്റ് ജന്റിൽമാൻ എന്നാണ് സിനിമാ ഫീൽഡിൽ യാഷ് അറിയപ്പെടുന്നത്. കെജിഎഫ് ചാപ്റ്റർ 2വിന്റെ പ്രചാരണാർഥം കൊച്ചിയിൽ എത്തിയ യാഷ് സംസാരിച്ച് തുടങ്ങിയതുതന്നെ, വൈകിയതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു. ബൗദ്ധികമായ ഏറെ ഉയർന്നു നിൽക്കുന്ന മലയാളികൾ തനിക്ക് എവിടെപോയാലും നൽകുന്ന സ്നേഹവും അദ്ദേഹം എടുത്തു പറഞ്ഞു. അവതാരകനായ രാജേഷ് കേശവിനെയടക്കം ആലിംഗനം ചെയ്തുകൊണ്ടുള്ള യാഷിന്റെ തുറന്ന സമീപനവും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
സമൂഹിക വിഷയങ്ങളിൽ ഒന്നും ഇടപെടാതെ ഇൻസ്്റ്റഗ്രാമിൽ ഫോട്ടോകൾ മാത്രം അപ്ലോഡ് ചെയ്ത് ജീവിക്കുന്ന മണ്ണുമായി ബന്ധമില്ലാത്ത താരമല്ല അദ്ദേഹം. 2017 മുതൽ, യാഷ്, സാമൂഹിക സേവന മേഖലയിൽ സജീവമാണ്. തന്റെ നടിയായ ഭാര്യ രാധിക പണ്ഡിറ്റിനൊപ്പം യാഷോ മാർഗ ഫൗണ്ടേഷൻ എന്ന് സംഘടന, വലിയ മാറ്റമാണ് കന്നഡയിലെ ഗ്രാമങ്ങളിൽ ഉണ്ടാക്കുന്നത്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ജലപ്രതിസന്ധി പ്രശ്നമാണ് ഏറ്റവും ഒടുവിലായി ഈ സംഘടന ഏറ്റെടുത്തത്. നാലുകോടി രൂപയിലേറെ മുടക്കി തടാകം ശുദ്ധീകരിച്ചയാണ്, ഈ നടൻ ഒരു നാടിന് കുടിവെള്ളം എത്തിച്ചത്. അതുപോലെ തന്നെ അന്ധമായ കന്നഡ പ്രാദേശിക വാദവും അദ്ദേഹം ഉയർത്തിപ്പിടിക്കുന്നില്ല. '' നാം എല്ലാവരും ഇന്ത്യാക്കാർ തന്നെയല്ലേ. സിനിമക്ക് നാടിനെ ഒന്നിപ്പിക്കാനും കഴിയും. മലയാളിയെന്നോ, തമിഴനെന്നോ, ഹിന്ദിക്കാരനെന്നോ ഉള്ള വ്യത്യാസമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ ഇനിയും ഉണ്ടാവണം.'- യാഷ് ഒരു പ്രമോഷൻ പരിപാടിയിൽ പറഞ്ഞു.
എന്തുകൊണ്ട് ജനം നിങ്ങളെ ഇത്രമേൽ സ്നേഹിക്കുന്നു എന്ന ചോദ്യത്തിനും ഈ റോക്കിങ്ങ് സ്റ്റാർ നൽകിയ മറുപടി ശ്രദ്ധേയമാണ്. ''ശരിക്കും എനിക്കറിയില്ല. ഒരുപക്ഷേ അവർ എന്റെ കഠിനാധ്വാനത്തെ അംഗീകരിച്ചിട്ടുണ്ടാകും. എന്റെ ജീവിതകഥ, ഒരു ഗ്രാമത്തിൽ നിന്നുള്ള എന്റെ യാത്ര അവരെ പ്രചോദിപ്പിക്കുന്നു. ഒരുപാട് പേർ വന്ന് എന്നോട് പറയാറുണ്ട്, ഒരു ഡ്രൈവറുടെ മകനായി യാതൊരു ഗോഡ്ഫാദർമാരും ഇല്ലാതെ നിങ്ങൾ സിനിമയിൽ എത്തിയത് ആർക്കും സ്വപ്നം കാണാനുള്ള അവസരം ഒരുക്കുന്നുവെന്ന്. പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുന്നിടത്തോളം കാലം നിങ്ങൾ എവിടെ നിന്നാണ് വന്നതെന്നോ ആരുടെ മകനാണെന്നോ പ്രശ്നമല്ല.'' കെജിഎഫിൽ നെപ്പോട്ടിസത്തിനെതിരെ പൊരുതിയ റോക്കിയുടെ ഒരു ചെറിയ പതിപ്പ് തന്നെയാണ് വ്യക്തി ജീവിതത്തിൽ ഈ താരമെന്ന് വ്യക്തം.
വാൽക്കഷ്ണം: എന്നായിരിക്കും നമുക്ക് ഇന്ത്യ മുഴുവൻ പ്രദർശിപ്പിക്കുന്ന ഒരു മലയാള ചിത്രം കാണാൻ കഴിയുക. ഒടിടിയിൽ ഇറങ്ങി പാൻ ഇന്ത്യൻ ഹിറ്റായ മിന്നൽ മുരളി പോലുള്ള പടങ്ങൾ തീയേറ്ററുകളിലും ആവർത്തിക്കപ്പെടണം. മരക്കാറിലൂടെ കിട്ടിയ അത്തരത്തിലുള്ള ഒരു അവസരം നാം തുലച്ചുകളഞ്ഞു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയോ, താരം ആരെങ്കിലും ആകട്ടെ, ഒരു മലയാള പടം കെജിഎഫ്പോലെ ഇന്ത്യ മുഴുവൻ തരംഗം തീർക്കുന്ന കാലം വരുമോ?
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ